ന്യൂഡൽഹി
ലോകവിനോദസഞ്ചാര ദിനത്തിൽ പുരസ്‌കാരത്തിളക്കവുമായി കേരള ടൂറിസം. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനാണ് കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് പുരസ്‌കാരം ലഭിച്ചത്. ടൂറിസത്തിലൂടെ സാമൂഹിക,സാമ്പത്തിക, പരിസ്ഥിതി മേഖലകളിൽ നടത്തിയ സുസ്ഥിര, വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങൾ പരിഗണിച്ചാണിത്. ഉത്തരവാദിത്വ ടൂറിസം മിഷനും യു എൻ വിമനും സംയുക്തമായി നടപ്പാക്കുന്ന സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് കാന്തല്ലൂർ.
എട്ടു മാസമായി നടന്ന പരിശോധനകൾക്ക് ഒടുവിലാണ് പ്രഖ്യാപനം. മത്സരത്തിൽ 767 ഗ്രാമങ്ങൾ പങ്കെടുത്തു. കേന്ദ്ര ടൂറിസം സെക്രട്ടറി
വി വിദ്യാവതി പുരസ്‌കാരം സമ്മാനിച്ചു. കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ്, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..