25 April Thursday

അസോസിയറ്റ്‌ പ്രൊഫസർ നിയമനം : ഹൈക്കോടതി വിധിപ്രകാരം നടപടി : കണ്ണൂർ വിസി

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


കണ്ണൂർ
കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയറ്റ്‌ പ്രൊഫസർ നിയമനത്തിൽ ഹൈക്കോടതി വിധിപ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന്‌ വൈസ്‌ ചാൻസലർ  പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ. വിധിക്കെതിരെ അപ്പീൽ പോകില്ല. വിധിപ്പകർപ്പ്‌ സർവകലാശാലയിൽ കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നും  അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർവകലാശാലാ നിയമപ്രകാരമുള്ള നടപടിക്രമങ്ങളാണ്‌ ഇതുവരെ സ്വീകരിച്ചത്‌. കഴിഞ്ഞവർഷം സെപ്‌തംബർ 22നാണ്‌ അസോസിയറ്റ്‌ പ്രൊഫസർ നിയമനത്തിന്‌ വിജ്ഞാപനമിറക്കിയത്‌. നവംബർ 22നാണ്‌ പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച്‌ ഗവർണർക്ക്‌ ലഭിച്ച പരാതി സർവകലാശാലയിലെത്തുന്നത്‌.

ഫാക്കൽറ്റി ഡെവലപ്‌മെന്റ്‌ പ്രോഗ്രാം കാലയളവ്‌ പ്രവൃത്തിപരിചയമായി പരിഗണിക്കാമോ എന്നതിൽ വ്യക്തതവരുത്താൻ ഫെബ്രുവരി രണ്ടിന്‌ യുജിസിക്ക്‌ കത്തയച്ചു. മറുപടി ലഭിക്കാത്തതിനെ തുടർന്ന്‌ അഡ്വക്കറ്റ്‌ ജനറലിനോട്‌ നിയമോപദേശം തേടി. അനുഭവപരിചയമായി കണക്കാക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി എടുത്തു. ജൂലൈ ഏഴിന്‌ പ്രൊവിഷണൽ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. ചുരുക്കപ്പട്ടികയിലുള്ളവരുടെ യോഗ്യത പുനഃപരിശോധിക്കണമെന്ന നിർദേശമാണ്‌ ഹൈക്കോടതി വിധിയിലുള്ളതെന്നാണ്‌ മനസ്സിലാക്കുന്നത്‌. എഫ്‌ഡിപിയും ഡെപ്യൂട്ടേഷനും പ്രവൃത്തിപരിചയമായി കണക്കാക്കിയാണ്‌  കോളേജ്‌ അധ്യാപകർക്ക്‌ അസോസിയേറ്റ്‌ പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ തസ്‌തികകളിലേക്കുള്ള സ്ഥാനക്കയറ്റം നടപ്പാക്കിയിട്ടുള്ളത്‌. ഹൈക്കോടതിവിധി ഗൗരവതരമായ പ്രതിഫലനമുണ്ടാക്കുമെന്നും വിസി പറഞ്ഞു. രജിസ്‌ട്രാർ ഡോ. ജോബി കെ ജോസ്‌, സിൻഡിക്കേറ്റംഗം ഡോ. ടി പി അഷ്‌റഫ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top