27 April Saturday
സുരക്ഷയൊരുക്കുന്നതിൽ വീഴ്‌ച

അക്രമം ആവർത്തിക്കുന്നു; പാഠം പഠിക്കാതെ റെയിൽവേ

സ്വന്തം ലേഖികUpdated: Friday Jun 2, 2023

കണ്ണൂരില്‍ കത്തിച്ച ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ ഫോറന്‍സിക് സംഘം പരിശോധിക്കുന്നു.

കണ്ണൂർ> ട്രെയിനുകൾക്കും യാത്രക്കാർക്കും നേരെ സാമൂഹ്യവിരുദ്ധരുടെയും മറ്റും അക്രമം വൻതോതിൽ വർധിച്ചിട്ടും സുരക്ഷാ നടപടി സ്വീകരിക്കുന്നതിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഗുരുതര വീഴ്‌ച. ഓരോ സംഭവം നടക്കുമ്പോഴും ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ ചാരി ഒഴിഞ്ഞുമാറുകയാണ്‌. എന്തൊക്കെ സംഭവിച്ചാലും റെയിൽവേ അധികൃതർ ഒരു പാഠവും പഠിക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ വ്യാഴാഴ്‌ച പുലർച്ചെ കണ്ണൂരിൽ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിന്റെ ബോഗിക്ക്‌ തീയിട്ട സംഭവം.

ഈ സംഭവത്തിൽ പിടിയിലായ പ്രതി രണ്ട്‌ മാസം മുമ്പാണ്‌ സ്‌റ്റേഷൻ കോമ്പൗണ്ടിൽ കുറ്റിക്കാടിന്‌ തീയിട്ടത്‌. എന്നിട്ടും സാമൂഹ്യവിരുദ്ധർ വരുന്നത്‌ തടയാൻ  നടപടിയില്ല. സുരക്ഷാച്ചുമതലയുള്ള റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്‌ (ആർപിഎഫ്‌)  നോക്കുകുത്തിയായി. യാത്രക്കാർ പ്ലാറ്റ്‌ഫോം മുറിച്ചുകടക്കുന്നതിനും മറ്റും പിഴ ഈടാക്കുന്നതിൽ ഒതുങ്ങുന്നു ഇവരുടെ സേവനം. സേനയ്‌ക്ക്‌ അംഗബലം കുറവെന്ന സ്ഥിരം പല്ലവിയാണ്  മറുപടി. അംഗബലം കൂട്ടാൻ നടപടിയുമില്ല.

റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവി പ്രവർത്തനംപോലും കാര്യക്ഷമമല്ല. കണ്ണൂരിൽ സിസിടിവി ഉണ്ടെങ്കിലും  പ്രവർത്തനക്ഷമമല്ല. തീയിട്ടതുമായി ബന്ധപ്പെട്ട്‌ ഒരു ദൃശ്യം പോലും റെയിൽവേയുടെ സിസിടിവിയിൽ പതിഞ്ഞിട്ടില്ല എന്നത്‌ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി രണ്ട് മണിക്കൂറോളം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒളിച്ചിരുന്നശേഷമാണ് മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെട്ടത്. അതും കൃത്യമായി സിസിടിവിയിൽ പതിഞ്ഞില്ല. അക്രമിയെ പിടികൂടാൻ  ആർപിഎഫിന്‌ കഴിഞ്ഞതുമില്ല. രണ്ട് മാസത്തിനിപ്പുറം അതേ ട്രെയിൻ പെട്രോളൊഴിച്ച് കത്തിച്ചപ്പോഴും ആർപിഎഫ് നോക്കുകുത്തിയായി. പ്രതിയെ പിടികൂടാനോ സാമൂഹ്യ വിരുദ്ധർ സ്‌റ്റേഷൻ കോമ്പൗണ്ടിലും ട്രെയിനിലും കയറുന്നത്‌ തടയാനോ സാധിക്കുന്നുമില്ല.

ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷാക്കാര്യത്തിലും റെയിൽവേ അനാസ്ഥ തുടരുന്നു.   സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം പതിവാണ്‌. ലേഡീസ്‌ കോച്ചുകളിൽപോലും സുരക്ഷയോടെ യാത്ര ചെയ്യാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top