26 April Friday

കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ സമൂഹവിരുദ്ധരുടെ താവളം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കത്തിച്ച ആലപ്പുഴ കണ്ണൂർ–എക്സ്ക്യൂട്ടീവ് എക്സ്പ്രസ്സ് ഡോഗ് സ്‌ക്വാഡ് പരിശോധിക്കുന്നു

കണ്ണൂർ> കണ്ണൂർ റെയിൽവേ സ്‌റ്റേഷനും പരിസരവും സമൂഹവിരുദ്ധരുടെ താവളമായിട്ടും നടപടിയെടുക്കാതെ റെയിൽവേ അധികൃതരും ആർപിഎഫും. മയക്കുമരുന്ന്‌ സംഘവും പിടിച്ചുപറിക്കാരും വിലസുകയാണ്‌ ഇവിടെ. കാടുമൂടിക്കിടക്കുന്ന നാലാം പ്ലാറ്റ്ഫോമിലൂടെയും  ചുറ്റുമതിൽ പോലുമില്ലാത്ത വഴിയിൽ കൂടിയും ആർക്കും റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിലും ട്രാക്കുകളിലും എത്താം. എലത്തൂർ സംഭവത്തിൽ കത്തിയ ഡി വൺ, ഡി ടു കോച്ചുകൾ സീൽ ചെയ്‌ത് സൂക്ഷിച്ച യാർഡിൽ തൊട്ടടുത്ത്‌ നിർത്തിയിട്ട ട്രെയിനാണ് വ്യാഴം പുലർച്ചെ തീയിട്ടത്.  അവിടെ പോലും സുരക്ഷ ഏർപ്പെടുത്തിയിട്ടില്ല. 
 
 പ്രധാന കവാടത്തോട്‌ ചേർന്നുള്ള ഒന്നാം പ്ലാറ്റ്‌ ഫോം പരിസരത്ത്‌ പോലും രാത്രിയായാൽ സധാരണ യാത്രക്കാർക്ക്‌ ഭീതിയോടെ മാത്രമേ നിൽക്കാൻ പറ്റൂ. നഗരഹൃദയത്തിൽ നിർമാണം നിലച്ച റെയിൽവേ ക്വാർട്ടേഴ്‌സ്‌ സമൂഹവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്‌. 2017 മേയിൽ പണി ആരംഭിച്ച റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന്‌ സമീപത്തെ ഈ ക്വാർട്ടേഴ്‌സ്‌ നോക്കുകുത്തിപോലെ  നിൽക്കുകയാണ്‌.  ഇവിടെനിന്ന്‌ ആയുധങ്ങൾ ഉൾപ്പെടെ  പിടികൂടിയിട്ടും റെയിൽവേ അധികൃതർക്ക്‌ കുലുക്കമില്ല.  
 
 കിഴക്കെ കവാടം ഉൾപ്പെടെ പലഭാഗത്തും രാത്രിയായാൽ  യാത്രക്കാർക്ക്‌   ഒറ്റയ്‌ക്ക്‌ നടക്കാൻ കഴിയില്ല.  വ്യാഴം പുലർച്ചെ ട്രെയിനിന്‌ തീയിട്ട പ്രതിയും സ്‌റ്റേഷൻ പരിസരത്തെ സ്ഥിരം ശല്യക്കാരനാണ്‌. രണ്ട്‌ മാസം മുമ്പ്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ കുറ്റിക്കാട്ടിൽ തീയിട്ടതാണ്‌. അന്ന്‌ മനോനില തെറ്റിയ ആൾ എന്ന്‌ വിശേഷിപ്പിച്ച്‌ റെയിൽവേ അധികൃതർ പറഞ്ഞുവിടുകയായിരുന്നു.  കഴിഞ്ഞ ദിവസവും ഈ പ്രതിയും സുരക്ഷാ ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായതായും പറയുന്നു. എന്നിട്ടും റെയിൽവേ അധികൃതരോ ആർപിഎഫോ ഒരു നടപടിയും എടുത്തില്ല. ഇത്തരക്കാർ സ്‌റ്റേഷൻ കോമ്പൗണ്ടിൽ കയറുന്നത്‌ തടയാനും തയ്യാറാകുന്നില്ല.
 
ട്രെയിൻ തീവയ്‌പ്പ്‌ സമഗ്ര അന്വേഷണം വേണം: എം വി ജയരാജൻ
 
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ അഗ്നിക്കിരയാക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. റെയിൽവേയുടെ സുരക്ഷാ ചുമതലയ്‌ക്കായിട്ടാണ് കേന്ദ്രസർക്കാർ റെയിൽവേ സംരക്ഷണസേന രൂപീകരിച്ചത്. കേന്ദ്രസർക്കാരിന്റെ പൂർണമായ പരാജയമാണ് അടിക്കടിയുണ്ടാകുന്ന തീപിടിത്തവും യാത്രക്കാർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും. എലത്തൂർ സംഭവത്തിന്റെ ഞെട്ടലിൽനിന്ന് നാട് മാറിയിട്ടില്ല.  
 
റെയിൽവേയുടെ സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന ബിജെപി നേതാക്കളുടെ പ്രതികരണം അവരെ പരിഹാസ്യരാക്കി തീർക്കുന്നു. എന്തിനും ഏതിനും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന ശീലംകൊണ്ടാണ് കാളപെറ്റെന്ന് കേട്ടപ്പോൾ  കയറെടുക്കുംപോലെ കേരള പൊലീസിനെ ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയത്. കേസ് ഫലപ്രദമായി അന്വേഷിക്കലാണ് കേരളാ പൊലീസിന്റെ ജോലി. ആ ജോലി എലത്തൂരിൽ ദിവസങ്ങൾക്കകം പ്രതിയെ പിടികൂടി സ്‌തുത്യർഹ്യമായി കേരളാ പോലീസ് നിർവഹിച്ചു. അതുപോലെ കണ്ണൂരിൽ ഒരാളെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. എന്നിട്ടും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ചവരാണ്. 
 
ആർപിഎഫിലും റെയിൽവേ സർവീസിലും ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയാണ് ബിജെപി നേതാക്കൾ ചെയ്യേണ്ടത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷയ്‌ക്കാവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും സംഭവസ്ഥലം സന്ദർശിച്ചശേഷം എം വി ജയരാജൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top