01 October Sunday

കണ്ണൂരിൽ ട്രെയിനിൽ തീവയ്‌പ്‌: ഒരാൾ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


കണ്ണൂർ
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിക്ക്‌ തീയിട്ട സംഭവത്തിൽ ഒരാൾ  ടൗൺ പൊലീസിന്റെ കസ്‌റ്റഡിയിൽ. ഇതരസംസ്ഥാനക്കാരനായ ഇയാളുടെ വിശദാംശം പൊലീസ്‌ വെളിപ്പെടുത്തിയിട്ടില്ല. വ്യാഴം പുലർച്ചെ ഒന്നോടെയാണ്‌ സ്‌റ്റേഷൻ യാർഡിൽ നിർത്തിയിട്ട കണ്ണൂർ –- ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിൽ കയറി ബോഗിക്ക്‌ തീയിട്ടത്‌. ട്രെയിനിന്റെ വാതിൽ കല്ലുകൊണ്ട്‌ കുത്തിത്തുറന്ന്‌ അകത്തുകടന്ന്‌ സീറ്റിന്റെ റക്‌സിൻ കുത്തിക്കീറിയശേഷം ചകിരിക്ക്‌ തീയിടുകയായിരുന്നു. രണ്ടുമാസംമുമ്പ്‌ എലത്തൂരിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ തീവയ്‌പുണ്ടായതും ഇതേ ട്രെയിനിലാണ്‌.

നിമിഷനേരംകൊണ്ട്‌ തീ ആളിപ്പടർന്നു. ഒരു ബോഗി കത്തിനശിച്ചു.  ബോഗിയിലെ ശുചിമുറിയിലെ കണ്ണാടിയും വാഷ്‌ ബേസിനും തകർത്തിട്ടുണ്ട്‌.  തീയിടാൻ  പെട്രോളോ മറ്റ്‌ രാസപദാർഥങ്ങളോ ഉപയോഗിച്ചില്ലെന്നാണ്‌ ഫോറൻസിക്‌ പരിശോധനയിലെ പ്രാഥമിക നിഗമനം.  രണ്ടുമാസം മുമ്പ്‌ സ്‌റ്റേഷൻ പരിസരത്തെ കുറ്റിക്കാടിന്‌ തീയിട്ടയാളാണ്‌ കസ്‌റ്റഡിയിലുള്ളതെന്ന്‌ സൂചനയുണ്ട്‌.  . സ്‌റ്റേഷൻ പരിസരത്തെ ബിപിസിഎൽ ഇന്ധന സംഭരണശാലയിലെ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ഒരാൾ സംശയാസ്‌പദ  സാഹചര്യത്തിൽ ഷർട്ടിടാതെ പാളത്തിലൂടെ നടന്നുപോകുന്നത്‌ സംഭരണശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടിരുന്നു. കസ്‌റ്റഡിയിലുള്ളയാൾ തന്നെയാണ്‌ ഇതെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുമുണ്ട്‌. ട്രെയിനിലെ വിരലടയാളവും ഇയാളുടെതാണ്‌.

മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാനായത്‌ കേരള പൊലീസിന്റെ അന്വേഷണ മികവാണ്‌. രണ്ടുമാസം മുമ്പ്‌ മൂന്നുപേരുടെ മരണത്തിനിടയാക്കിയ എലത്തൂരിൽ ട്രെയിനിൽ തീയിട്ട സംഭവവുമായി ബന്ധമുണ്ടോ എന്ന സംശയം ചില കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു.  സംഭവത്തിൽ ഡൽഹി സ്വദേശി ഷാരൂഖ്‌ സെയ്‌ഫി എൻഐഎ കസ്‌റ്റഡിയിലാണ്‌. ആ പ്രതിയെയും കേരള പൊലീസ്‌ പിടികൂടി എൻഐഎക്ക്‌ കൈമാറുകയായിരുന്നു.  എൻഐഎ അന്വേഷണം തുടരുകയാണെങ്കിലും കേരള പൊലീസ്‌ അന്വേഷിച്ചിടത്തുനിന്നും ഒട്ടും മുന്നോട്ടുപോയിട്ടില്ല.

എൻഐഎ 
വിവരങ്ങൾ ശേഖരിക്കും
കണ്ണൂരിൽ വ്യാഴം പുലർച്ചെ കണ്ണൂർ–--ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിലുണ്ടായ തീപിടിത്തത്തെക്കുറിച്ച്‌ എൻഐഎ കൂടുതൽ വിവരങ്ങൾ ശേഖരിക്കും. കോഴിക്കോട്‌ എലത്തൂർ ട്രെയിൻ തീവയ്‌പ് കേസ്‌ അന്വേഷിക്കുന്ന എൻഐഎ സംഘമാണ്‌ ഇതേക്കുറിച്ച്‌ വിവരം ശേഖരിക്കുന്നത്‌.
വിവരങ്ങൾ ശേഖരിക്കുന്നതിന്‌ പ്രത്യേക സംഘത്തെ എൻഐഎ കണ്ണൂരിലേക്ക്‌ അയച്ചു.

എലത്തൂർ ട്രെയിൻ തീവയ്‌പ് കേസ്‌ വ്യാഴാഴ്‌ച എൻഐഎ കോടതിയിൽ എത്തിയപ്പോൾ എൻഐഎ അഭിഭാഷകൻ കണ്ണൂരിലെ തീപിടിത്തത്തെക്കുറിച്ച്‌ പരാമർശിച്ചെങ്കിലും കോടതി കൂടുതൽ വിവരങ്ങൾ ആരാഞ്ഞില്ല. എലത്തൂർ ട്രെയിൻ തീവയ്‌പ് കേസ്‌ പ്രതി ഷാറൂഖ്‌ സെയ്‌ഫിയുടെ റിമാൻഡ്‌ കാലാവധി കോടതി 14 ദിവസംകൂടി നീട്ടി.

ഷാറൂഖ്‌ സെയ്‌ഫിയുടെ മാനസിക–-ശാരീരികനിലയെക്കുറിച്ച്‌ പഠനം നടത്താൻ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ പ്രാഥമിക റിപ്പോർട്ട്‌ ബുധനാഴ്‌ച എൻഐഎ കോടതിയിൽ സമർപ്പിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ നാല്‌ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ്‌ മെയ്‌ 30നാണ്‌ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെത്തി ഷാറൂഖ്‌ സെയ്‌ഫിയെ പരിശോധിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top