23 April Tuesday

വണ്ടിയേതായാലും ശ്രീഷ്‌മ റെഡിയാണ്‌

കെ പ്രിയേഷ്‌Updated: Wednesday Mar 15, 2023

ശ്രീഷ്മ

മയ്യിൽ> ടിപ്പർ ലോറിയെടുക്കുന്ന പെണ്ണോ എന്ന്‌ നെറ്റിചുളിക്കുന്നവരോട്‌ ഇതൊക്കെയെന്ത്‌ എന്ന ഭാവമാണ്‌ ശ്രീഷ്‌മയ്‌ക്ക്‌. എൻജിനിയറിങ്‌ ബിരുദധാരിയെങ്കിലും ഒരു റൂട്ടിലെ സ്ഥിരം ബസ്‌ ഡ്രൈവറാകണമെന്നതാണ്‌ തന്റെ ആഗ്രഹമെന്ന്‌ പറയുന്നത്‌  കേട്ടാലറിയാം വണ്ടിപ്രാന്തിന്റെ കടുപ്പം. 
 
ചെറുപ്രായം മുതൽ വീട്ടുമുറ്റത്ത്‌ വലുതും ചെറുതുമായ വാഹനങ്ങൾ കണ്ടുവളർന്ന മയ്യിൽ നിരന്തോട്ടെ  ശ്രീഷ്‌മയുടെ ആഗ്രഹങ്ങൾക്ക്‌ വാഹനങ്ങളേക്കാൾ വലുപ്പമായിരുന്നു.  അഞ്ചാം ക്ലാസ് മുതൽ ഡ്രൈവിങ് പരിശീലനം നേടിയ ശ്രീഷ്‌മ‌ വളരെപെട്ടെന്നുതന്നെ വളയം വരുതിയിലാക്കി. എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ഉടൻ തെരഞ്ഞെടുത്തത് ടിപ്പർ ലോറിയിലെ  ഡ്രൈവർ ജോലിയാണ്. 18 വയസിൽ ഡ്രൈവിങ്‌ ലൈസൻസും 21 ൽ ഹെവി ലൈസൻസും നേടിയ ശ്രീഷ്മയ്‌ക്ക് ബൈക്കും ബസും ജെസിബിയുമെല്ലാം ഇപ്പോൾ ‘കളിവണ്ടി’കളാണ്‌.
 
ജില്ലിയും സിമന്റും ചെങ്കല്ലുമൊക്കെയായി എതു റോഡിലും സാഹസികമായി ലോറിയുമായെത്തുന്ന ശ്രീഷ്മ നാട്ടിലെ താരമാണ്. കോവിഡ്  ലോക്ക്ഡൗണിലാണ് ശ്രീഷ്മയിലെ ഡ്രൈവറെ നാട്ടിൻപുറത്തെ ജനതയറിഞ്ഞുതുടങ്ങിയത്. മാതമംഗലത്തെ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ ശ്രീഷ്മ മയ്യിലെ സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയറാണ്. ഈ ജോലിക്കിടയിലും ഒഴിവു ദിവസങ്ങളിൽ അച്ഛനെ സഹായിക്കാൻ വണ്ടിയുമെടുത്തിറങ്ങും.   നിരന്തോട്ടെ എസ് എൻ നിവാസിൽ ബിസിനസുകാരനായ ചിറ്റൂടൻ പുരുഷോത്തമന്റെയും കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്കൂൾ അധ്യാപിക ചെമ്പൻ ശ്രീജയുടെയും മകളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top