19 April Friday

കത്തിയ കാറിലെ കുപ്പിയിൽ ഉണ്ടായിരുന്നത് പെട്രോളല്ല, കുടിവെള്ളം; വിശദീകരണവുമായി ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

കണ്ണൂർ > കണ്ണൂരില്‍ വ്യാഴാഴ്‌ച രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കത്തിയ കാറിലെ കുപ്പികളില്‍ സൂക്ഷിച്ചിരുന്നത് കുടിവെള്ളമെന്ന് മരിച്ച റീഷയുടെ അച്ഛന്‍ കെ കെ വിശ്വനാഥൻ. കാറിൽനിന്ന് രണ്ട് പെട്രോൾ കുപ്പികൾ കണ്ടെടുത്തുവെന്ന് റിപ്പോർട്ടുകൾ ശരിയല്ല. ആശുപതിയിൽ അഡ്‌മിറ്റാകാൻ പോകുന്നതിനാൽ രണ്ട് കുപ്പികളിൽ വെള്ളം കരുതിയിരുന്നു. ആ കുപ്പികളുടെ അവശിഷ്‌ടങ്ങളാകാം കണ്ടെത്തിയതെന്നും വിശ്വനാഥൻ പറഞ്ഞു. മകൾ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങൾ കരുതിയിരുന്നു. വേറെയൊന്നും കാറിൽ ഉണ്ടായിരുന്നില്ല. പെട്രോൾ എന്തിന് കുപ്പിയിൽ നിറച്ച് കാറിൽ വെക്കണം. വഴിയിൽ എത്ര പെട്രോൾ പമ്പുകളുണ്ട്. വീട്ടിനടുത്തും പമ്പുണ്ടെന്നും വിശ്വനാഥൻ പറഞ്ഞു.

വ്യാഴാഴ്ച്ച ഉണ്ടായ അപകടത്തെപ്പറ്റിയും വിശ്വനാഥൻ വിശദീകരിച്ചു.അഗ്നിരക്ഷാസേനാ ഓഫീസിന് മുന്നിലെത്തിയപ്പോൾ കാറിൽ എന്തോ കരിഞ്ഞമണമുണ്ടായി. പെട്ടെന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽനിന്ന് തീ ഉയരുകയായിരുന്നു. ഉടൻ കാർ നിർത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. പിൻസീറ്റിലിരുന്ന ഞങ്ങൾ ഒരുവിധം ചാടിയിറങ്ങുമ്പോഴേക്കും കാറിനുള്ളിൽ തീപിടിച്ചിരുന്നു. മുന്നിലിരുന്ന രണ്ടുപേർക്കും ഇറങ്ങാൻ സാധിച്ചില്ല. എത്ര ശ്രമിച്ചിട്ടും വാതിൽ തുറന്നുകൊടുക്കാൻ ഞങ്ങൾക്കും സാധിച്ചില്ല എന്നും വിശ്വനാഥൻ പറഞ്ഞു.

അപകടത്തിൽ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top