24 April Wednesday

വിദേശ വിമാന കമ്പനികൾക്ക്‌ അനുമതി നൽകുന്നില്ല; കണ്ണൂർ വിമാനത്താവളത്തോട്‌ അവഗണന തുടർന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കണ്ണൂർ > കണ്ണൂർ വിമാനത്താവളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിദേശ വിമാന കമ്പനികൾക്ക് സർവീസിന് അനുമതി നൽകുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്   വ്യാഴം രാവിലെ 10ന്‌ മട്ടന്നൂരിൽ ബഹുജന സദസ്‌ സംഘടിപ്പിക്കുമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂരിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന പ്രതീക്ഷയുമായി ആരംഭിച്ച വിമാനത്താവളം  4 വർഷം പിന്നിട്ടിട്ടും പിന്നാക്കാവസ്ഥ തുടരുകയാണ്‌.  കണ്ണൂർ വിമാനത്താവളം ഉത്തരമലബാർ, കുടക് മേഖലകളിലെ ജനങ്ങളുടെ ചിരകാല ആഗ്രഹമായിരുന്നു. മേഖലയിലെ പതിനായിരങ്ങൾ വിദേശത്തും ഇന്ത്യയുടെ പലഭാഗങ്ങളിലുമായി ജോലിചെയ്യുന്നുണ്ട്. വിദേശ വിമാന കമ്പനികൾക്ക് സർവീസിന് അനുമതി നൽകിയാൽ മാത്രമേ വിമാനത്താവളത്തിന്റെ വികസനം പൂർണമാകുകയുള്ളൂ. എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻറോ എയർ, സിൽക്ക് എയർ, ഫ്ളൈ ദുബായ്, സൗദിയ എയർലൈൻസ്, എത്തിഹാദ് തുടങ്ങിയ വിദേശ വിമാന കമ്പനികൾ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാരിന്‌  നിഷേധ നിലപാടാണ്.
 
കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യത പരിഗണിച്ച്‌ കാർഗോ കോംപ്ലക്സും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ, അതിനാവശ്യമായ നടപടികളും സ്വീകരിച്ചില്ല. കണ്ണൂരിൽനിന്ന്‌ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം നേരിട്ടുള്ള സർവീസുകൾ അനുവദിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്. അത് അനുവദിക്കാത്തതുകൊണ്ടാണ് കണ്ണൂരിലേക്ക് വരേണ്ടവർ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്നത്. ഈ അവഗണനയ്‌ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നുവരണമെന്ന്‌ നേതാക്കൾ അഭ്യർഥിച്ചു.
 
ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ,  ജോയി കൊന്നക്കൽ. വി കെ ഗിരിജൻ, ഇ പി ആർ വേശാല, എ സുരേശൻ, കെ സി ജേക്കബ്, ഹമീദ് ചെങ്ങളായി, കെ പി അനിൽ കുമാർ, ജോസ് ചെമ്പേരി, സി വത്സൻ,  പി പി ആനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top