24 April Wednesday

ഷാള്‍ കുരുക്കി അനുമോളുടെ മരണം ഉറപ്പാക്കി; മരിക്കും മുമ്പ്‌ വെള്ളവും കൊടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
കട്ടപ്പന> കാഞ്ചിയാറിൽ ബിജേഷ്‌, ഭാര്യ വത്സമ്മയെ (അനുമോൾ) ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്താനുള്ള തയ്യാറെടുപ്പുകൾ നടത്തി. ഇതിനിടെ സ്വയം ജീവനൊടുക്കാനുള്ള രണ്ട് ശ്രമങ്ങളും ഉപേക്ഷിച്ചു. തുടർന്നായിരുന്നു ഭാര്യ നാടുവിട്ടുപോയെന്ന് വിശ്വസിപ്പിക്കാനുള്ള തിരക്കഥ മെനയാൻ  നീക്കം നടത്തിയത്‌. ചോദ്യം ചെയ്യലിൽ പ്രതിയുടെ പല വെളിപ്പെടുത്തലുകളും അന്വേഷണ സംഘത്തെ ഞെട്ടിച്ചു.
 
എഫ്‌സി കോൺവന്റിന്റെ കീഴിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായ വത്സമ്മ(അനുമോൾ–-27) സ്‌കൂൾ വാർഷികത്തിന്റെ ഒരുക്കങ്ങൾക്ക് ശേഷം 17ന് രാത്രി എട്ടോടെയാണ് മകൾ അൽനമരിയയ്‌ക്കൊപ്പം വീട്ടിലെത്തിയത്. വനിതാസെല്ലിൽ പരാതി നൽകിയതിനെച്ചൊല്ലി വീട്ടിൽ വാക്കുതർക്കമുണ്ടായി. മകൾ ഉറങ്ങാൻ കാത്തുനിന്ന പ്രതി 9.30 ഓടെ, കസേരയിലിരുന്ന് എഴുതുകയായിരുന്ന വത്സമ്മയുടെ കഴുത്തിൽ കൈയിൽ കരുതിയിരുന്ന ഷാൾ രണ്ടുതവണ ചുറ്റി ശ്വാസം മുട്ടിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞ വത്സമ്മ പിന്നിലേക്ക് മറിഞ്ഞ് തലയിടിച്ച് വീണു. ഷാൾ ഉപയോഗിച്ചുതന്നെ തറയിലൂടെ വലിച്ചിഴച്ച് അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. വീണ്ടും പലതവണ ഷാൾ കഴുത്തിൽ മുറുക്കി. ശ്വാസം കിട്ടാതെ പിടഞ്ഞ യുവതിക്ക് വെള്ളവും കൊടുത്തു. വൈകാതെ മരിച്ചെന്നു ഉറപ്പാക്കി മൃതദേഹം കട്ടിലിൽ കിടത്തി. ഇതിനുശേഷമാണ് ആത്മഹത്യയാണെന്നു വരുത്താൻ ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ ഇടത് കൈത്തണ്ട മുറിച്ചത്. തുടർന്ന് പ്രതിയും കൈത്തണ്ട മുറിക്കാൻ ശ്രമിച്ചെങ്കിലും പിൻവാങ്ങി. വത്സമ്മയെ കൊല്ലാൻ ഉപയോഗിച്ച അതേ ഷാൾ മുറിയിലെ ജനാലയിൽ കെട്ടി ബിജേഷ് ജീവനൊടുക്കാനുള്ള ശ്രമവും ഉപേക്ഷിച്ചു. യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്യുകയും ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് മകൾക്കൊപ്പം മറ്റൊരുമുറിയിൽ ഉറങ്ങി.
 
രാവിലെ ബിജേഷിന്റെ വസ്ത്രങ്ങളും ഷാളും ഉപയോഗിച്ച് മുറിയും വൃത്തിയാക്കിയ ശേഷം കത്തിച്ചുകളഞ്ഞു. തുടർന്ന് മൃതദേഹം പുതപ്പിനുള്ളിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നാലെ മാതാപിതാക്കളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് വത്സമ്മ രാവിലെ വീട്ടിൽ നിന്നുപോയതായി പറഞ്ഞു. വിവരമറിഞ്ഞ് ബീജേഷിന്റെ മാതാപിതാക്കൾ സ്ഥലത്തെത്തി മകൾ അൽനമരിയയെ കൽത്തൊട്ടിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി.തുടർന്നുള്ള ദിവസങ്ങളിലാണ് വത്സമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച് നാടുവിട്ടതായി വരുത്തിതീർത്തത്. 19ന് രാവിലെ യുവതിയുടെ മൊബൈൽ മറ്റൊരാൾക്ക് വിറ്റു. പേഴുംകണ്ടത്തെ വീട്ടിലെത്തിയ വത്സമ്മയുടെ മാതാപിതാക്കൾ മൃതദേഹം ഒളിപ്പിച്ചിരുന്ന മുറിയിൽ കയറിയപ്പോൾ കുടുംബചിത്രം എടുത്തുനൽകി തന്ത്രത്തിൽ പിന്തിരിപ്പിച്ചു. തുടർന്നാണ് യുവതിയെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകിയത്.
 
21ന് രാവിലെ കാഞ്ചിയാറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ആഭരണങ്ങൾ പണയപ്പെടുത്തി കിട്ടിയ 11,000 രൂപയുമായി കട്ടപ്പനയിലെത്തി 10.30 ഓടെ സ്വകാര്യ ബസിൽ കുമളിയിലും അവിടെ നിന്ന് കമ്പത്തേയ്ക്ക് കടക്കുകയായിരുന്നു. കാഞ്ചിയാറിൽ വത്സമ്മയുടെ സിം കാർഡും കുമളിയിൽ ബിജേഷിന്റെ ഫോണും ഉപേക്ഷിച്ചു. തൃച്ചി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അഞ്ച് ദിവസത്തോളം ചുറ്റിക്കറങ്ങി. മദ്യപിച്ച് പണം മുഴുവൻ തീർന്നതോടെയാണ് ആരെയെങ്കിലും ബന്ധപ്പെട്ട് പണം സംഘടിപ്പിക്കാമെന്ന ഉദ്ദേശത്തോടെ ഞായർ പുലർച്ചെ അഞ്ചോടെ കുമളിയിലെത്തിയതും പൊലീസ്‌ വലയിലാകുന്നതും. 
 
ആ അജ്ഞാത ഫോൺ കോൾ 
 
വത്സമ്മയുടെ മൃതദേഹം കണ്ടെത്തിയ 21ന് വൈകിട്ടോടെ അമ്മ ഫിലോമിനയുടെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു. ''നിങ്ങൾ വീടിനുള്ളിൽ മുഴുവൻ തിരഞ്ഞിരുന്നോ? കട്ടിലിനടിയിൽ നോക്കിയിരുന്നോ?'' തുടങ്ങിയ ചോദ്യങ്ങളാണ് വിളിച്ചയാൾ ചോദിച്ചത്. പെട്ടെന്നുതന്നെ കോൾ കട്ടായി. തുടർന്നാണ് ഇവർ പേഴുംകണ്ടത്തെ വീട്ടിലെത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top