24 April Wednesday

ആർഎസ്എസിനായുള്ള രാഷ്ട്രീയ ദാസ്യവേല : കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022


തിരുവനന്തപുരം
ആർഎസ്എസിനായുള്ള രാഷ്ട്രീയ ദാസ്യവേലയാണ് ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ആവർത്തിക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സമാന്തര സർക്കാരിനെപ്പോലെ സംഘപരിവാർ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുകവഴി സർക്കാരിനെ ദുർബലപ്പെടുത്താനാണ്‌ നോട്ടമെന്നും കാനം പ്രസ്‌താവനയിൽ പറഞ്ഞു.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിർണായക തെളിവുകൾ പുറത്തുവിടാനെന്നപേരിൽ രാജ്ഭവനിൽ നടത്തിയ അസാധാരണ വാർത്താസമ്മേളനം രാഷ്ട്രീയ പ്രസംഗത്തിലൊതുങ്ങി. സംഘപരിവാറിന്റെ നാവായി, രാഷ്ട്രീയ ലക്ഷ്യത്തോടെ അബദ്ധജഡിലമായ കാര്യങ്ങളല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്‌ സർക്കാരിനെതിരെ പറയാനായില്ല. രാജ്ഭവനിൽ നടത്തിയത് പച്ചയായ കീഴ്‌വഴക്കലംഘനമാണ്‌.
കണ്ണൂരിലെ ചരിത്ര കോൺഗ്രസിലെ ചരിത്രവിരുദ്ധ പരാമർശങ്ങൾക്കെതിരായ സ്വാഭാവിക പ്രതിഷേധങ്ങളെ ആസൂത്രിത അക്രമമാക്കിമാറ്റാനുള്ള ഗൂഢശ്രമത്തിലാണ്‌ ഗവർണറും സംഘപരിവാറും. നിയമനിർമാണസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടില്ലെന്ന് പരസ്യപ്രസ്താവന നടത്തുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ കൈമാറിയ രഹസ്യസ്വഭാവമുള്ള കത്തുകൾ പരസ്യപ്പെടുത്തുന്നു. സ്വയം അധികാരം കൽപ്പിച്ചു പ്രവർത്തിക്കുന്നു. ഇതെല്ലാം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. നിയമനിർമാണസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടുക ഗവർണറുടെ ബാധ്യതയാണ്.

സർവകലാശാലകളുടെ പ്രവർത്തനവും നിയമനിർമാണസഭ പാസാക്കുന്ന ബില്ലുകളുടെ സ്വഭാവവും രാഷ്ട്രീയ നേതൃത്വത്തിന്റെ പെരുമാറ്റവുമൊക്കെ തീരുമാനിക്കാൻ ഗവർണർ ശ്രമിച്ചാൽ ജനാധിപത്യവിശ്വാസികളിൽനിന്ന്‌ കനത്ത പ്രതിരോധം നേരിടേണ്ടിവരും.  ഭരണഘടന പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും  ഇതിനുകാരണം ഗവർണറുടെ രാഷ്ട്രീയ പക്ഷപാതിത്വമാണെന്നും കാനം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top