20 April Saturday

വെള്ളപ്പൊക്കമോ, പേടിയൊക്കെ പണ്ട്‌; പനമരത്ത്‌ പ്രളയത്തെ അതിജീവിക്കുന്ന വീടുകളൊരുക്കി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

പനമരം കൊളത്താറയിൽ നിർമാണം പൂർത്തിയായ പ്രളയത്തെ അതിജീവിക്കുന്നതരത്തിലുള്ള വീട്‌

കൽപ്പറ്റ > പുഴവെള്ളം കയറിയാലും പനമരം കൊളത്താറ കോളനിയിലുള്ളവർക്ക്‌ ഇനി പേടിക്കേണ്ട. പ്രളയത്തെ അതിജീവിക്കുന്ന ആലപ്പുഴ മോഡൽ വീടുകളൊരുക്കി ഇവിടെയുള്ള 11 കുടുംബങ്ങളെ ചേർത്തുപിടിക്കുകയാണ്‌ സർക്കാർ.  രണ്ട്‌ മീറ്ററോളം ഉയരത്തിൽ പില്ലർ വാർത്ത്‌ അതിന്‌ മുകളിലാണ്‌ അതിമനോഹരമായ വീടുകൾ നിർമിച്ചിരിക്കുന്നത്‌.  ഒമ്പത്‌ പില്ലറും  ബീമും സ്ലാബും  വാർത്ത്‌ നല്ല ഉറപ്പിലാണ്‌  നിർമാണം.  ജില്ലയിൽ ആദ്യമായാണ്‌ ആദിവാസി വിഭാഗത്തിന്‌ സർക്കാർ ഇത്തരത്തിലുള്ള വീടുകൾ നിർമിക്കുന്നത്‌.
 
പ്രളയഭീഷണിയുള്ള മറ്റിടങ്ങളിലും നിർമിക്കാവുന്ന മാതൃകയാണിത്‌.  സാധാരണരീതിയിൽ ചെങ്കല്ലുകൊണ്ടുതന്നെയാണ്‌ ചുമർ. മുൻഭാഗത്തുനിന്നും  പിറകിൽ അടുക്കളഭാഗത്തുനിന്നും മുറ്റത്തേക്കിറങ്ങാൻ സ്‌റ്റീൽകൊണ്ടുള്ള ഗോവണിപ്പടിയും ഉണ്ടാക്കിയിട്ടുണ്ട്‌.   ഓട്‌ മേഞ്ഞതാണ്‌ മേൽക്കൂര. രണ്ട്‌ മുറിയും അടുക്കളയും ടോയ്‌ ലറ്റും ടൈലിട്ട്‌ മനോഹരമാക്കി. വീടിന്‌ അടിഭാഗത്ത്‌ വളർത്തുമൃഗങ്ങളെയോ കോഴികളെയോ  വളർത്താനും വിറകുപുരയായുമൊക്കെ ഉപയോഗിക്കാനാവുമെന്നതും  ഇത്തരം വീടുകളുടെ പ്രത്യേകതയാണ്‌.  ആറുലക്ഷം രൂപ ചെലവിൽ ജില്ലാ നിർമിതി കേന്ദ്രയാണ്‌ നിർമാണം നടത്തിയത്‌.
 
‘‘ഇവിടെയുള്ള കുടുംബങ്ങളെ മറ്റിടത്തേക്ക്‌ പുനരധിവസിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നു.  എന്നാൽ അത്യാവശ്യം കൃഷിയൊക്കെചെയ്‌ത്‌ ജീവിക്കുന്ന കുടംബങ്ങളായിരുന്നതിനാൽ സ്ഥലംമാറാൻ അവർക്ക്‌ മടിയുണ്ടായിരുന്നു. അതിനാലാണ്‌ ഇത്തരത്തിലുള്ള വീടുകൾ നിർമിക്കാനുള്ള ആലോചന നടത്തിയതെന്ന്‌ മാനന്തവാടി ടിഡിഒ പ്രമോദ്‌ പറഞ്ഞു.  കോഴിക്കോട്‌ എൻഐടി നടത്തിയ പഠനത്തിൽ ഈ രീതിയിലുള്ള വീടുകൾ നിർദേശിച്ചിരുന്നു. പനമരം പുഴ കരകവിയുമ്പോൾ കൊളത്താറ കോളനിയിലെ വീടുകൾ വെള്ളത്തിലാവുന്നത്‌ പതിവായിരുന്നു.  കഴിഞ്ഞ രണ്ട്‌ പ്രളയത്തിലും ഇവിടെയുള്ള വീടുകളുടെ  ജനൽപൊക്കത്തിൽ വെള്ളം കയറിയിരുന്നു.  ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബങ്ങൾ.
 
തുടർന്നാണ്‌ റീബിൽഡ്‌ കേരളയിൽപ്പെടുത്തി  പുരധിവാസം നടപ്പാക്കിയത്‌. ഒ ആർ കേളു എംഎൽഎയുടെ ഇടപെടലിലാണ്‌ 11 കുടുംബങ്ങൾക്കും വീടൊരുങ്ങിയത്‌.  താക്കോൽ ദാനം ഉടൻ  നടത്താനാവുമെന്ന്‌ ടിഡിഒ പറഞ്ഞു. മുട്ടിൽ പാറക്കലിലും സമാനമായ ഒരു വീട്‌ ട്രൈബൽ വകുപ്പ്‌ നിർമിച്ചിട്ടുണ്ട്‌. പ്രളയഭീഷണിയുള്ള കാളംകൊല്ലിയിലെ ഉഷയ്‌ക്കാണ്‌ വീട്‌ നിർമിച്ചത്‌. നിർമിതി കേന്ദ്രയാണ്‌  ഈ വീടും പണിതത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top