ചാത്തന്നൂർ> കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ. പ്രസിഡന്റായി കോൺഗ്രസിലെ എൻ ശാന്തിനിയും വൈസ് പ്രസിഡന്റായി പി പ്രതീഷ്‌കുമാറും വിജയിച്ചു. കൊല്ലം ജില്ലയിൽ ബിജെപി ഭരണമുണ്ടായിരുന്ന ഏക പഞ്ചായത്തായിരുന്നു കല്ലുവാതുക്കൽ. ആഗസ്ത് 25ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എൽഡിഎഫ് പിന്തുണയിൽ പാസ്സായതോടെയാണ് ബിജെപി പുറത്തായത്. ബിജെപി– ഒമ്പത്, യുഡിഎഫ്– എട്ട്, എൽഡിഎഫ്– ആറ് എന്നിങ്ങനെയാണ് കക്ഷിനില.
അഴിമതി ഭരണത്തിലും നേതാക്കളുടെ സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങളായ ബി ആർ ദീപ, അല്ലി അജി, രചിത, എൻ അപ്പുക്കുട്ടൻപിള്ള എന്നിവർ അംഗത്വം രാജിവച്ച് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡന്റ് എസ് സുദീപ, യുഡിഎഫിനു വേണ്ടി എൻ ശാന്തിനി, ബിജെപി ബന്ധം ഉപേക്ഷിച്ച ബി ആർ ദീപ എന്നിവർ മത്സരിച്ചു. എൽഡിഎഫ് പിന്തുണ നൽകിയ ബി ആർ ദീപയ്ക്ക് 10, യുഡിഎഫ് –-എട്ട്, ബിജെപി–- അഞ്ച് എന്ന നിലയിൽ വോട്ട് ലഭിച്ചു.
പ്രസിഡന്റ് സ്ഥാനംകിട്ടാൻ ആകെ അംഗങ്ങളുടെ പകുതിയിലധികം വോട്ട് ലഭിക്കണമെന്നതിനാൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയവരെ ഉൾപ്പെടുത്തി രണ്ടാംറൗണ്ട് വോട്ടെടുപ്പ് നടന്നു. ബിജെപിയുടെ അഞ്ച് അംഗങ്ങളും നേരത്തെയുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം യുഡിഎഫിന് വോട്ട്ചെയ്തതോടെ 13 വോട്ടുനേടി ശാന്തിനി വിജയിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു. ബിജെപിക്കായി എസ് സത്യപാലനും യുഡിഎഫിനായി പി പ്രതീഷും എൽഡിഎഫ് പിന്തുണയോടെ എൻ അപ്പുക്കുട്ടനും മത്സരിച്ചു. എൽഡിഎഫ് –-10, യുഡിഎഫ്–- എട്ട്, ബിജെപി–- അഞ്ച് വോട്ടുകൾ നേടി. രണ്ടാം റൗണ്ടിൽ ബിജെപി അംഗങ്ങൾ വോട്ടുചെയ്ത് യുഡിഎഫിലെ പ്രതീഷിനെ 13 വോട്ടിനു വിജയിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..