20 April Saturday

പോരാട്ടപ്പെരുമയ്‌ക്ക്‌ ജ്വലിക്കുന്ന സ്‌മാരകം ; കൊല്ലം പീരങ്കി മൈതാനത്ത്‌ കല്ലുമാല സ്‌ക്വയർ യാഥാർഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

കൊല്ലം
കേരളീയ സ്ത്രീകളുടെ സ്വാഭിമാന പോരാട്ടത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്‌മരണ കാലാതീതമാകണമെന്ന എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ കൊല്ലം പീരങ്കി മൈതാനത്ത്‌ കല്ലുമാല സ്‌ക്വയർ യാഥാർഥ്യമാകുന്നു. സ്‌മാരക നിർമാണത്തിനായി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളിലെ ജ്വലിക്കുന്ന ഏടാണ്‌ 1915 ഡിസംബറിൽ നടന്ന കല്ലുമാല സമരം. വെടിപ്പുള്ള വസ്ത്രം, ചെരുപ്പ്, കുട, ആഭരണങ്ങൾ എന്നിവ ധരിക്കാനും വിദ്യാഭ്യാസ അവകാശത്തിനും വേണ്ടിയുള്ള അധഃസ്ഥിതവിഭാഗങ്ങളുടെ പോരാട്ടവീര്യമാണ്‌ സമരത്തിൽ പ്രതിഫലിച്ചത്‌. കൊല്ലം പീരങ്കി മൈതാനത്ത്‌ ചങ്ങനാശേരി പരമേശ്വരൻപിള്ള അധ്യക്ഷനായി ചേർന്ന മഹായോഗത്തിലാണ്‌ അയ്യൻകാളി കല്ലയും മാലയും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തത്‌.

അർഹമായ അവകാശങ്ങൾക്കായി സമരരംഗത്തിറങ്ങാനുള്ള അയ്യൻകാളിയുടെ ആഹ്വാനം അധഃസ്ഥിതരിൽ ആവേശം ഉണർത്തി. കല്ലയും മാലയും ഉപേക്ഷിക്കാനും അവകാശങ്ങൾക്കായി പോരാടാനും അവർ തീരുമാനിച്ചു. ഇതറിഞ്ഞ സവർണർ വിറളിപൂണ്ടു. 1915 ഒക്ടോബർ 24ന്‌ പെരിനാട്ട്‌ ‘പുലയസഭ’ കൂടി. സാധുജന പരിപാലനസംഘം ചുമതലക്കാരനായ ഗോപാലദാസിന്റെ നേതൃത്വത്തിൽ പെരിനാട്ടെ കുഴിയത്ത്‌ ചേർന്ന യോഗത്തിൽ നാലായിരത്തിലേറെപ്പേർ പങ്കെടുത്തു. സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഗോപാലദാസിനെ പ്രദേശത്തെ പ്രമാണിയായ കുറ്റിയിൽ മാധവൻപിള്ള ആക്രമിച്ചു. തുടർന്ന്‌ പുലയ വിഭാ​ഗങ്ങളുടെ വീടുകൾ വ്യാപകമായി കത്തിച്ചു. ഗത്യന്തരമില്ലാതെ പലരും നാടുവിട്ടു. സമരം കത്തിപ്പടരുന്നതറിഞ്ഞ അയ്യൻകാളി കൊല്ലത്ത് എത്തി. സമാധാന ശ്രമങ്ങൾക്കൊടുവിൽ പുലയ, നായര്‍ വിഭാ​ഗങ്ങളുടെ സംയുക്ത സമ്മേളനം കൊല്ലം പീരങ്കി മൈതാനത്ത് ചേർന്നു. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിനു പട്ടികജാതിക്കാർ മൈതാനത്ത് തടിച്ചുകൂടി. സമ്മേളനത്തിൽ പട്ടികജാതിക്കാരായ സ്ത്രീകൾ തങ്ങൾ അണിഞ്ഞിരുന്ന കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞു. നിമിഷങ്ങൾക്കകം സമ്മേളന സ്ഥലം കല്ലുമാലകൾകൊണ്ട് നിറഞ്ഞു. സാമുദായിക അസമത്വങ്ങൾക്കെതിരായ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടായി ഈ സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top