28 March Thursday

കേരളത്തിൽ ആദ്യമായി ഒരു രാഷ്‌ട്രീയപാർടിയുടെ 25 പ്രവർത്തകർക്ക്‌ ഒന്നിച്ച്‌ ജീവപര്യന്തം; അന്തംവിട്ട്‌ ലീഗ്‌ നേതൃത്വവും അണികളും

വേണു കെ ആലത്തൂർUpdated: Tuesday May 17, 2022

പാലക്കാട്‌ > കേരള ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്‌ട്രീയപാർടിയുടെ 25 പ്രവർത്തകർക്ക്‌ ഒന്നിച്ച്‌ ജീവപര്യന്തം തടവ്‌ കിട്ടിയതിന്റെ ഷോക്കിലാണ്‌ മുസ്ലിംലീഗ്‌ ജില്ലാ നേതൃത്വം. മണ്ണാർക്കാട്‌ കല്ലാങ്കുഴിയിൽ സഹോദരങ്ങളും സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരുമായ പള്ളത്ത്‌ വീട്ടിൽ കുഞ്ഞിഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്‌ മുസ്ലിംലീഗ്‌ നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായിരുന്ന സി എം സിദ്ദിഖ്‌ ഉൾപ്പെടെ 25 പേർ ശിക്ഷിക്കപ്പെട്ടത്‌. തിങ്കളാഴ്ചയാണ്‌ പാലക്കാട്‌ സെഷൻസ്‌ നാലാംനമ്പർ അതിവേഗ കോടതി ജീവപര്യന്തം തടവും ഒരുലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചത്‌. 2013 നവംബർ 20നായിരുന്നു കൊലപാതകം.

കൊലപാതകക്കേസുകളിൽ സംശയത്തിന്റെ ആനുകൂല്യം നൽകി ചിലരെ വെറുതെ വിടാറുണ്ട്‌. എന്നാൽ കല്ലാങ്കുഴി കൊലപാതകത്തിൽ ആരെയും കുറ്റവിമുക്തരാക്കിയില്ല. പ്രായപൂർത്തിയാകാത്തയാളെയും കൊലപാതകത്തിന്‌ ലീഗ്‌ നേതൃത്വം ഉപയോഗിച്ചുവെന്നത്‌ അവരുടെ ക്രൂരതയുടെ മുഖം വ്യക്തമാക്കുന്നു. 27 പ്രതികളാണ്‌ കേസിൽ. ഒരാൾ വിചാരണയ്‌ക്കിടെ അന്തരിച്ചു.  പ്രായപൂർത്തിയാകാത്തയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ്‌.

ലീഗിന്റെ കോട്ടയായ കാഞ്ഞിരപ്പുഴയിൽപള്ളി കേന്ദ്രീകരിച്ചാണ്‌ ലീഗിന്റെ പ്രവർത്തനം. പാർടി ഫണ്ട്‌ പിരിവിനും പള്ളികളെ ഉപയോഗിക്കുന്നു. കുഞ്ഞിഹംസയും നൂറുദ്ദീനും ഇത്‌ ചോദ്യം ചെയ്‌തിരുന്നു. ഇതോടെ അവർ ലീഗിന്റെ ശത്രുക്കളായി. സഹോദരങ്ങൾ സിപിഐ എം, ഡിവൈഎഫ്‌ഐ സജീവ പ്രവർത്തകരായിരുന്നു. കല്ലാങ്കുഴിയിൽ ഡിവൈഎഫ്‌ഐ യൂണിറ്റും രൂപീകരിച്ചു. യൂണിറ്റ്‌ കേന്ദ്രത്തിൽ കൊടി സ്ഥാപിച്ച്‌ തിരിച്ചുവരുമ്പോഴാണ്‌ സഹോദരങ്ങളെ നിഷ്‌കരുണം അരിഞ്ഞുവീഴ്‌ത്തിയത്‌. ലീഗും കോൺഗ്രസും ഭരിച്ചിരുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ രണ്ടുതവണയായി എൽഡിഎഫ്‌ ഭരണസമിതിയാണ്‌. കൊലപാതകത്തോടെ ലീഗ്‌ തകർന്നു. പ്രതികളെ സംരക്ഷിക്കാൻ യുഡിഎഫ്‌ സർക്കാർ പരമാവധി ശ്രമിച്ചെങ്കിലും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി കെ ശശി, കോങ്ങാട്‌ എംഎൽഎയായിരുന്ന അന്തരിച്ച കെ വി വിജയദാസ്‌ എന്നിവരുടെ ഇടപെടലിലൂടെയാണ്‌ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച്‌ പ്രതികളെ ശിക്ഷിക്കാൻ സാഹചര്യമൊരുക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top