19 April Friday

കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷം പഠിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

ചെറുതുരുത്തി > കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷം പഠിക്കാം. കഥകളി വേഷത്തിന് പെൺകുട്ടികൾക്കും അപേക്ഷിക്കാൻ ചരിത്രത്തിലാദ്യമായി കേരള കലാമണ്ഡലം അവസരമൊരുക്കി. കഥകളി വേഷം വടക്കൻ, തെക്കൻ വിഭാഗങ്ങളിൽ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

ഔപചാരിക വിദ്യാഭ്യാസ രീതിയിൽ ഇത് ആദ്യമായാണ് പെൺകുട്ടികൾക്ക് കഥകളിയിൽ പ്രവേശനം നൽകുന്നത്. കേരള കലാമണ്ഡലം ആർട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അഭിമുഖ പരീക്ഷ ഒക്ടോബർ 22ന് രാവിലെ പത്തു മണിക്ക് കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ  നടത്തും. കഥകളി വേഷം വടക്കൻ - 3, കഥകളി വേഷം തെക്കൻ - 3, മദ്ദളം - 3, ചുട്ടി- 3, കൂടിയാട്ടം പുരുഷവേഷം - 4, മിഴാവ് - 4, തിമില - 3, മൃദംഗം - 2 എന്നിങ്ങനെയാണ് ഒഴിവുകൾ.

പുതിയതായി അപേക്ഷിക്കുന്നവർ കലാമണ്ഡലം വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഫീസ് അടച്ച് ആവശ്യപ്പെട്ട യോഗ്യതാ സാക്ഷ്യപത്രങ്ങളുടെ പകർപ്പ് സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കല്പിത സർവകലാശാല, വള്ളത്തോൾ നഗർ, ചെറുതുരുത്തി, തൃശൂർ 679 531 എന്ന വിലാസത്തിലേയ്ക്ക് തപാൽ മാർഗം അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.kalamandalam.ac.in സന്ദർശിക്കുക. ഫോൺ 04884 262418.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top