19 September Friday

കാക്കനാട് കൊലപാതകം: സജീവ് കൃഷ്ണന്റ ശരീരത്തിൽ നിരവധി മുറിവുകൾ;അർഷദിനായി തിരച്ചിൽ ഊർജിതം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കൊച്ചി> കാക്കനാട് ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതകത്തിൽ ഒന്നിലധികം പേരുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണ(22)ന്റെ  ശരീരമാസകലം കുത്തേറ്റ നിലയിലാണ്.  ഒളിവിൽ പോയ പ്രതിയെന്ന് സംശയിക്കുന്ന പയ്യോളി സ്വദേശി അർഷാദിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും പോലീസ് അന്വേഷണം നടത്തി.

സജീവും മറ്റ് മൂന്ന്പേരും ഒന്നിച്ചാണ് ഫ്ളാറ്റിൽ താമസം. സംഭവം നടക്കുന്ന സമയം സഹതാമസക്കാരായ മറ്റ് മൂന്ന്പേരും ഫ്ളാറ്റിൽ ഉണ്ടായിരുന്നില്ല. പകരം  അർഷദ് ആണ് ഉണ്ടായിരുന്നത്. സജീവിന്റെ സഹതാമസക്കാരായ രണ്ട് പേർ ടൂറിനും മറ്റൊരു സുഹൃത്ത്  അംജദ് പയ്യോളിയിലെ വീട്ടിലേക്കും പോയതായിരുന്നു. അംജദിന്റെ സുഹൃത്താണ് അർഷദ്. മൂന്നുപേരും സ്ഥലത്തില്ലാത്തതിനാലാണ് അർഷദ് ഈ ഫ്ളാറ്റിലേക്ക് വന്നതെന്ന് സംശയിക്കുന്നു.

നാട്ടിലേക്ക് പോയ അംജദിനെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി  പോലീസ് ചോദ്യം ചെയ്യുകയാണ്. ടൂറ് പോയ മറ്റു രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്.

സജീവിന്റെ മൃതദേഹം ബന്ധുകളുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

തിങ്കളാഴ്ച ടൂർ കഴിഞ്ഞ് ഫ്ളാറ്റിൽ എത്തിയപ്പോൾ അകത്തുള്ളവർ   മുറി തുറന്നില്ല. അകത്തുള്ള രണ്ട് പേരെ മാറി മാറി വിളിച്ചിട്ടും ഫോൺ എടുത്തില്ല. സ്ഥലത്തില്ല എന്ന മെസേജ് ആണ് രണ്ട് ഫോണിൽ നിന്നും വന്നുകൊണ്ടിരുന്നത്. ഇതോടെ അവർ പുറത്ത് റൂമെടുത്തു താമസിച്ചു . ഫോൺ എടുക്കാത്തതിൽ സംശയം തോന്നിയ അവർ പൊൽീസിൽ വിവരമറിയിച്ചു. പിന്നീട് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്.  മൃതദേഹം കവറുകൾ കൊണ്ട് മറച്ച് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് ബാൽക്കണിയിൽ പെെപ്പ ഡക്റ്റിൽ ചാരിവെച്ചിരിക്കുകയായിരുന്നു. സജീവിന്റെ ഫോണും കാണാതായിട്ടുണ്ട്. ഇൻഫോപാർക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ് യുവാക്കൾ.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top