27 April Saturday

ചെങ്ങന്നൂർ കൈപ്പാലക്കടവ് പാലവും പൂർത്തിയായി; ഇടനാടിന് ഇനി മംഗലം !

ബി സുദീപ്Updated: Thursday Jan 14, 2021

ഉദ്ഘാടനത്തിന് തയ്യാറായ കെെപ്പാലക്കടവ് പാലം

ചെങ്ങന്നൂർ > ചെങ്ങന്നൂർ നഗരസഭയിലെ  കാർഷിക മേഖലകളായ മംഗലത്തിനെയും ഇടനാടിനെയും  ബന്ധിപ്പിക്കുന്ന കൈപ്പാലക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയായി. പമ്പാനദിയുടെ കൈവഴിയായ ആദിപമ്പയാണ് ഇരു സ്ഥലങ്ങളെയും വേർതിരിക്കുന്നത്.  ഇടനാട്ടിൽനിന്ന്‌ നാലു കിലോമീറ്ററിലേറെ യാത്ര ചെയ്‌തു വേണമായിരുന്നു മംഗലത്തെത്താൻ . ഇടനാട്,  പുത്തൻകാവ്, മാലക്കര, മുളക്കുഴ എന്നിവിടങ്ങളിലെ  സ്‌കൂളുകളിലെത്താൻ വിദ്യാർഥികൾക്കടക്കം കടത്തുവളളമായിരുന്നു ഏക ആശ്രയം.
 
2010 ലെ ബജറ്റിൽ സാങ്കേതിക അനുമതി ലഭിച്ചുവെന്ന്‌ പറഞ്ഞെങ്കിലും  പാലംനിർമാണം  നടപടിയായില്ല. പാലം നിർമാണം വൈകുന്നതിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചിരുന്നു. തുടർ ബജറ്റിലും ഒരു രൂപ പോലും വകയിരുത്തിയില്ല.
 
പിണറായി സർക്കാർ  വന്നതോടെ  കെ കെ രാമചന്ദ്രൻ നായർ എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ  2016 ലെ  ബജറ്റിൽ പാലം നിർമാണത്തിനായി ഒൻപത്  കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് മൂന്നരക്കോടി രൂപയും അനുവദിക്കുകയായിരുന്നു. 2018 മുതൽ മന്ത്രി ജി സുധാകരന്റെയും സജി ചെറിയാൻ എംഎൽഎ യുടെയും നേതൃത്വത്തിൽ  ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും   യോഗങ്ങൾ വിളിച്ചു.  
സാങ്കേതിക തടസങ്ങൾ നീക്കി നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കി. കൈപ്പാലക്കടവിലേക്കുള്ള ഒരു കിലോമീറ്റർ റോഡിലും  ഇടനാട്ടിലും 11 പേരുടെ ഭൂമി മാത്രമാണ്‌ ഏറ്റെടുത്തത്‌. 
 
വികസന വേഗം, 
ബൈപാസിന്റെ ഗുണം
 
132.2‌ മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്റർ വീതിയുണ്ട്.  രണ്ട് വശങ്ങളിലും നടപ്പാതകൾ ഉണ്ട്. എം സി റോഡിൽ മുളക്കുഴ സെഞ്ചുറി ജങ്‌ഷനിൽ നിന്നും തിരിഞ്ഞ് പുത്തൻകാവ്, ഇടനാട്  കൈപ്പാലക്കടവ് പാലം വഴി മംഗലം കുറ്റിക്കാട്ടുപടി ജങ്ഷനിലൂടെ കല്ലിശ്ശേരിയിലെത്തി തിരികെ എം സി റോഡിൽ പ്രവേശിക്കാം.
 
 തിരിച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നവർക്കും ഈ വഴി പോകാം.  കോഴഞ്ചേരി, പത്തനംതിട്ട ഭാഗത്തേക്ക് പോകുന്നവർക്കും  ദൂരം ലാഭിക്കാം.  ശബരിമല തീർത്ഥാടകർക്കും ഈ വഴി ഉപയോഗിക്കാം. 
 ഒരു ബൈപാസിന്റെ ഗുണമാണ് കൈപ്പാലക്കടവ് പാലം തുറക്കുന്നതോടെ ഉണ്ടാകുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top