കോട്ടയം > ഏഴ് പേർക്ക് പുതുജീവൻ നൽകി അവയവദാനത്തിന്റെ മഹത്തായ മാതൃകയായി മാറിയ കൈലാസ് നാഥിന്റെ വീടിന് തറക്കല്ലിട്ടു. ഡിവൈഎഫ്‌ഐ സ്വരൂപിച്ച് നൽകിയ കുടുംബസഹായ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വീടിന് മന്ത്രി വി എൻ വാസവൻ തറക്കല്ലിട്ടു.
21,50,600 രൂപയാണ് ഡിവൈഎഫ്‌ഐ സ്വരൂപിച്ചത്. സഹോദരിയുടെ പഠനവും, തണലായി ഒരു വീടും എന്ന കൈലാസിന്റെ ജീവിത ലക്ഷ്യം ഇതൊടെ യാഥാർഥ്യമാവുകയാണ്. മൂന്ന് മുറി, അടുക്കള, ഹാൾ, ബാത്ത് റൂം അടക്കം എല്ലാവിധ സൗകര്യങ്ങളോടുമുള്ള വീടാണ് നിർമിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മെയിൽ കുടുംബസഹായ ഫണ്ട് പ്രവർത്തനം നടത്തിയത്.
ഏപ്രിൽ 22 ന് വാഹനാപകടത്തെ തുടർന്നാണ് കൈലാസ് നാഥിന് മസ്‌തിഷ്‌ക മരണം സംഭവിച്ചത്. ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ, പാൻക്രിയാസ് തുടങ്ങിയവ ദാനം ചെയ്‌ത് ഏഴ് പേർക്ക് പുതുജീവൻ നൽകിയാണ് കൈലാസ് നാഥ് വിടപറഞ്ഞത്. കോട്ടയം ആലുംമൂടിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറിയറ്റ് അംഗം ജെയ്‌ക് സി തോമസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ്‌ചന്ദ്രൻ, ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, കെ ആർ അജയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, സിപിഐ എം ലോക്കൽ സെക്രട്ടറി പി എസ് സച്ചിദാനന്ദ നായിക്, നഗരസഭാ കൗൺസിലർ ജിഷ ജോഷി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, പ്രസിഡന്റ് എം പി പ്രതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിൻ കുരുവിള ബാബു, രാഹുൽ പി ജയകുമാർ, പുത്തനങ്ങാടി മേഖലാ ഭാരവാഹികൾ, കൈലാസിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..