19 April Friday

കൊല്ലത്ത്‌ ആർഎസ്‌എസ്‌ വിട്ടതിന്‌ വെട്ടിക്കൊന്ന കേസ്‌; ഒമ്പത്‌ സംഘ്‌പരിവാറുകാരും കുറ്റക്കാരെന്ന്‌ കോടതി

സ്വന്തം ലേഖകൻUpdated: Tuesday Aug 4, 2020

കൊല്ലം > ആർഎസ്‌എസുകാരനായ കടവൂർ ജയനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഒമ്പതുപേരും കുറ്റക്കാരാണെന്ന്‌ ചൊവ്വാഴ്‌ച കൊല്ലം പ്രിൻസിപ്പൽ ജില്ലാ കോടതി കണ്ടെത്തി. കേസിൽ വെള്ളിയാഴ്‌ച ശിക്ഷവിധിക്കും. പ്രതികളെല്ലാം ആർഎസ്‌എസുകാരാണ്‌.

ആർഎസ്എസുകാരനായ കടവൂർ കോയിപ്പുറത്ത് വീട്ടിൽ ജയനെ എട്ടുവർഷം മുമ്പ്‌ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ഒന്നുമുതൽ ഒമ്പതു-വരെ പ്രതികളായ തൃക്കടവൂർ വലിയങ്ങോട്ടു വീട്ടിൽ വിനോദ്-, കൊറ്റങ്കര ഇടയത്തുവീട്ടിൽ ഗോപകുമാർ, തൃക്കടവൂർ താവറത്ത്  വീട്ടിൽ സുബ്രഹ്മണ്യൻ, വൈക്കംതാഴതിൽ പ്രിയരാജ്, പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്-, കിഴക്കിടത്ത് ശ്രീലക്ഷ്മിയിൽ  ഹരി എന്ന അരുൺ, തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു, തൃക്കടവൂർ മതിലിൽ അഭി നിവാസിൽ രഞ്-ജിത്-, ലാലിവിള വീട്ടിൽ ദിനരാജ്- എന്നിവരെയാണ് ജഡ്‌ജി സി സുരേഷ്‌കുമാർ കണ്ടെത്തിയത്‌. ഇന്ത്യൻ ശിക്ഷാനിയമം 143, 148, 341, 324, 302, 149 പ്രകാരം പ്രതികൾ സംശയാപ്‌ദമായി കുറ്റക്കാരാണെന്ന്‌ തെളിഞ്ഞെന്ന്‌ കോടതി വിലയിരുത്തി.  ഹൈക്കോടതിയുടെ നിർദേശപ്രകാരം നടന്ന ഏഴ്‌ ദിവസത്തെ വാദത്തിന്‌ ശേഷമായിരുന്നു  കോടതിയുടെ കണ്ടെത്തൽ.

കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു കോടതിയുടെ പ്രവർത്തനം. ഇതുമൂലം ‌ ജഡ്‌ജിയുടെ നിർദേശപ്രകാരം മൂന്ന്‌ പ്രതികൾ വീതമാണ്‌ കൂട്ടിൽ കയറ്റിയത്‌. കോടതി പരിസരത്ത്‌ ശക്‌തമായ പൊലീസ്‌ കാവലും ഏർപ്പെടുത്തിയിരുന്നു. ജില്ലയിലെ ആർഎസ്‌എസുകാരും സംഘടിച്ചെത്തി. 2012 ഫെബ്രുവരി ഏഴിനാണ്‌ വീടിന് സമീപം കടവൂർ ജംഗ്ഷനിൽവച്ച് ജയനെ ആർഎസ്‌എസുകാർ വെട്ടി കൊലപ്പെടുത്തിയത്‌. സഹോദരീ ഭർത്താവ് രഘുനാഥൻ പിള്ളയെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തു. കേസിൽ പ്രോസിക്യൂഷൻ 23 സാക്ഷികളെയും 75 രേഖകളും 38 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രതിഭാഗം 20 സാക്ഷികളെയും വിസ്തരിച്ചു. കേസിൽ നേരത്തെ പ്രതികളെല്ലാം കുറ്റക്കാരാണെന്ന്‌ പ്രിൻസിപ്പൽ ജില്ലാ കോടതി ഫെബ്രുവരി ഒന്നിന്‌  കണ്ടെത്തുകയും പത്തിന്‌ ജീവപരന്ത്യം തടവിന്‌ ശിക്ഷിക്കുകയും ചെയ്‌തിരുന്നു.

കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തുമ്പോൾ പ്രതികൾ ഒളിവിലായിരുന്നു. കേസിൽ പ്രതികൾ ജുഡീഷറിയെ  പലവട്ടം വെല്ലുവിളിക്കുന്ന സംഭവങ്ങളും  ഉണ്ടായിട്ടുണ്ട്‌. വിധിക്കെതിരെ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന്‌ പറഞ്ഞ്‌ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. പ്രതികൾക്ക്‌ പറയാനുള്ളത്‌ കേൾക്കാൾ ഹൈക്കോടതി കൊല്ലം പ്രിൻസിപ്പൽ ‌ ജില്ലാ കോടതിക്ക്‌ നിർദേശം നൽകിയതിനെ തുടർന്ന്‌ കേസിൽ വീണ്ടും വാദം നടക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സി പ്രതാപചന്ദ്രൻ പിള്ള, കെ ബി മഹേന്ദ്ര, വിഭു ആർ നായർ എന്നിവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top