29 March Friday

കെ വി ദാമോദരൻ-ചരിത്രത്തിനൊപ്പം നടന്ന കമ്യൂണിസ്‌റ്റ്‌

പി ദിനേശൻUpdated: Saturday Dec 4, 2021

തലശേരി > ചൊക്ലിയിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രമെന്നാൽ കെ വി ദാമോദരന്റെ ജീവിതം കൂടിയാണ്‌. ദേശത്തിന്റെ ചരിത്രത്തിനൊപ്പം ഈ കമ്യൂണിസ്‌റ്റുകാരന്റെ സഹനജീവിതവും ഇഴചേർന്നു നിൽകുന്നു. ചൊക്ലിയിലെ ആദ്യ കമ്യൂണിസ‌്റ്റ‌് സെൽ അംഗമായി കെവി ദാമോദരൻ ആറരപതിറ്റാണ്ടുകാലത്തെ ത്യാഗപൂർണമായ ജീവിതത്തിന്‌ വിരാമമിട്ടാണ്‌ യാത്രപറയുന്നത്‌. വെള്ളത്തിൽ മത്സ്യത്തെ പോലെ ജനങ്ങൾക്കിടയിൽ ജീവിച്ച കമ്യൂണിസ്‌റ്റ്‌യിരുന്നു കെ വി. പൊതുപ്രവർത്തനത്തിനിടയിൽ വിവാഹജീവിതം വേണ്ടെന്നുവെച്ചു. നിർഭയത്വത്തോടെ ഏത്‌ പ്രതിസന്ധിയെയും അഭിമുഖീകരിച്ച ധീരനായ പോരാളി.

മൊയാരത്ത്‌ ശങ്കരന്റെ പാതയിലൂടെയാണ്‌ കെ വി ദാമോദരനും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായത്‌. 1955ൽ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടി അംഗമായി. ഫർക്ക കമ്മിറ്റി സെക്രട്ടറിയും ചെറുകല്ലായി സമരനായകനുമായ കെ കെ ജി അടിയോടിയാണ്‌ അംഗത്വത്തിന്‌ ശുപാർശചെയ്‌തത്‌. 21ാം വയസിൽ അവിഭക്ത ചൊക്ലി ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി. 1962﹣-63 ലെ ചെറിയൊരു ഇടവേള ഒഴിച്ചാൽ 1981വരെ ആ സ്ഥാനത്ത‌് തുടർന്നു.

1936 സപ‌്തംബർ 19ന‌് കോടിയേരി കല്ലിൽതാഴെയിലെ വാഴയിൽവീട്ടിലാണ‌് കെ വി ദാമോദരന്റെ ജനനം. വളർന്നതും പഠിച്ചതും നിടുമ്പ്രത്ത്‌. തട്ടാരിയിൽ കുഞ്ഞമ്പുമാസ‌്റ്ററുടെയും ചെറുപ്പറമ്പിൽ കയ്യാല വേലാണ്ടി പാറുവിന്റെയും ഏഴുമക്കളിൽ ഏക ആൺതരി. അധ്യാപകനായ അച്ഛന്റെ പാതയിൽ മറ്റുള്ളവരെല്ലാം അധ്യാപികമാരായി. ശബ്ദമില്ലാത്ത പാവങ്ങളുടെ വാക്കും വെളിച്ചവുമായി കെവി ജീവിച്ചു. സർക്കാർ ഉദ്യോഗം നേടി സ്വസ്ഥമായി ജീവിക്കാനുള്ള വിദ്യാഭ്യാസമുണ്ടായിരുന്നു. എന്നിട്ടും കെവി ദാമോദരൻ കല്ലും മുള്ളും നിറഞ്ഞ പാത സ്വയം തെരഞ്ഞെടുത്തു.

ചൊക്ലി യുപി സ്‌കൂളിൽ പഠിക്കുമ്പോഴാണ‌് 1947 ആഗസ‌്ത‌് 15ന‌് രാജ്യം സ്വതന്ത്രമായത്‌. ഇതേകാലത്താണ്‌ മൊയാരത്തിന്റെ നിഷ‌്ഠൂരമായ കൊലപാതകവും. ഹൈസ്‌കൂൾ വിദ്യാഭ്യാസം ന്യൂമാഹി എംഎം ഹൈസ്‌കൂളിൽ. മുൻ എംഎൽഎമാരായ കെ എം സൂപ്പി, കെ കെ രാമചന്ദ്രൻമാസ്‌റ്റർ എന്നിവർ അക്കാലത്ത്‌ ന്യൂമാഹി സ്‌കൂളിലെ വിദ്യാർഥികളായിരുന്നു. വിദ്യാർഥി ഫെഡറേഷന്റെ ആദ്യകാല നേതാവും മുൻ തലശേരി നഗരസഭ ചെയർമാനുമായ ഒ വി അബ്ദുള്ളയുടെ ശിഷ്യൻ കൂടിയാണ്‌ കെ വി ദാമോദരൻ.

കെ വി ദാമോദരൻ പാർടിയെ നയിച്ച കാലത്താണ്‌ കോൺഗ്രസ‌് കോട്ടകളിലടക്കം ചെങ്കൊടിപാറി തുടങ്ങിയത‌്. ആദ്യം കോൺഗ്രസുകാരും പിന്നീട‌് ആർഎസ‌്എസും കൊടിയ അക്രമം അഴിച്ചുവിട്ടപ്പോൾ അതിനെ നിർഭയംനേരിട്ട പ്രതിരോധത്തിന്റെ കരുത്തുകൂടിയായിരുന്നു.  കമ്യൂണിസ‌്റ്റ‌് പാർടിയിലെ ഭിന്നിപ്പ‌് കാര്യമായി ബാധിക്കാതിരുന്ന പ്രദേശങ്ങളിലൊന്നായ ചൊക്ലിയെ ഇടതുപക്ഷരാഷ‌്ട്രീയത്തിന്റെ കോട്ടയാക്കി മാറ്റിയതും മറ്റാരുമല്ല. നക‌്സലൈറ്റ‌് ആശയഗതിയിലേക്ക‌് ചെറുപ്പക്കാർ വഴിതെറ്റിയപ്പോഴും നേരിന്റെ രാഷ‌്ട്രീയത്തിലേക്ക‌് നയിക്കാൻ സഖാവുണ്ടായി.

ജയിലിൽ കിടന്ന‌് പഞ്ചായത്ത‌് തെരഞ്ഞെടുപ്പിൽ മത്സരിച്ച‌് വിജയിച്ച ചരിത്രവും കെ വി ദാമോദരനുണ്ട‌്. 1964ലാണ‌് ആദ്യമായി പഞ്ചായത്തിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടത‌്. 1985വരെ പഞ്ചായത്തംഗമായി പ്രവർത്തിച്ചു. 1980 മുതൽ മൂന്നുവർഷം പ്രസിഡന്റായിരുന്നു. ശ്രമദാനത്തിലൂടെ ചൊക്ലിപഞ്ചായത്തിന്റെ പലഭാഗത്തും റോഡുകൾ നിർമിച്ചത്‌ ഈ കാലത്താണ്‌.

കുണ്ടാഞ്ചേരി കുഞ്ഞിരാമനും ആർ രാഘവനും സെക്രട്ടറിമാരായ തലശേരി മണ്ഡലംകമ്മിറ്റിയിൽ കെ വി ദാമോദരൻ അംഗമായിരുന്നു. പിന്നീട്‌ പെരിങ്ങളം മണ്ഡലം കമ്മിറ്റി അംഗമായും അസിസ്റ്റന്റ്‌ സെക്രട്ടറിയായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥയിൽ തലശേരി ഏരിയകമ്മിറ്റി അംഗമായും പിന്നീട്‌ പാനൂർ ഏരിയകമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1987 സപ‌്‌തംബർ 20 ന്‌ കണ്ണൂർ ജില്ലകമ്മിറ്റി ഓഫീസ്‌ ചുമതലയിലേക്ക്‌ പ്രവർത്തനം മാറ്റി. 2013വരെ ആ ചുമതലയിൽ തുടർന്നു.

1965ലെ ഭക്ഷ്യസമരത്തിൽ പങ്കെടുത്താണ്‌ കെ വി ദാമോദരൻ ആദ്യം ജയിലിലെത്തുന്നത്‌. ആർഎസ്‌എസിന്റെ രാഷ്‌ട്രീയപകയിലാണ്‌ രണ്ടാം ജയിൽവാസം. എംഎൽഎമാരായിരുന്ന രാജുമാസ‌്റ്റർ, കെ വി രാഘവൻ എന്നിവർക്കൊപ്പം കെ വി ദാമോദരനെയും ആർഎസ‌്എസുകാർ ഒരു കേസിൽപെടുത്തി. നിടുമ്പ്രം ജന്മനൽകിയ സമർപ്പിതനായ കമ്യൂണിസ്‌റ്റിനെ മുഖ്യമന്ത്രി പിണറായിവിജയൻ കഴിഞ്ഞ വർഷം ആദരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top