26 April Friday

തീരാവേദനയായി, 
നാട്ടുകാരുടെ ബോബിച്ചൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

അഡ്വ. കെ ടി മാത്യു

മാരാരിക്കുളം > നന്നേ ചെറുപ്രായത്തിൽ തന്നെ പൊതുവിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവന്ന നാട്ടുകാരുടെ ബോബിച്ചൻ ഇനി ജ്വലിക്കുന്ന ഓർമ. കൂട്ടുകാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയശേഷം മടങ്ങുന്നതിനിടെയാണ്‌  അഡ്വ. കെ ടി മാത്യുവും മറ്റുള്ളവരും പാണിയേലി പോര് കടവിൽ കുളിക്കാനിറങ്ങിയത്‌. അസ്വസ്ഥത പ്രകടിപ്പിച്ച മാത്യുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എസ്എഫ്ഐയിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ മാത്യു, കാട്ടൂർ ഹോളിഫാമിലി സ്‌കൂളിലെ പഠനശേഷം ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ആലപ്പുഴ എസ്‌ഡി കോളേജിൽ ബിരുദ പഠനം തുടങ്ങിയപ്പോൾ എസ്എഫ്ഐ നേതാവായി ഉയർന്നു. കോളേജ് യൂണിറ്റ് സെക്രട്ടറി, യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, എസ്എഫ്ഐ ആലപ്പുഴ ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിലെ പ്രവർത്തനം വിദ്യാർഥികൾക്കിടയിൽ പ്രിയങ്കരനാക്കി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകവെ പൊലീസിന്റെ കൊടിയ മർദനത്തിന് ഇരയായി. ജയിൽവാസം അനുഭവിച്ചു.
 
മികച്ച സംഘാടകനും പ്രാസംഗികനുമായ മാത്യു ജനപ്രതിനിധിയെന്ന നിലയിലും കഴിവ് തെളിയിച്ചു. മാരാരിക്കുളം ഡിവിഷനെ പ്രതിനിധീകരിച്ചു ജില്ലാ പഞ്ചായത്തിൽ എത്തിയ ഇദ്ദേഹം ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായി. ആശുപത്രികളുടെ നവീകരണത്തിനും കോവിഡ്കാല പ്രവർത്തനങ്ങൾക്കും മുന്നിലുണ്ടായി.
 
മാരാരിക്കുളം ഡിവിഷനിൽ മാത്യു നടപ്പാക്കിയ ഇ @ മാരാരി പദ്ധതി സംസ്ഥാന തലത്തിൽ തന്നെ വേറിട്ടതായി. കോവിഡ് ബാധിച്ചു മരിച്ച വായോധികയുടെ മൃതദേഹം കാട്ടൂർ പള്ളിയിൽ സംസ്‌ക്കരിക്കാൻ ഇടയാക്കിയത് മാത്യുവിന്റെ ഇടപെടലിലൂടെയാണ്‌. ആലപ്പുഴ ബാറിലെ അഭിഭാഷകൻ എന്ന നിലയിലും വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു. മന്ത്രി സജി ചെറിയാൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി, ജി വേണുഗോപാൽ, മനു സി പുളിക്കല്‍, പി രഘുനാഥ്, കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ തുടങ്ങിയവർ ആശുപത്രിയിൽ എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top