17 April Wednesday

കെ ടി ജലീലിൽ നിന്ന്‌ ഇ.ഡി വിവരങ്ങൾ തേടി; സത്യമേ ജയിക്കൂവെന്ന്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020

കൊച്ചി > നയതന്ത്ര ചാനലിൽ മതഗ്രന്ഥങ്ങൾ എത്തിയതുസംബന്ധിച്ച്‌ മന്ത്രി കെ ടി ജലീലിൽനിന്ന് ഡയറക്‌ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്  വിവരങ്ങൾ ആരാഞ്ഞു. വെള്ളിയാഴ്ച കൊച്ചിയിലെത്തിയ മന്ത്രി ഇതുസംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്‌മെന്റിന് കൈമാറി. മന്ത്രിയിൽനിന്ന് വിവരങ്ങൾ തേടിയ കാര്യം പിന്നീട് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് ട്വീറ്റ് ചെയ്‌തിരുന്നു. മന്ത്രി ഉച്ചയോടെ മലപ്പുറത്തിന് മടങ്ങി.

എല്ലാ വർഷങ്ങളിലും യുഎഇ എംബസികളും കോൺസുലേറ്റുകളും എല്ലാ രാജ്യങ്ങളിലും റമദാനോടനുബന്ധിച്ച് ഉപഹാരങ്ങൾ നൽകാറുണ്ട്. അങ്ങനെ എത്തിയ ഖുർ-ആൻ കോപ്പികൾ മന്ത്രി ഇടപെട്ട് മലപ്പുറത്ത് വിതരണത്തിന്‌ എത്തിച്ചിരുന്നു. സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസും ബിജെപിയും ഗ്രന്ഥങ്ങൾ എത്തിയതും വിവാദമാക്കി. അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ  ബെന്നി ബഹനാൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബിജെപിയും കേന്ദ്ര സർക്കാരിന് പരാതി നൽകി.

ഇതിന്റെ തുടർച്ചയിലാണ് കേന്ദ്ര ഇടപെടലിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് മന്ത്രിയിൽനിന്ന് വിവരങ്ങൾ തേടിയത്. ഏതന്വേഷണത്തിനെയും നേരിടാൻ തയ്യാറാണെന്ന് കെ ടി ജലീലും വ്യക്തമാക്കിയിരുന്നു. മസ്‌ജിദുകളിൽ നൽകാൻ എത്തിച്ച  ഖുർആൻ കോപ്പികൾ മലപ്പുറത്തെ രണ്ട്‌ സ്ഥാപനങ്ങളിൽ ഇരിപ്പുണ്ടെന്നും അവ വിതരണം ചെയ്യരുതെന്നാണ് അധികൃതരുടെ പക്ഷമെങ്കിൽ, കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ ബാക്കിയുള്ള  ഖുർആൻ കോപ്പികൾ കോൺസുലേറ്റിന് കൈമാറാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സത്യമേ ജയിക്കൂ എന്ന്‌ മന്ത്രി കെ ടി ജലീൽ

കൊച്ചി > സത്യമേ ജയിക്കൂവെന്ന്‌ മന്ത്രി കെ ടി ജലീൽ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു. സത്യം മാത്രമാണ്‌ ജയിക്കുക. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്നും വെള്ളിയാഴ്‌ച വൈകിട്ട്‌ അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top