20 April Saturday
തിരുത്ത്‌ 
നൽകാമെന്ന്‌ 
മാധ്യമപ്രവർത്തകർ

കെ ടി ജലീലിനെതിരെ കേസെടുത്തെന്ന തെറ്റായ പ്രചാരണം ; അഭിഭാഷകൻ കോടതിയിൽ 
മാപ്പുപറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

ന്യൂഡൽഹി> കശ്‌മീർ വിഷയത്തിലെ ഫെയ്‌സ്‌ബുക് കുറിപ്പിന്റെ പേരിൽ കെ ടി ജലീലിനെതിരായി കേസെടുക്കാൻ നിർദേശിച്ചെന്ന്‌ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച അഭിഭാഷകൻ ജി എസ്‌ മണി അഡീഷണൽ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ കോടതി മുമ്പാകെ മാപ്പുപറഞ്ഞു. ബോധപൂർവം സംഭവിച്ച പിശകല്ലെന്നും കേസെടുത്തുവെന്ന്‌ മാധ്യമങ്ങൾ വിശ്വസിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ലെന്നും മണി കോടതി മുമ്പാകെ പറഞ്ഞു. ജലീലിനെതിരായി കേസെടുക്കാൻ നിർദേശിച്ചെന്ന്‌ മാധ്യമങ്ങളിൽ വാർത്ത വന്നത്‌ അഭിഭാഷകനായ സുഭാഷ്‌ചന്ദ്രൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്‌ മണിയുടെ മാപ്പപേക്ഷ. ജലീലിനെതിരായി കേസെടുക്കണം എന്നാവശ്യപ്പെട്ട്‌ മണി നൽകിയ ഹർജി തിങ്കളാഴ്‌ച കോടതി പരിഗണിച്ചിരുന്നു.

മണിയുടെ വാദങ്ങൾ കേട്ടശേഷം കേസ്‌ ബുധനാഴ്‌ച പരിഗണിക്കാനായി മാറ്റി. എന്നാൽ, കോടതിയിൽനിന്ന്‌ പുറത്തിറങ്ങിയ മണി കേസെടുക്കാൻ പൊലീസിന്‌ കോടതി നിർദേശം നൽകിയതായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ബുധനാഴ്‌ച കേസ്‌ പരിഗണിച്ചപ്പോഴാണ്‌ മാധ്യമങ്ങളിൽ തെറ്റായ വാർത്ത വന്നത്‌ സുഭാഷ്‌ചന്ദ്രൻ ചൂണ്ടിക്കാട്ടിയത്‌. കോടതിയിൽ ഹാജരായിരുന്ന മാധ്യമപ്രവർത്തകരും അഭിഭാഷകൻ തെറ്റിദ്ധരിപ്പിച്ചത്‌ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തെറ്റായ വാർത്ത നൽകിയതിന്‌ തിരുത്ത്‌ നൽകാമെന്നും മാധ്യമപ്രവർത്തകർ അറിയിച്ചു.

കേസിൽ കെ ടി ജലീലിനോട്‌ ഇതുവരെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ആ ഘട്ടം എത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കേസ്‌ വീണ്ടും പരിഗണിക്കുന്നതിനായി വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top