29 March Friday

മുഖ്യമന്ത്രിയുടെ പ്രതികരണം കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് കരുത്ത് നല്‍കുന്നു: കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

മുഖ്യമന്ത്രിക്കൊപ്പം കെ ടി ജലീല്‍ | Photo Credit: Facebook/DrKTJaleel

കൊച്ചി > പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കള്ളപ്പണ-അഴിമതി ഇടപാടുകള്‍ക്കെതിരായ പോരാട്ടത്തില്‍ കരുത്തുപകരുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമെന്ന് ഡോ.കെ ടി ജലീല്‍ എംഎല്‍എ. ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിന്റെ 'പുലിക്കുട്ടി' നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയന്‍ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ടുവരേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ആ ബാധ്യതാ നിര്‍വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ലെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് - പൂര്‍ണരൂപം

എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഹരികുമാറിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്‌സ് ഹവാല ഇടപാടുകള്‍ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റതാണ്.

സാധാരണ ഗതിയില്‍ ഒരു പ്രാഥമിക സഹകരണ സംഘത്തില്‍ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ അംഗങ്ങളും ഇരുപതിനായിരത്തില്‍ താഴെ എക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാല്‍ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും. എന്നാല്‍ AR നഗര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തില്‍ അറുപതിനായിരത്തിലധികം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതില്‍ നിന്നുതന്നെ കാര്യങ്ങളുടെ 'ഗുട്ടന്‍സ്' ആര്‍ക്കും പിടികിട്ടും.

എആര്‍ നഗര്‍ ബാങ്കില്‍ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാന്‍ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാര്‍ട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ'  നല്‍കുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്.
ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിന്റെ 'പുലിക്കുട്ടി' നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയന്‍ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരല്‍ ഓരോ പൗരന്റെയും കടമയാണ്. ആ ബാധ്യതാ നിര്‍വ്വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top