കൊച്ചി > വഖഫ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച പള്ളികളിലെ പ്രതിഷേധത്തിന് വിരുദ്ധമായി സമസ്‌ത നിലപാടെടുത്തതോടെ പെളിഞ്ഞത് ലീഗിന്റെ കുതന്ത്രമാണെന്ന് ഡോ. കെ ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്‌ത. അതിന്റെ പക്വതയും പാകതയും പാണ്ഡിത്യവുമുള്ള നേതൃത്വമാണ് ബഹുമാന്യനായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടേത്. പള്ളികളെ കോലാഹല വേദിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ലീഗിന്റെ കുതന്ത്രമാണ് തങ്ങളുടെ ഇടപെടലിലൂടെ പൊളിഞ്ഞത്.
വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടരും. ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കുക. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്. തട്ടിക്കൂട്ട് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി പുതിയ സാഹചര്യത്തിൽ ലീഗ് പിരിച്ചു വിടുകയാണ് ഉചിതം.
സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഖമറുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്കും ശൈഖുൽ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർക്കും ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കുന്നതായും കെ ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..