25 April Thursday

ജലീലിന്റെ മറുപടിയിൽ വിറങ്ങലിച്ച്‌ ലീഗും കോൺഗ്രസും ; മലക്കം മറിഞ്ഞ് ചെന്നിത്തല , വെട്ടിലായി ലീഗ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


തിരുവനന്തപുരം
രാഷ്‌ട്രീയ പകപോക്കലിനായി ദുരാരോപണങ്ങളുന്നയിച്ച്‌ ബിജെപിക്കൊപ്പം സമരാഭാസം നടത്തുന്ന മുസ്ലിംലീഗും കോൺഗ്രസും മന്ത്രി കെ ടി ജലീലിന്റെ മറുപടിയിൽ നിലംപരിശായി. അനാവശ്യ വിവാദം കുത്തിപ്പൊക്കിയത്‌ തിരിച്ചടിയാകുന്ന ഭീതിയിൽ പ്രതിപക്ഷ നേതാവ്‌ തന്നെ ആരോപണം പിൻവലിച്ച്‌ മലക്കം മറിയുകയും ചെയ്‌തു. ലീഗാകട്ടെ ജലീൽ ഉന്നയിച്ച ചോദ്യങ്ങളോട്‌ എങ്ങനെ പ്രതികരിക്കണമെന്നുപോലുമറിയാതെ വെട്ടിലായി.

താൻ തെറ്റു ചെയ്തെന്ന്‌ ലീഗ്‌ അധ്യക്ഷൻ ഹൈദരലി ശിഹാബ്‌​ തങ്ങൾ വിശുദ്ധ ഖുർആനിൽ തൊട്ട്‌ പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്നാണ്‌‌ കെ ടി ജലീൽ കൈരളി ടിവിക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്‌. വസ്തുതയുടെ മുടിനാരിഴപോലുമില്ലാത്ത ആരോപണങ്ങളുന്നയിച്ച്‌ തന്നെ വേട്ടയാടുന്നതിനെതിരെ മന്ത്രിയുടെ ഉള്ളിൽത്തട്ടിയ വാക്കുകൾ പൊതുസമൂഹത്തിൽ വലിയ ചലനം സൃഷ്ടിച്ചു. റമദാൻ മാസത്തിൽ സക്കാത്തിന്റെ ഭാഗമായി നൽകാനായി യുഎഇ കോൺസുലേറ്റ്‌ ഏൽപ്പിച്ച ഖുർആൻ പാക്കറ്റുകൾ വിതരണം ചെയ്യുന്നത്‌ തെറ്റാണെന്ന്‌ ലീഗും പാണക്കാട്‌ തങ്ങളും പറഞ്ഞാൽ അത്‌ തിരിച്ചുകൊടുക്കാമെന്നും ജലീൽ വ്യക്തമാക്കി.


 

റമദാൻ കാലത്ത്‌ പതിവുപോലെ കിറ്റും ഖുർആനും വിതരണം ചെയ്‌തത്‌ തികച്ചും നിയമപരമായാണ്‌. ഇതിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കാൻ ബിജെപി നടത്തിയ ശ്രമത്തിനൊപ്പം ചേർന്നത്‌ തെറ്റായിപ്പോയെന്ന്‌ ലീഗിലും കോൺഗ്രസിലും ഒരുവിഭാഗത്തിന്‌ അഭിപ്രായമുണ്ട്‌. ജലീലിന്റെ മറുപടി കുറിക്കുകൊള്ളുന്നതാണെന്നും യുഡിഎഫ്‌ നേതൃത്വം വടികൊടുത്ത്‌ അടിവാങ്ങിയെന്നും ചില കെപിസിസി ഭാരവാഹികൾ തന്നെ നേതൃത്വത്തെ അറിയിച്ചു. ലീഗിന്റെ പ്രദേശിക കമ്മിറ്റികളും ആശങ്ക അറിയിച്ചതായാണ്‌ വിവരം. 

പണി പാളിയെന്ന തിരിച്ചറിവിലാണ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല നിന്നനിൽപ്പിൽ  മലക്കം മറിഞ്ഞത്‌. കെ ടി ജലീലിന്‌ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന്‌ പറഞ്ഞിട്ടേയില്ലെന്നാണ്‌ ചെന്നിത്തല ചൊവ്വാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. ഇതേക്കുറിച്ചുള്ള തുടർചോദ്യങ്ങളിൽനിന്ന്‌ പ്രതിപക്ഷനേതാവ്‌ ഒഴിഞ്ഞുമാറുകയും ചെയ്‌തു. ആ സമയത്തും സെക്രട്ടറിയറ്റിനുമുന്നിൽ ജലീലിന്റെ രാജി ആവശ്യപ്പെട്ട്‌ യൂത്ത്‌ കോൺഗ്രസ്‌ അതിക്രമം നടക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top