19 April Friday

ഇ.ഡി ചോദിച്ചത്‌ സ്വത്ത്‌ വിവരങ്ങൾ: മന്ത്രി കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020

തിരുവനന്തപുരം > എൻഫോഴ്‌സ്‌മെന്റ്‌ ചോദിച്ചറിഞ്ഞത്‌ തന്റെ സ്വത്ത്‌ വിവരങ്ങളും ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധമായ കാര്യങ്ങളുമാണെന്ന്‌ മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. ‘മലപ്പുറത്ത്‌ 19.5 സെന്റ്‌ സ്ഥലവും വീടും ഉണ്ട്‌. അത്‌ ഈട്‌വച്ച്‌ വീട്‌ അറ്റകുറ്റ പണിക്ക്‌ അഞ്ച്‌ ലക്ഷം രൂപ വായ്‌പ എടുത്തിട്ടുണ്ട്‌. അതിൽ ഒന്നര ലക്ഷം തിരിച്ചടക്കാനുമുണ്ട്‌.

എന്റെ പേരിൽ 3.25 ലക്ഷം രൂപയും ഹയർസെക്കണ്ടറി അധ്യാപികയായ ഭാര്യയുടെ പേരിൽ 13 ലക്ഷം രൂപയും ട്രഷറി അക്കൗണ്ടിലുണ്ട്‌. ഞങ്ങൾ രണ്ട്‌ പേരുടെ പക്കലും ഒരു തരി സ്വർണവുമില്ല. മക്കളും സ്വർണം ധരിക്കാറില്ല’ ഇഡി ഉദ്യോഗസ്ഥരോട്‌ ഇക്കാര്യം പറഞ്ഞു. അവർ ചോദിച്ച എല്ലാ കാര്യങ്ങൾക്കും വിശദീകരണം നൽകിയിട്ടുണ്ട്‌. സ്വത്ത്‌ വിവരം സംബന്ധിച്ച രേഖകളുടെ പകർപ്പ്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടു. അത്‌ ഉടനെ നൽകും. ‘കോൺസുലേറ്റ്‌ വഴി കിട്ടിയ ഖുറാൻ ആർക്കും വിതരണം ചെയ്‌തിട്ടില്ല. കോൺസുലേറ്റ്‌ നൽകിയത്‌ നിരസിക്കുന്നത്‌ ശരിയല്ല എന്ന്‌ തോന്നിയത്‌ കൊണ്ടാണ്‌ ഏറ്റുവാങ്ങിയത്‌. കോവിഡ്‌ ആയതിനാൽ എവിടെയും അത്‌ വിതരണം നടത്തിയില്ല. സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. നിയമതടസ്സമുണ്ടെങ്കിൽ തിരികെ നൽകാമെന്നും അറിയിച്ചിട്ടുണ്ട്‌.’ ‘സ്വപ്‌നയെ നല്ല പരിചയമുണ്ട്‌ എന്ന്‌ പറഞ്ഞു. കോൺസുലേറ്റ്‌ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്‌ക്കാണ്‌ പരിചയം. പലതവണ വിളിച്ചിട്ടുണ്ട്‌. അത്‌ കോൺസുലേറ്റ്‌ ജനറലിനെ ഫൊണിൽ കിട്ടാതെ വന്നപ്പോഴാണ്‌. യുഎഇയിലുള്ള നാട്ടുകാരുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാണ്‌ വിളിച്ചത്‌.

കോൺസുലേറ്റിൽ നിന്ന്‌ എന്തെങ്കിലും സമ്മാനം കൈപ്പറ്റിയിട്ടുണ്ടോയെന്ന്‌ ചേദിച്ചു. ഒരിക്കൽ അവിടെ പോയപ്പോൾ ചായ കുടിച്ചതല്ലാതെ മറ്റൊന്നും വാങ്ങിയിട്ടില്ലെന്ന്‌ മറുപടിയും നൽകി. വഖഫ്‌ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ കോൺസുലേറ്റുമായും ഉദ്യോഗസ്ഥരുമായും നല്ല ബന്ധമാണ്‌ ഉണ്ടായിരുന്നതെന്ന്‌ വിശദീകരിച്ചു. എൻഫോഴ്‌സ്‌മെന്റ്‌ നോട്ടീസ്‌ തന്റെ മലപ്പുറത്തെ മേൽവിലാസത്തിലാണ്‌ ലഭിച്ചത്‌. വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നു. അതാണ്‌ സ്വകാര്യ വാഹനത്തിൽ പോയത്‌. താൻ രണ്ടര മണിക്കൂർ അവിടെ ചെലവഴിച്ചു. എൻഫോഴ്‌സ്‌മെന്റ്‌ ജോയിന്റ്‌ ഡയറക്‌ടറുടെ നേതൃത്വത്തിലാണ്‌ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്‌. മാധ്യമ പ്രവർത്തകർ ഇക്കാര്യം അറിയാത്തതിന്‌ താൻ എന്ത്‌ പിഴച്ചു. നയതന്ത്ര ബഗേജ്‌ വഴി നടത്തിയ സ്വർണ്ണക്കടത്തിനെ കുറിച്ചൊന്നും എനിക്ക്‌ അറിയില്ല. ഇക്കാര്യത്തിൽ വഴിവിട്ട്‌ ഒന്നും ചെയ്‌തിട്ടില്ല. ഏതന്വേഷണം നേരിടാനും തയ്യാറാണെന്ന്‌ അറിയിച്ചു. വളരെ സൗഹാർദ്ദപരമായാണ്‌ ഉദ്യോഗസ്ഥരുടെ പെരുമാറ്റം – ജലീൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top