കാസർകോട്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ള പ്രതികൾ വ്യാഴാഴ്‌ചയും കോടതിയിൽ ഹാജരായില്ല. വിടുതൽഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രന്റെ അഭിഭാഷകനും നേരിട്ട് ഹാജരാകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. ഈ സാഹചര്യത്തിൽ, പ്രതികൾ നേരിട്ട് ഹാജരാകണോയെന്നത് ഒക്ടോബർ നാലിന് വിശദ വാദംകേട്ടശേഷം കോടതി തീരുമാനിക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപ്പത്രിക പിൻവലിപ്പിച്ചുവെന്നും കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. സുന്ദരയുടെ വെളിപ്പെടുത്തലിനെത്തുടർന്ന്, മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശൻ കോടതിയെ സമീപിക്കുകയും കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസ് കേസെടുക്കുകയുമായിരുന്നു.
സുരേന്ദ്രന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിൽ പട്ടികജാതി–-പട്ടികവർഗ അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. വ്യാഴാഴ്‌ച നേരിട്ട് ഹാജരാകാൻ സുരേന്ദ്രനും കൂട്ടുപ്രതികൾക്കും കോടതി കർശന നിർദേശം നൽകിയതാണ്. സുരേന്ദ്രന്റെ വിടുതൽഹർജിയിൽ സുന്ദരയുടെ അഭിപ്രായംതേടി കോടതി നോട്ടീസ് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..