25 April Thursday

ബിജെപി നേതൃയോഗത്തിൽ പ്രതിഷേധം: എന്തുവേണമെങ്കിലും എഴുതിക്കോ എന്ന്‌‌ സുരേന്ദ്രൻ

പ്രത്യേക ലേഖകൻUpdated: Friday Nov 20, 2020

കൊച്ചി> വി മുരളീധരനും കെ സുരേന്ദ്രനും ഏകാധിപതികളെപ്പോലെ പെരുമാറുന്നതായി‌ ബിജെപി നേതൃയോഗത്തിൽ വിമർശം. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കാൻ പലയിടത്തും ആളില്ലാത്ത സ്ഥിതിയാണെന്നും ഇതു തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കൃഷ്‌ണദാസ്‌ പക്ഷം പറഞ്ഞു.

പുതിയ കേന്ദ്ര ചുമതലക്കാരൻ  സി പി രാധാകൃഷ്‌ണൻ ആദ്യമായി പങ്കെടുത്ത യോഗത്തിലാണ്‌ കേന്ദ്രമന്ത്രി വി മുരളീധരന്റെയും  സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെയും  സാന്നിധ്യത്തിൽ എതിർപക്ഷം ആഞ്ഞടിച്ചത്. പ്രാദേശിക ഭാരവാഹിത്വത്തിലും സ്ഥാനാർഥി നിർണയത്തിലും മുരളീധരപക്ഷത്തെ മാത്രം കുത്തിനിറയ്‌ക്കുന്നത്‌ അണികളിൽ കടുത്ത പ്രതിഷേധം സൃഷ്‌ടിച്ചിട്ടുണ്ട്‌.

യോ​ഗത്തില്‍ പങ്കെടുക്കണമെന്ന് സി പി രാധാകൃഷ്‌ണൻ ഫോണില്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ശോഭാ സുരേന്ദ്രൻ പങ്കെടുത്തില്ല. സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാറും ഒ രാജഗോപാലും വിട്ടുനിന്നു. പി കെ കൃഷ്‌ണദാസ്‌, എം ടി രമേശ്‌ എന്നിവർ പങ്കെടുത്തു. ശോഭാ സുരേന്ദ്രൻ ഉന്നയിച്ച പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും അവരോട്‌ യോഗത്തിൽപങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തിനുമുമ്പ്‌ വാർത്താലേഖകരോട്‌ സി പി രാധാകൃഷ്‌ണൻ പറഞ്ഞെങ്കിലും യോഗശേഷം അദ്ദേഹം പ്രതികരിച്ചില്ല. ശോഭാ സുരേന്ദ്രൻ മാത്രമല്ല, ഒ രാജഗോപാലും സി കെ പത്മനാഭനും അങ്ങനെ പലരും വന്നിട്ടില്ലെന്നും നിങ്ങൾ എന്തു വേണമെങ്കിലും എഴുതിക്കോ എന്നും‌‌  കെ സുരേന്ദ്രൻ യോഗശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top