18 September Thursday
സുരേന്ദ്രന്‌ ബിഷപ്പിനെ കാണാനായില്ല.

പാലാ ബിഷപ്പിന്റെ പ്രസംഗം ; മുതലെടുപ്പ്‌ മത്സരത്തിലും കെ സുരേന്ദ്രൻ കൃഷ്‌ണദാസ്‌ പോര്‌

എസ്‌ മനോജ്‌Updated: Monday Sep 13, 2021


കോട്ടയം
പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്‌ പിന്തുണ അറിയിക്കാനും ബിജെപി നേതൃത്വത്തിൽ ‘ഓട്ടമത്സരം’. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും മുൻ പ്രസിഡന്റ്‌ പി കെ കൃഷ്‌ണദാസുമാണ്‌ ബിഷപ്പിനെ സന്ദർശിക്കാൻ ചേരിതിരിഞ്ഞ്‌ ‘ഏറ്റുമുട്ടി’യത്‌. വിജയിച്ചത്‌ മുൻ പ്രസിഡന്റ്‌. സുരേന്ദ്രന്‌ ബിഷപ്പിനെ കാണാനായില്ല.

പി കെ കൃഷ്‌ണദാസും സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്‌ണനും തിങ്കൾ ഉച്ചയോടെ ബിഷപ്പ്‌ ഹൗസിലെത്തി.
കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ ശേഷം വാർത്താസമ്മേളനവും നടത്തി. സ്വന്തം ഗ്രൂപ്പുകാരനായ മുൻ ജില്ലാ പ്രസിഡന്റ് എൻ ഹരിക്കൊപ്പമായിരുന്നു സന്ദർശനം. ഇദ്ദേഹം മുമ്പ്‌ പാലാ മണ്ഡലത്തിൽ മത്സരിച്ച ബന്ധം ഉപയോഗിച്ചാണ്‌ സന്ദർശനം തരപ്പെടുത്തിയത്‌. എതിർചേരിയിലെ ജില്ലാ പ്രസിഡന്റ്‌ നോബിൾ മാത്യുവിനെ കൂട്ടിയില്ല. സുരേന്ദ്രന്റെ നോമിനിയാണ്‌ നോബിൾ. സുരേന്ദ്രനും ബിഷപ്‌ ഹൗസ്‌ സന്ദർശനത്തിന്‌ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ കോട്ടയത്തെത്തി. എന്നാൽ കൃഷ്‌ണദാസ്‌  സന്ദർശനം ഉറപ്പിച്ചതോടെ സുരേന്ദ്രൻ പിൻവാങ്ങി.

പ്രസ്‌ ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി ബിഷപ്പിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ മടങ്ങി. താൻ ബിഷപ്പ്‌ ഹൗസ്‌ സന്ദർശനത്തിന്‌ അനുമതി ചോദിച്ചിരുന്നില്ലെന്നായിരുന്നു സുരേന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.


കേന്ദ്ര അന്വേഷണം ഉണ്ടാകും: കെ സുരേന്ദ്രൻ
‘നർക്കോട്ടിക്‌ ജിഹാദ്‌ ’ സംബന്ധിച്ച്‌ കേന്ദ്ര സർക്കാർ അന്വേഷണം നടത്തുമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഐഎസ്‌ റിക്രൂട്ട്‌മെന്റ്‌ പോലെ ഇതും യാഥാർഥ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിഷപ്പിന്‌ ബിജെപിയുടെ നിലപാട്‌: പി കെ കൃഷ്‌ണദാസ്‌
ലൗ ജിഹാദ്‌, നർക്കോട്ടിക്‌ ജിഹാദ്‌ വിഷയത്തിൽ പാലാ ബിഷപ്പ്‌ മാർ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞത്‌ ബിജെപി മുമ്പ്‌ ഉയർത്തിയ നിലപാടാണെന്ന്‌ ദേശീയ കൗൺസിൽ അംഗം പി കെ കൃഷ്‌ണദാസ്‌ പറഞ്ഞു.  ഇരുകൂട്ടർക്കുമുള്ള ആശങ്ക സമാനമാണ്‌.  വിഷയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top