20 September Monday

സുരേന്ദ്രൻ മത്സരിച്ചയിടങ്ങളിൽ കുഴൽപ്പണം എത്തിച്ചു; തുറന്നടിച്ച് നേതാക്കൾ

സ്വന്തം ലേഖകൻUpdated: Monday Jul 26, 2021

കോഴിക്കോട്‌ > ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളിൽ ധർമരാജൻ കുഴൽപ്പണമെത്തിച്ചെന്ന്‌ നേതാക്കൾ. മഞ്ചേശ്വരത്തും കോന്നിയിലും പ്രചാരണ വേളയിൽ ധർമരാജനെത്തിയത്‌ അന്വേഷിക്കണമെന്ന്‌  ജില്ലാ, -മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്‌ പരാജയം അന്വേഷിക്കാനെത്തിയ സംസ്ഥാന  ഭാരവാഹികൾക്ക്‌  മുമ്പാകെയാണ്‌ സംസ്ഥാന പ്രസിഡന്റിന്‌ കുഴൽപ്പണ ബന്ധമുള്ളതായി നേതാക്കൾ തുറന്നടിച്ചത്‌.

സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ, വക്താവ്‌ അഡ്വ. എൻ കെ നാരായണൻ നമ്പൂതിരി  എന്നിവരാണ്‌ മൂന്നുദിവസമായി തെളിവെടുത്തത്‌. ധർമരാജനുമായി ബന്ധപ്പെട്ടായിരുന്നു സുരേന്ദ്രനെതിരായ ആക്ഷേപം. ബിജെപിയുമായി ബന്ധമില്ലാത്തയാളെ തെരഞ്ഞെടുപ്പ്‌ ഫണ്ടിടപാട്‌ ഏൽപ്പിച്ചത്‌ സംസ്ഥാന കമ്മിറ്റി അറിഞ്ഞാണോ എന്നായിരുന്നു ചോദ്യം.

കൊടകര സംഭവശേഷം സുരേന്ദ്രൻ ധർമരാജനെ തള്ളിപ്പറഞ്ഞില്ല. സുരേന്ദ്രൻ പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെതിരെയും വിമർശനമുയർത്തി. രമേശ്‌ കോഴിക്കോട്ടെ തോൽവിക്ക്‌ മുഖ്യ ഉത്തരവാദിയാണ്‌. ജില്ലാ പ്രസിഡന്റ്‌ വി കെ സജീവൻ കുന്നമംഗലത്ത്‌ മത്സരിച്ചതും പേരാമ്പ്രയിലെ സ്ഥാനാർഥി നിർണയവും പാളിച്ചയായെന്നും ഈ വിഭാഗം പറഞ്ഞു.

ഇല്ല ‘വിശ്വസിക്കാനാകില്ല’

തൃശൂർ  > കുഴൽപ്പണ ഇടപാടിനെക്കുറിച്ച്‌   ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ എല്ലാം അറിയാമെന്നതിനാലാണ്‌ കവർച്ച നടന്ന ദിവസം  പുലർച്ചെ വിളിച്ചതെന്ന്‌ ധർമരാജന്റെ മൊഴി. ഏപ്രിൽ മൂന്നിന്‌ പുലർച്ചെ  പണം കവർന്നതായി പറഞ്ഞ്‌  ഷംജീർ  കരഞ്ഞുകൊണ്ട്‌ വിളിച്ചു.  ഉടൻ സുരേന്ദ്രനെ ബന്ധപ്പെട്ടു. ആദ്യം ഫോണെടുത്തില്ല. പിന്നീട്‌ തിരിച്ചു വിളിച്ചുവെന്നും കൊടകര കവർച്ചക്കേസിന്റെ  കുറ്റപത്രത്തിൽ പറയുന്നു. 

ആദ്യം ബിജെപി സംസ്ഥാന സെക്രട്ടറി   നാഗേഷിനെയും വിളിച്ചു. സ്വിച്ച് ഓഫ് ആയിരുന്നു.  പിന്നീട് സുരേന്ദ്രന്റെ  മകൻ ഹരികൃഷ്ണനെയും  വിളിച്ചു.  സുരേന്ദ്രന്റെ ഡ്രൈവർ  ലബീഷ്‌,   സുജയ്‌സേനൻ, ആലപ്പുഴ ജില്ലാ ട്രഷറർ  കെ ജി  കർത്ത എന്നിവരെയെല്ലാം വിളിച്ചു. ആരും ആദ്യം ഫോണെടുത്തില്ല. പിന്നീട്‌  എല്ലാവരും തിരിച്ചുവിളിച്ചു. സംഭവം വിശ്വാസം വരുന്നില്ലെന്നായിരുന്നു സുരേന്ദ്രന്റെ  മറുപടി. പിന്നീട് സുജയ്‌സേനനും കാശിനാഥനുമെത്തി ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് തങ്ങളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ്‌ മൊഴി.

പണം ധർമരാജന്റേതല്ല, ബിജെപി കുരുക്കിൽ

തൃശൂർ > കൊടകര കുഴപ്പണ കേസിൽ ബിജെപിയെ കുരുക്കിലാക്കി ധർമരാജന്റെ മൊഴി. കവർച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന്  ധർമരാജൻ പറഞ്ഞതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കൊണ്ടു വന്ന പണമാണിത്‌.  തന്റേതാണെന്ന് കോടതിയിൽ ഹർജി നൽകിയത് പരപ്രേരണമൂലമാണ്‌.  3.5 കോടി രൂപയ്‌ക്ക്‌ രേഖകളില്ല. അതിനാലാണ് കോടതിയിൽ രേഖകൾ ഹാജരാക്കാതിരിക്കുന്നത്‌. 

നേരത്തേ പണം തന്റെയും സുനിൽ നായിക്കിന്റെയുമാണെന്നായിരുന്നു ധർമരാജന്റെ മൊഴി. ദില്ലിയില്‍ ബിസിനസ് ഇടപാടിനുള്ള തുകയാണിതെന്നായിരുന്നു വാദം. പൊലീസ് കണ്ടെടുത്ത പണം തിരികെ ആവശ്യപ്പെട്ട്  ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. 

നേതാക്കൾ ഭീഷണിപ്പെടുത്തി

തൃശൂർ > കുഴൽപ്പണക്കവർച്ച നാലുനാൾ മൂടിവച്ചത്‌ ബിജെപി നേതാക്കളുടെ ഭീഷണിയിലാണെന്നും ധർമരാജൻ മൊഴിനൽകിയിട്ടുണ്ട്‌. ഏപ്രിൽ മൂന്നിന്‌ പുലർച്ചെ കവർച്ച നടന്നിട്ടും ഏഴിനാണ്‌ പരാതി നൽകിയത്‌.  25 ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു പരാതി.

കവർച്ചക്കുശേഷം കാശിനാഥനും സുജയസേനനും  ധർമരാജനെയും കൂട്ടാളികളെയും  ബിജെപി തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിൽ എത്തിച്ചപ്പോൾ  ജില്ലാ ജനറൽ സെക്രട്ടറി ഹരിയും ഉണ്ടായിരുന്നു. കാര്യമറിഞ്ഞപ്പോൾ  ‘ഇവരെ പൂശിയാൽ മതി’യെന്നായിരുന്നു ഹരിയുടെ കൊലവിളി.  പരാതി കൊടുത്താൽ കുടുങ്ങും. ഇ ശ്രീധരനും ജേക്കബും പാർടിവിടുമെന്നും ഹരി പറഞ്ഞു.  പരാതി നൽകുന്നത്‌  സംസ്ഥാന പ്രസിഡന്റിനോട്‌  ചോദിക്കണം. തെരഞ്ഞെടുപ്പു കഴിയട്ടെയെന്നും  കാശിനാഥൻ പറഞ്ഞു.

പിന്നീട്  സുജയസേനൻ ഉണ്ണിരാജയുടെ (മുൻ പൊലീസ്‌ ഉദ്യോഗസ്ഥാനാണെന്നാണ്‌ സൂചന) അടുത്തേക്ക്‌ കൊണ്ടുപോയി പരാതി നൽകുന്നത്‌ അന്വേഷിച്ചു. കേസ്‌ രജിസ്‌റ്റർ ചെയ്‌തശേഷം സുജയസേനൻ പ്രതി ദീപക്കിനെ (വെള്ളിക്കുളങ്ങര മേഖലാ ഭാരവാഹി) വീട്ടിൽപോയി ബിജെപി ജില്ലാകമ്മിറ്റി  ഓഫീസിലേക്ക് വിളിച്ചുവരുത്തി. ജില്ലാ പ്രസിഡന്റ്‌ അനീഷ്‌കുമാറും ഓഫീസിലുണ്ടായിരുന്നു. 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: സുനിൽ നായിക്കിനെ നാളെ ചോദ്യംചെയ്യും

സ്വന്തം ലേഖകൻ
കാസർകോട്‌ > മഞ്ചേശ്വരത്ത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനായി സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരയ്‌ക്ക്‌ കോഴ നൽകിയ കേസിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെ ചൊവ്വാഴ്‌ച ജില്ലാ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്യും. കാസർകോട്‌ ക്രൈംബ്രാഞ്ച്‌ ജില്ലാ ആസ്ഥാനത്ത്‌  ചോദ്യം ചെയ്യലിന്‌ ഹാജരാകാനാണ്‌ നോട്ടീസ്‌ നൽകിയത്‌. കൊടകര കുഴൽപ്പണ കേസിൽ പൊലീസ്‌ ചോദ്യംചെയ്‌തയാളാണ്‌ സുനിൽ നായിക്‌. സുന്ദരയുടെ വാണിനഗറിലെ വീട്ടിലെത്തി പണം കൈമാറിയത്‌ സുനിൽ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌. പത്രിക പിൻവലിക്കാൻ നിർബന്ധിച്ച്‌ ഒപ്പുവയ്‌പ്പിച്ചതും ഇയാളുടെ നേതൃത്വത്തിലാണ്‌.

സുന്ദരയെ വീട്ടിൽനിന്ന്‌ കാറിൽ തട്ടിക്കൊണ്ടുപോയി മഞ്ചേശ്വരം ജോഡ്‌ക്കലിലെ ബിജെപി ഓഫീസിൽ തടങ്കലിൽവച്ച്‌ ഭീഷണിപ്പെടുത്തിയാണ്‌ സ്ഥാനാർഥിത്വം പിൻവലിപ്പിച്ചത്‌. 15 ലക്ഷം രൂപയും വീടും കർണാടകത്തിൽ വൈൻഷോപ്പും വാഗ്‌ദാനം നൽകി. രണ്ടരലക്ഷം രൂപയും സ്‌മാർട്ട്‌ ഫോണും വീട്ടിലെത്തി കൈമാറി. കാസർകോട്‌ താളിപ്പടുപ്പിൽ കെ സുരേന്ദ്രൻ താമസിച്ച ഹോട്ടൽ മുറിയിൽ എത്തിച്ചാണ്‌ പിൻവലിക്കൽ അപേക്ഷയിൽ ഒപ്പുവയ്‌പ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top