19 April Friday

മോഷണം മുതൽ വധശ്രമം വരെ; കെ സുരേന്ദ്രനെതിരെ 240 കേസുകൾ , പത്രങ്ങളിൽ നാല‌് പേജ‌് പരസ്യം

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

പത്തനംതിട്ട> പത്തനംതിട്ട ലോക‌്സഭാ  മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയും   ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ  കെ സുരേന്ദ്രനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകൾ. മോഷണം മുതൽ വധശ്രമം വരെയുണ്ട് ഇവയിൽ.

 പൊതുമുതൽ നശിപ്പിക്കൽ, കലാപമുണ്ടാക്കൽ, വീട് തകർക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, തീവയ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ആരാധനാലയം തകർക്കൽ, പൊതുഗതാഗതം നശിപ്പിക്കൽ തുടങ്ങിയവയാണ് മറ്റ് കുറ്റങ്ങൾ.

മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. തീവയ്പിന് ആലപ്പുഴ ജില്ലയിലെ രാമങ്കരി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലും മോഷണക്കേസിൽ തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലും പൊലീസ് എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്. ഐപിസി 143, 147, 148, 149, 294 ബി, 323, 324, 394 വകുപ്പുകൾ പ്രകാരമാണ‌് തിരുവല്ലയിലെ കേസ‌് രജിസ‌്റ്റർ ചെയ‌്തിരിക്കുന്നത‌്.

കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ   മത്സരിക്കാൻ  സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ അദ്ദേഹത്തിനെതിരെ  ഇരുപത് കേസുകളാണുണ്ടെന്നായിരുന്നു നൽകിയ വിവരം. എന്നാൽ 220 കേസുകളിൽ കൂടി  പ്രതിയാണെന്ന വിവരം പുറത്തുവന്നതോടെ  ഇതുംകൂടി ഉൾപ്പെടുത്തി  രണ്ടു സെറ്റ് നാമനിർദ്ദേശ പത്രികകൾ കൂടി നൽകുകയായിരുന്നു.

സുപ്രീംകോടതി വിധി വന്നതിന്‌ശേഷം  ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയ ജനുവരി രണ്ടിനു നടന്ന ഹർത്താലിലെ അക്രമങ്ങളുടെ പേരിലാണ് സുരേന്ദ്രനെതിരെ കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തത്. ശബരിമല സമരത്തിന്റെ പേരിൽ സുരേന്ദ്രനെതിരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കൊല്ലം ജില്ലയിലാണ്, 68. ആലപ്പുഴയിൽ 55ഉം പത്തനംതിട്ടയിൽ 31ഉം കേസുകൾ ഉണ്ട‌്.

സ്ഥാനാർത്ഥികൾ തങ്ങൾക്കെതിരായ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പത്രപ്പരസ്യത്തിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്ന സുപ്രീംകോടതി വിധിയനുസരിച്ച് കെ സുരേന്ദ്രൻ കേസുകളുടെ വിവരം  ക്രഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 240 കേസുകളുടെ വിവരങ്ങൾ ചേർക്കാൻ നാല‌് പേജുകളാണ‌് പത്രങ്ങളിൽ വേണ്ടി വന്നത‌്.

കേസുകളുടെ ജില്ല തിരിച്ചുളള കണക്ക്

തിരുവനന്തപുരം (5), കൊല്ലം (68), പത്തനംതിട്ട (31), ആലപ്പുഴ (55), കോട്ടയം (8), ഇടുക്കി (16), എറണാകുളം (12), തൃശൂർ (6), പാലക്കാട് (1), മലപ്പുറം (1), കോഴിക്കോട് (2) , കണ്ണൂർ (1), വയനാട് (1), കാസർകോട് (33).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top