കാസർകോട്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികൾ 21ന് നിർബന്ധമായി ഹാജരാകണമെന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ്. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ല. ഇതനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അടുത്ത സിറ്റിങ്ങിൽ ഹാജരാകുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു.
ചൊവ്വാഴ്‌ച സുരേന്ദ്രൻ കാസർകോട്ടുണ്ടായിട്ടും കോടതിയിലെത്തിയില്ല. മെയ് 20ന് കേസ് കോടതിയിൽ വന്നപ്പോഴും പ്രതികളാരും എത്തിയില്ല. തുടർന്ന് ആഗസ്‌ത് അഞ്ചിലേക്ക് കേസ് മാറ്റി. അന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഇല്ലാത്തതിനാലാണ് കേസ് ചൊവ്വാഴ്‌ചത്തേക്ക് മാറ്റിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസ്.
ഒന്നാം പ്രതിയായ കെ സുരേന്ദ്രനു പുറമെ സുരേന്ദ്രന്റെ ചീഫ് ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശൻ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എസ് സി –- എസ്ടി അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാകുറ്റമടക്കം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..