19 April Friday

ബിജെപി കോഴ: ശബ്‌ദസാമ്പിൾ നൽകാൻ കെ സുരേന്ദ്രന്‌ നോട്ടീസ്‌

സ്വന്തം ലേഖികUpdated: Monday Sep 27, 2021

കൽപ്പറ്റ> സി കെ ജാനുവിനെ എൻഡിഎയിൽ തിരികെയെത്തിക്കാൻ കോഴ നൽകിയെന്ന കേസിൽ ശബ്‌ദപരിശോധനയ്ക്ക്‌ ഹാജരാകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‌ ക്രൈം ബ്രാഞ്ച്‌ നോട്ടീസയച്ചു‌. ഒക്ടോബർ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദസാമ്പിളുകൾ നൽകണം. പ്രധാന സാക്ഷി ജെആർപി ട്രഷറർ പ്രസീത അഴീക്കോടിനും നോട്ടീസയച്ചതായി ഡിവൈഎസ്‌പി ആർ മനോജ്‌കുമാർ പറഞ്ഞു. ബിജെപി ആസ്ഥാന ഓഫീസിലേക്ക്‌ ഇ മെയിലായും ഉള്ള്യേരിയിലെ വീട്ടിലേക്കുമാണ്‌ നോട്ടീസയച്ചത്‌. ഇത്‌ സുരേന്ദ്രൻ കൈപ്പറ്റിയതായും ഡിവൈഎസ്‌പി അറിയിച്ചു.  

ജാനുവിന്‌ കെ സുരേന്ദ്രൻ കോഴ നൽകിയതിന്റെ സുപ്രധാന തെളിവായ ടെലിഫോൺ സംഭാഷണങ്ങൾ പ്രസീത അഴീക്കോട്‌ പുറത്തുവിട്ടിരുന്നു. ഇത്‌ ശാസ്ത്രീയമായി പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ അന്വേഷകസംഘം ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ  അപേക്ഷ നൽകി. തുടർന്നാണ്‌ ശബ്‌ദസാമ്പിളുകൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയത്‌.

 എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ്‌ കേസ്‌. സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്‌. പ്രധാന തെളിവുകളെല്ലാം അന്വേഷകസംഘം പരിശോധിച്ചിട്ടുണ്ട്‌. പണം കൈമാറിയ ബത്തേരിയിലെ ഹോം സ്റ്റേയിലും തിരുവനന്തപുരത്തെ ഹോട്ടലിലും തെളിവെടുപ്പ്‌ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റിനെയുൾപ്പെടെ ചോദ്യംചെയ്തു. സി കെ ജാനുവിന്റെ വീട്ടിൽ പരിശോധന നടത്തി രേഖകളും ഫോണുകളും പിടിച്ചെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top