26 April Friday

മോന്തായം വളഞ്ഞാൽ ; 
സുരേന്ദ്രനും മകനും കെണിയിൽ , ബിജെപിയിൽ അസംതൃപ്‌തി

പ്രത്യേക ലേഖകൻUpdated: Friday Sep 23, 2022


തിരുവനന്തപുരം
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കൈക്കൂലി കേസും മകൻ കെ എസ്‌ ഹരികൃഷ്ണന്റെ അനധികൃത നിയമനവും ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. സംസ്ഥാന അധ്യക്ഷൻ പാർടിക്ക്‌ നാണക്കേടുണ്ടാക്കിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിൽ അസംതൃപ്‌തരാണ്‌ നേതൃത്വവും അണികളും. 

അടുത്ത ദിവസങ്ങളിൽ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയടക്കം നേതാക്കൾ കേരളത്തിൽ വിവിധ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്‌. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ബിജെപി നാൾക്കുനാൾ പിന്നോട്ടടിക്കുന്നെന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ ശക്തമായിരിക്കെയാണ്‌ അഴിമതികളുടെ തെളിവുകൾ പുറത്തുവരുന്നത്‌.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ മത്സരിച്ച സി കെ ജാനുവിന്  സുരേന്ദ്രൻ കോഴ നൽകിയ കേസിലെ തെളിവുകൾ ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. പരാതിക്കാരിയായ പ്രസീത അഴീക്കോട്ട്‌ പണം കൈമാറ്റം സംബന്ധിച്ച്‌ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്ന സുരേന്ദ്രന്റെ വാദം പൊളിഞ്ഞു. തെരഞ്ഞെടുപ്പ്‌ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരും.

സുരേന്ദ്രന്റെ മകൻ കെ എസ്‌ ഹരികൃഷ്‌ണന്‌ രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയി (ആർജിസിബി)ൽ ടെക്നിക്കൽ ഒഫീസറായി അനധികൃത നിയമനം നൽകിയത്‌ സ്ഥിരീകരിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. റാങ്ക്‌ പട്ടിക പുറത്തുവിടാതിരുന്നതും ഏറ്റവും മികച്ച നിലവാരം പുലർത്തിയവർ പുറത്തായതുമടക്കമുള്ള തെളിവുകൾ സഹിതം ഉദ്യോഗാർഥികൾ പരാതി നൽകിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൽ മൂന്ന്‌ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിക്കുകയും 48 പേരെ പരീക്ഷയ്ക്ക്‌ തെരഞ്ഞെടുക്കുകയുമുണ്ടായി. ബിടെക്കിൽ 60 ശതമാനം മാർക്കായിരുന്നു യോഗ്യത. മൂന്നു പരീക്ഷയും ഷോർട്ട്‌ ലിസ്റ്റും അഭിമുഖവുമടക്കം എല്ലാ നടപടിയും രണ്ടു ദിവസംകൊണ്ട്‌ പൂർത്തിയാക്കി, അർഹതയില്ലാത്ത ഹരികൃഷ്ണനെ നിയമിച്ചു. ന്യൂഡൽഹിയിലേക്ക്‌ പരിശീലനത്തിനായും അയച്ചു. അപ്പോഴാണ്‌ മറ്റ്‌ ഉദ്യോഗാർഥികൾ ക്രമക്കേട്‌ അറിഞ്ഞതും ചൂണ്ടിക്കാട്ടിയതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top