26 April Friday

സുരേന്ദ്രന്റെ പരാക്രമങ്ങൾ ഒറ്റപ്പെടലിൽനിന്ന്‌ രക്ഷനേടാൻ ; ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ പ്രസിഡന്റാണ്‌ സുരേന്ദ്രനെന്ന്‌‌‌ മുതിർന്ന നേതാക്കൾ

ഇ എസ്‌ സുഭാഷ്‌Updated: Wednesday Sep 16, 2020


തൃശൂർ
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌‌ കെ സുരേന്ദ്രൻ കാണിക്കുന്ന പരാക്രമങ്ങൾ ബിജെപിയിലെ ആഭ്യന്തര പ്രതിസന്ധികളിൽ നിന്ന്‌ രക്ഷനേടാനുള്ള തന്ത്രം. സുരേന്ദ്രനും മുരളീധരനും ബിജെപിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ ശേഷം പി കെ കൃഷ്‌ണദാസ്‌ വിഭാഗവും ആർഎസ്‌എസിലെ ഒരു വിഭാഗവും കടുത്ത നിസ്സഹകരണത്തിലാണ്‌. എതിർപ്പ് ‌അവഗണിച്ചാണ്‌ വി മുരളീധരൻ കേന്ദ്രനേതൃത്വത്തിൽ സമ്മർദം ചെലുത്തി സുരേന്ദ്രനെ  പ്രസിഡന്റാക്കിയത്‌. ഇതിനാൽ, വലിയവിഭാഗം സുരേന്ദ്രൻ,  മുരളീധരൻ വിഭാഗവുമായി സഹകരിക്കുന്നില്ല.

സ്വർണ്ണക്കടത്തിൽ വി മുരളീധരൻ പ്രതിരോധത്തിലായപ്പോൾ പ്രമുഖനേതാക്കൾ പോലും ന്യായീകരിച്ചില്ല. സ്വർണം കൊണ്ടുവന്നത്‌ നയതന്ത്രബാഗേജിലല്ലെന്ന മുരളീധരന്റെ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിയതോടെ കേരളത്തിലെ ബിജെപി കൂടുതൽ പ്രതിരോധത്തിലായി. ഇതോടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ കേന്ദ്രത്തിന്‌ പരാതി നൽകി.
സുരേന്ദ്രൻ മാത്രമാണ്‌ മുരളീധരന്‌ വേണ്ടി  രംഗത്തുവരുന്നത്‌. അണികളിൽ പ്രതികരണം ഉണ്ടാക്കാൻ കഴിയാത്തതിനെ തുടർന്നാണ്‌ അക്രമസമരവുമായി ഇറങ്ങിയത്‌. അക്രമം നടത്തി പൊലീസ്‌ നടപടിയുണ്ടായാൽ അതിന്റെ പേരിൽ സംസ്ഥാനത്താകെ കലാപം പടർത്താനാണ്‌ സുരേന്ദ്രനും മുരളീധരനും പദ്ധതിയിട്ടിരിക്കുന്നത്‌.


 

സുരേന്ദ്രൻ സഹഭാരവാഹികളെ നിശ്ചയിച്ചതും വിഭാഗീയമായാണ്‌. മുതിർന്ന പലരെയും തഴഞ്ഞ്‌ തന്നെ അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി.  ഇതിനെത്തുടർന്ന്‌ എ എൻ രാധാകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ ചുമതല ഏറ്റില്ല. പിന്നീട്‌ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ്‌ അനുരഞ്‌ജനമുണ്ടാക്കിയത്‌. സംസ്ഥാന വൈസ്‌ പ്രസിഡന്റായ ശോഭ സുരേന്ദ്രൻ ചുമതല ഏറ്റെടുത്തിട്ടില്ല. മുതിർന്ന നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി എം വേലായുധൻ, പി കെ കൃഷ്‌ണദാസ്‌, എൻ ശിവരാജൻ തുടങ്ങിയവർ സുരേന്ദ്രൻ–-മുരളീധരൻ സംഘവുമായി അകൽച്ചയിലാണ്‌.

ബിജെപിയുടെ ചരിത്രത്തിൽ ഇത്രയും ദുർബലനായ പ്രസിഡന്റ്‌‌ ഉണ്ടായിട്ടില്ല എന്ന്‌ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വി മുരളീധരൻ പറയുന്നതിനപ്പുറം സ്വന്തമായ നിലപാട്‌ സുരേന്ദ്രനില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംഘ‌പരിവാറിലെ മുതിർന്ന നേതാക്കളെ അവഗണിച്ചതിൽ ആർഎസ്‌എസിലും അമർഷമുണ്ട്‌. വരാനിരിക്കുന്ന തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ കാത്തിരിക്കുന്നത്‌  മുൻവർഷങ്ങളെക്കാൾ കനത്ത പരാജയമായിരിക്കുമെന്ന്‌ സംഘപരിവാറിലെ മുതിർന്ന നേതാക്കൾതന്നെ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top