23 April Tuesday
നിയമസഭാ മണ്ഡലം കമ്മിറ്റികളെ രണ്ടാക്കി അധ്യക്ഷന്മാരെ നിയമിക്കുന്നു

മണ്ഡല അധ്യക്ഷന്മാരിലും സുരേന്ദ്രന്റെ തന്നിഷ്ടം ; ബിജെപിയിൽ പോര്‌ കടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


തിരുവനന്തപുരം
സംസ്ഥാന, ജില്ലാ കമ്മിറ്റികളിലെ പുനഃസംഘടന ഏകപക്ഷീയമായി നടത്തിയ കെ സുരേന്ദ്രൻ അസംബ്ലി മണ്ഡല അധ്യക്ഷരേയും തന്നിഷ്ടപ്രകാരം നിയമിക്കുന്നതിനെതിരെ പ്രതിഷേധവുമായി എതിർ വിഭാഗം. കോർകമ്മിറ്റിയടക്കം ബഹിഷ്കരിച്ച്‌ വെല്ലുവിളിക്കുന്ന എതിർപക്ഷത്തിന്‌ താഴേത്തട്ടിലുള്ള കമ്മിറ്റികളിലും അവസരം നിഷേധിക്കുകയാണ്‌ സുരേന്ദ്രന്റെയും വി മുരളീധരന്റെയും ലക്ഷ്യം. നിയമസഭാ മണ്ഡലം കമ്മിറ്റികളെ രണ്ടാക്കി  280 അധ്യക്ഷന്മാരെ നിയമിക്കുകയാണ്‌. സംസ്ഥാന കൗൺസിലിന്റെ എണ്ണവും ഇരട്ടിയാക്കി സ്വന്തം ഗ്രൂപ്പുകാരെ നിറയ്‌ക്കും.

അതേസമയം, ജില്ലാതല പുനഃസംഘടനയിലടക്കമുള്ള അവഗണനയ്‌ക്കെതിരെ കേന്ദ്ര നേതൃത്വത്തിന്‌ പരാതി അയക്കാനൊരുങ്ങുകയാണ്‌ മറുപക്ഷനേതാക്കൾ.
പി കെ കൃഷ്ണദാസ്‌, ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ്‌ തുടങ്ങി  നേതാക്കളെ  മുഖവിലയ്‌ക്കെടുക്കാതെയാണ്‌ സംസ്ഥാന, ജില്ലാ പുനഃസംഘടന നടത്തിയത്‌. പകുതിയിലധികം ജില്ലകളിൽ മരുന്നിനുപോലും മറ്റു ഗ്രൂപ്പിലുള്ളവരെ പരിഗണിച്ചില്ല. കേന്ദ്ര പിന്തുണയുടെ ബലത്തിൽ എതിർവിഭാഗത്തെ ഒതുക്കാനുള്ള ശ്രമത്തിലാണ്‌ സുരേന്ദ്രൻ.

പ്രതിഷേധം ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ ഉയരുന്നുവെന്നതിന്‌ തെളിവാണ്‌ തിരുവനന്തപുരത്ത്‌ കരമന അജിത്തിന്റെ രാജി.  താഴേക്കിടയിലുള്ള പുനഃസംഘടനയോടെ സുരേന്ദ്ര വിരുദ്ധരുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ്‌ മറുപക്ഷം.

എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകണമെന്ന കേന്ദ്ര നേതാക്കളുടെ നിർദേശം പ്രാവർത്തികമാക്കാൻ ഔദ്യോഗിക പക്ഷത്തിന്‌ കഴിഞ്ഞില്ലെന്ന്‌ കേന്ദ്ര നേതൃത്വം മുമ്പാകെ സമർഥിക്കാൻ ഇവർക്കാകും. ഔദ്യോഗിക പക്ഷത്തെയും  പല ജില്ലാ നേതാക്കളും ഇതിനകം എതിർപ്പ്‌ പരസ്യമാക്കിയിട്ടുണ്ട്‌. ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട സംഘടനാ രീതികൾ പാലിച്ചിട്ടില്ലെന്നാണ്‌ പ്രധാന ആക്ഷേപം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top