16 September Tuesday

കോൺഗ്രസ്‌ അല്ല, സിപിഐ എം ആണ്‌ മുഖ്യശത്രു: കെ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022

തിരുവനന്തപുരം > ബിജെപിയുടെ മുഖ്യശത്രു സിപിഐ എമ്മാണെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. കോൺഗ്രസ്‌ ചിത്രത്തിലേയില്ല. ബിജെപിയുടെ ആശയപരമായ ശത്രു സിപിഐ എമ്മാണ്‌. അവിടെ കോൺഗ്രസിനെ ഒരു ശത്രുവായിപോലും കാണുന്നില്ലെന്നും സുരേന്ദ്രൻ "ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്‌' നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ ബിജെപിയില്‍ എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ ബിജെപിക്ക് അധികാരമില്ലാത്തതിനാലാണ് പലരും മടിക്കുന്നത്. സാഹചര്യം മാറും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ വലിയ മാറ്റം സംഭവിക്കും. ആറ് കോണ്‍ഗ്രസ് എംപിമാര്‍ ഇനിയും മത്സരിക്കില്ലെന്ന് തന്നോട് പറഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്‌താവനകള്‍ ബിജെപിക്ക് ആവേശമുണ്ടാക്കിയിട്ടുണ്ട്. കെ സുധാകരന്‍ ബിജെപിയില്‍ പോകുമോ എന്ന ചോദ്യത്തിനും ഇതിടയാക്കി. എന്തിന് കെപിസിസി അധ്യക്ഷന്‍ മാത്രമാക്കുന്നു, നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ട് എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

എൽഡിഎഫിന്‌ ന്യൂനപക്ഷ വിഭാഗങ്ങളുടെ വലിയ പിന്തുണ ആർജ്ജിക്കാൻ കഴിയുന്നു. ഇത്‌ ബിജെപിയുടെ സാധ്യതകൾ ഇല്ലാതാക്കുന്നു. ഇതിനെ മറികടക്കാൻ വർഗീയ ധ്രുവീകരണത്തിലൂടെയേ കഴിയൂ. അതിന്‌ കേരളത്തിൽ സാധ്യതയില്ലെന്നും സുരേന്ദ്രൻ തുറന്നുസമ്മതിച്ചു. അതിനാൽ പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ്‌ ക്രിസ്‌ത്യൻ മത മേധാവികളുമായി ചങ്ങാത്തത്തിന്‌ ശ്രമക്കുന്നത്‌. മുസ്ലീംലീഗിന്റെ പിൻബലത്തിലാണ്‌ കോൺഗ്രസ്‌ പിടിച്ചുനിന്നത്‌. ലീഗിലെ ഒരു വിഭാഗം എൽഡിഎഫിനൊപ്പം ചേരുകയാണ്‌. ഇത്‌ യുഡിഎഫിന്റെ തകർച്ച പുർണമാക്കുമെന്നും സുരേന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top