25 April Thursday

ഗവർണർ ഇടപെട്ടത്‌ സുരേന്ദ്രന്റെ അറസ്‌റ്റ്‌ ഭയന്ന്‌ ; പുറത്തായത്‌ മഞ്ഞുമലയുടെ അറ്റം

മുഹമ്മദ്‌ ഹാഷിംUpdated: Saturday Dec 3, 2022


കാസർകോട്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ ചുമത്തിയത്‌ ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസ്‌.   സുരേന്ദ്രൻ ഒന്നാം പ്രതിയായ ഈ കേസിൽ  നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ജില്ലാ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ്‌ കോടതിയിൽ  ഉടൻ കുറ്റപത്രം നൽകും. ക്രിമിനൽ കേസിൽ കുടുങ്ങിയ നേതാവിനെ രക്ഷിക്കാനാണ്‌  പദവി മറന്ന്‌  ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ സർക്കാരിന്‌ കത്തെഴുതിയത്‌.   

കഴിഞ്ഞ നിയമസഭാ തെരഞ്ഞുടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്‌പി  സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശപ്പത്രിക പിൻവലിപ്പിക്കുകയായിരുന്നു. പട്ടികജാതിവിഭാഗക്കാരനാണ് സുന്ദര. പട്ടികജാതി–-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ്‌ (3) ആണ്  സുരേന്ദ്രനുൾപ്പെടെ ആറു പ്രതിക്കെതിരെ ചുമത്തിയത്. ശക്തമായ തെളിവുകളുള്ളതിനാൽ സുരേന്ദ്രൻ അറസ്‌റ്റിലാകുമെന്ന്‌ ഉറപ്പായതോടെയാണ്‌ ഗവർണറുടെ ഇടപെടൽ.    യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ്‌ പ്രതികൾ.

പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും 8,000 രൂപയുടെ സ്മാർട്ട്ഫോണും കോഴ നൽകിയതിന് ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ് ബദിയടുക്ക പൊലീസ്‌ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വെളിപ്പെട്ട കൂടുതൽ കുറ്റങ്ങൾ ഉൾപ്പെടുത്തി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട്‌ കോടതി (ഒന്ന്) യിൽ ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ട്‌. കെ സുന്ദരയുടെ വെളിപ്പെടുത്തലിനുശേഷം മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസെടുത്തത്‌.

പുറത്തായത്‌ മഞ്ഞുമലയുടെ അറ്റം
ബിജെപി നേതാക്കളെ ബുദ്ധിമുട്ടിക്കരുതെന്നും കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ ഗവർണർ നൽകിയ കത്തിൽ പറയുന്നത്‌ വൻകുറ്റകൃത്യങ്ങൾ. കഴിഞ്ഞ നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കേരളത്തിലേക്ക്‌ കുഴൽപ്പണം കടത്തിയ കേസിനാണ്‌ ഗവർണറുടെ പ്രഥമ പരിഗണന.  53.4 കോടി രൂപയാണ്‌ ബിജെപി നേതാക്കൾ കർണാടകം വഴി എത്തിച്ചത്‌. 41.4 കോടി രൂപ നിയമസഭാ തെരഞ്ഞെടുപ്പിനും 12 കോടി തദ്ദേശ തെരഞ്ഞെടുപ്പിനായും കൊണ്ടുവന്നു.

ഒമ്പത്‌ ജില്ലയിലായി ഈ പണം വിതരണം ചെയ്യുകയും ചെയ്‌തു.  2021 ഏപ്രിൽ രണ്ടിന്‌ കോഴിക്കോട്ടുനിന്ന്‌ കൊണ്ടുവന്ന മൂന്നരക്കോടി കൊടകരയിൽവച്ച്‌ കവർന്നതോടെയാണ്‌ വിവരം പുറത്തുവന്നത്‌. മഞ്ഞുമലയുടെ അറ്റംമാത്രമായിരുന്നു അത്. യുവമോർച്ച മുൻ സംസ്ഥാന ട്രഷററായിരുന്ന സുനിൽനായിക്കാണ്‌ പണം കൈമാറിയത്‌. ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജ്‌ ഏറ്റുവാങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവരുമായി അടുത്ത ബന്ധമുള്ളവരാണ്‌ ഇരുവരും. 22 പ്രതികളാണ്‌ കേസിലുള്ളത്‌. സുരേന്ദ്രന്റെ അറിവോടെ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനാണ്‌ പണം വിതരണം ചെയ്യാനുള്ള ചുമതലയുണ്ടായിരുന്നത്‌ എന്നായിരുന്നു അന്വേഷണത്തിൽ വ്യക്തമായത്‌.

കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്ത്‌ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി പത്രിക പിൻവലിപ്പിച്ചതാണ്‌ മറ്റൊരു കേസ്‌. പട്ടികജാതി–-പട്ടികവർഗ അതിക്രമം തടയൽ വകുപ്പടക്കമാണ്‌ ഒന്നാം പ്രതിയായ കെ സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ ചുമത്തപ്പെട്ടത്‌.
വയനാട്‌ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സി കെ ജാനുവിന്‌ പലപ്പോഴായി 35 ലക്ഷം രൂപ കൈമാറിയതാണ്‌ പിൻവലിക്കണമെന്ന്‌ ഗവർണർ ശുപാർശ ചെയ്‌ത മറ്റൊരു കേസ്‌. പത്ത്‌ ലക്ഷം രൂപ തിരുവനന്തപുരത്തെ ഹോട്ടലിൽവച്ചും 25ലക്ഷം രൂപ ബത്തേരിയിലെ ഹോംസ്റ്റേയിൽവച്ചും കൈമാറിയെന്ന്‌ സാക്ഷിയായ പ്രസീത അഴീക്കോട്‌ മൊഴി നൽകിയിരുന്നു. ഫോൺ സംഭാഷണമടക്കം പുറത്തുവരികയും ചെയ്‌തു. ഇത്‌ സുരേന്ദ്രന്റേത്‌ തന്നെയെന്ന്‌ ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top