26 April Friday
ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ പിന്മാറ്റാൻ ബിജെപി എത്തിച്ച 50 ലക്ഷം രൂപയിൽ രണ്ടരലക്ഷം മാത്രമാണ്‌ അദ്ദേഹത്തിന്‌ നൽകിയത്‌.

മഞ്ചേശ്വരത്ത്‌ സുന്ദരയുടെ പിന്മാറ്റം ; 47.5 ലക്ഷം തട്ടി ജില്ലാ നേതാക്കൾ

സ്വന്തം ലേഖകൻUpdated: Monday Sep 27, 2021


കാസർകോട്‌
നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനുവേണ്ടി മഞ്ചേശ്വരം മണ്ഡലത്തിലെ തന്റെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ ബിജെപി 50 ലക്ഷം രൂപ ചെലവിട്ടുവെന്ന്‌ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദര. തനിക്ക്‌ നൽകിയത്‌ രണ്ടര ലക്ഷം മാത്രമാണ്‌. ബാക്കിയുള്ള 47.5 ലക്ഷം ബിജെപി ജില്ലാ നേതാക്കൾ വീതംവച്ചെടുത്തു. ബിജെപിയിലെ സുഹൃത്തുക്കളാണ്‌ ഇക്കാര്യം അറിയിച്ചതെന്നും സുന്ദര മാധ്യമങ്ങളോട്‌ പറഞ്ഞു.

തന്നെ അറിയില്ലെന്ന കെ സുരേന്ദ്രന്റെ വാദം ശരിയല്ല. സ്വർഗ വാണിനഗറിലെ വീട്ടിലെത്തിയ ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ കെ മണികണ്‌ഠ റൈയുടെ ഫോണിൽ സുരേന്ദ്രൻ  സംസാരിച്ചിട്ടുണ്ട്‌. കർണാടകത്തിൽ മദ്യഷോപ്പും നാട്ടിൽ പുതിയവീടും  ഉറപ്പുനൽകി. 2016ലെ തെരഞ്ഞെടുപ്പിൽ താൻ  മത്സരിച്ചതിനാലാണ്‌ 89 വോട്ടിന്‌ തോറ്റതെന്ന്‌ സുരേന്ദ്രൻ  പറഞ്ഞിരുന്നു. മൂന്ന്‌ കാറുകളിലെത്തിയ നേതാക്കളാണ്‌ പത്രിക  പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌  ജോഡ്‌ക്കലിലെ ബിജെപി ഓഫീസിലേക്ക്‌ കൂട്ടിക്കൊണ്ടുപോയത്‌. മൊബൈൽഫോൺ ഓഫാക്കിയശേഷം  രാത്രി ഇവിടെ പാർപ്പിച്ചു. മദ്യവും ഭക്ഷണവും പ്രവർത്തകർ എത്തിച്ചുനൽകിയെന്നും സുന്ദര പറഞ്ഞു.

സുന്ദരയുടെ പുതിയ വെളിപ്പെടുത്തൽ ബിജെപിക്ക്‌ കേസിൽ  കൂടുതൽ കുരുക്കാകും. മഞ്ചേശ്വരം, കാസർകോട്‌ മണ്ഡലങ്ങളിൽ  പ്രചാരണത്തിനായി കേന്ദ്രത്തിൽനിന്ന്‌ കർണാടകവഴി കോടികൾ എത്തിയതായി ആരോപണമുണ്ട്‌.   തെരഞ്ഞെടുപ്പുസമയത്ത്‌ സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ഹാജരാക്കാൻ ക്രൈംബ്രാഞ്ച്‌ വീണ്ടും നോട്ടീസ്‌ നൽകിയിട്ടും എത്തിച്ചിട്ടില്ല. കേസിൽ കുറ്റപത്രം ഉടൻ കാസർകോട്‌ സിജെഎം കോടിതിയിൽ നൽകും.


ബിജെപി കുഴൽപ്പണം: 2 പ്രതികളെ ഇന്ന്‌   ചോദ്യം ചെയ്യും
കൊടകര ബിജെപി  കുഴൽപ്പണക്കവർച്ചക്കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി  രണ്ടു പ്രതികളെ   വീണ്ടും ചോദ്യം ചെയ്യും.   തൃശൂർ പൊലീസ് ക്ലബ്ബിൽ ചൊവ്വാഴ്‌ച  ഹാജരാകാൻ പ്രത്യേക അന്വേഷക സംഘം  പ്രതികൾക്ക്‌ നിർദേശം നൽകി. കേസിൽ   ഒന്നരക്കോടിയോളം രൂപ കണ്ടെടുക്കാനുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ വീണ്ടും ചോദ്യം ചെയ്യൽ. 

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണ ആവശ്യത്തിനായി ബിജെപി കേരളത്തിലെത്തിച്ച പണത്തിലെ മൂന്നരക്കോടിയാണ് കൊടകരയിൽ  കവർച്ച ചെയ്‌തതെന്നാണ്‌  പൊലീസ് കണ്ടെത്തൽ.  ബിജെപി  സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ അറിവോടെയാണ്‌ പണം ഇറക്കിയതെന്നും  കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌.   ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് പണം തട്ടിയെടുത്തത്. കേസിൽ 22 പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌.   ഒന്നരക്കോടിരൂപയാണ്‌   കണ്ടെടുക്കാനായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top