29 March Friday

പാർലമെന്റിൽ പോകാതെ ഗ്രൂപ്പ്‌ കളിച്ച്‌ കണ്ണൂർ എംപി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021


കണ്ണൂർ
നിർണായക പാർലമെന്റ്‌ സമ്മേളനത്തിൽപ്പോലും പങ്കെടുക്കാതെ ‘ഠ’ വട്ടത്തിൽ ഗ്രൂപ്പ്‌ കളിച്ച്‌ കണ്ണൂർ എംപി കെ സുധാകരൻ. കർഷകവിരുദ്ധ നിയമം പിൻവലിക്കുന്ന ബിൽ ചർച്ചകൂടാതെ പാസാക്കിയതിലും 12 എംപിമാരെ ചട്ടവിരുദ്ധമായി സസ്‌പെൻഡ്‌ ചെയ്‌തതിലും പ്രതിഷേധിച്ച്‌ പാർലമെന്റിനകത്തും പുറത്തും എംപിമാർ പ്രതിഷേധിക്കുകയാണ്‌. എന്നാൽ, സമ്മേളനം ആരംഭിച്ച്‌ മൂന്നുദിവസമായിട്ടും ഡൽഹിക്ക്‌ പോകാതെ കണ്ണൂർ ജില്ലയിലെ സഹകരണ ആശുപത്രി പിടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ്‌ എംപി.

പാർലമെന്റ്‌ കമ്മിറ്റികളിലും മറ്റും പങ്കെടുക്കാനായി സമ്മേളനം തുടങ്ങുംമുമ്പേ മിക്ക അംഗങ്ങളും  ഡൽഹിയിലെത്താറുണ്ട്‌. എന്നാൽ, നിർണായക പാർലമെന്റ്‌ സമ്മേളനം നടക്കുമ്പോഴും വിദേശത്ത്‌ വിനോദയാത്ര പോകാറുള്ള കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽഗാന്ധിയാണ്‌ കെപിസിസി പ്രസിഡന്റുകൂടിയായ കണ്ണൂർ എംപിയുടെ ‘റോൾ മോഡൽ’.  ‘മാവേലി’ വരുമ്പോലെ മണ്ഡലത്തിലെത്തുന്ന വയനാട്‌ എംപിയെപ്പൊലെതന്നെ ജനകീയ പ്രശ്‌നങ്ങൾക്ക്‌ പുറംതിരിഞ്ഞുനിൽക്കുകയാണ്‌ സുധാകരനും. വികസന പ്രവർത്തനങ്ങളിൽ താൽപ്പര്യമില്ലെന്നുമാത്രവുമല്ല, തുരങ്കം വയ്‌ക്കുകയും ചെയ്യുന്നു.

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാൻ ജില്ലയിൽ ക്യാമ്പുചെയ്‌ത്‌ പ്രവർത്തിക്കുകയാണ്‌ സുധാകരൻ. ഒരാഴ്‌ചയിലേറെയായി ഇതിനുള്ള ചരടുവലിയാണ്‌. ഇതിനിടയിൽ ബുധനാഴ്‌ച മലപ്പുറത്ത്‌ ഒരു പരിപാടിക്ക്‌ പോയെങ്കിലും ശ്രദ്ധമുഴുവൻ ആശുപത്രിയിലാണ്‌. സ്വന്തം പാർടിയാണ്‌ ആശുപത്രി ഭരിക്കുന്നതെങ്കിലും തന്റെ ചൊൽപ്പടിക്ക്‌ നിൽക്കാത്തതിനാൽ അട്ടിമറിക്ക്‌ ശ്രമിക്കുന്നു. ഇതിന്‌ ചെയർമാൻ  മമ്പറം ദിവാകരനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന്‌ പോലും പുറത്താക്കി.

സുധാകരൻ കോൺഗ്രസിലെത്തുംമുമ്പുണ്ടായിരുന്ന നേതാവാണ്‌ മമ്പറം. സുധാകരനെയോ മറ്റ്‌ കോൺഗ്രസ്‌ നേതാക്കളെയോപോലെ മറ്റ്‌ പാർടികളിലേക്ക്‌ കൂടുമാറിയുമില്ല. അങ്ങനെയുള്ള നേതാവിനെയാണ്‌ ആശുപത്രി ഭരണം പിടിക്കാൻ കെപിസിസി പ്രസിഡന്റ്‌ പുറത്താക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top