23 April Tuesday

പാപ്പരായി പരിഗണിക്കണമെന്ന
 സുധാകരന്റെ ആവശ്യം തള്ളാൻ ഹർജി

സ്വന്തം ലേഖകൻUpdated: Sunday Mar 26, 2023

തലശേരി
കോർട്ട്‌ ഫീ അടയ്‌ക്കാൻ നിവൃത്തിയില്ലാത്തതിനാൽ പാപ്പരായി പരിഗണിക്കണമെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട്‌ സബ്‌കോടതിയിൽ പ്രോസിക്യൂട്ടർ അപേക്ഷ നൽകി. ഹർജിക്കാരന്‌ ലോക്‌സഭാംഗമെന്ന നിലയിൽ ഒരു ലക്ഷം രൂപയിലധികം മാസവരുമാനമുണ്ടെന്നും തെരഞ്ഞെടുപ്പ്‌ പത്രികയ്‌ക്കൊപ്പം റിട്ടേണിങ്‌ ഓഫീസർക്ക്‌ സമർപ്പിച്ച രേഖയിൽ ഒരു കോടിയിലധികം ആസ്‌തിയുണ്ടെന്നും ഹർജിയിൽ പറഞ്ഞു. കലക്ടറുടെ സത്യവാങ്‌മൂലവും ഇതോടൊപ്പം നൽകി. അരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോർട്ട്‌ ഫീ അടയ്‌ക്കാതിരിക്കാൻ കെ സുധാകരൻ ഉന്നയിച്ച വാദം പൊളിക്കുന്നതാണ്‌ ഹർജി.  

  ഇ പി ജയരാജൻ വധശ്രമക്കേസിൽ 1997 ഒക്ടോബർ 22ന്‌ അർധരാത്രി പൊലീസ്‌ ബലമായി അറസ്‌റ്റ്‌ ചെയ്‌ത്‌ അന്യായമായി കസ്‌റ്റഡിയിൽ വച്ചതായും അരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട്‌ 1998ലാണ്‌ സുധാകരൻ തലശേരി സബ്‌കോടതിയിൽ ഹർജി നൽകിയത്‌.  കോർട്ട്‌ ഫീയായി  3,43,300 രൂപ നിയമാനുസൃതം അടയ്‌ക്കണമായിരുന്നു. ഇത്‌ ഒഴിവാക്കാനാണ്‌ പാപ്പരായി പരിഗണിക്കണമെന്നുകാണിച്ച്‌ അപേക്ഷ നൽകിയത്‌.

ഗതിയില്ലെന്ന്‌  സുധാകരൻ


പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ ആകെ സമ്പാദ്യമായി കെ സുധാകരൻ കാണിച്ചത്‌ 2,58,800 രൂപ മാത്രമാണ്‌. ഹർജി നൽകുമ്പോൾ ഡിസിസി പ്രസിഡന്റും എംഎൽഎയുമായിരുന്നു. എംഎൽഎയെന്ന നിലയിൽ 3800 രൂപയാണ്‌ മാസം ലഭിക്കുന്നതെന്നും മറ്റു വരുമാന മാർഗമില്ലെന്നുമായിരുന്നു വാദം.  

അറസ്‌റ്റ്‌ വധശ്രമ 
 ഗൂഢാലോചനക്കേസിൽ


സിപിഐ എം പാർടി കോൺഗ്രസ്‌ കഴിഞ്ഞ്‌ ചണ്ഡീഗഡിൽനിന്ന്‌ കേരളത്തിലേക്ക്‌ മടങ്ങുകയായിരുന്ന ഇ പി ജയരാജനെ ട്രെയിനിൽ വെടിവച്ചു കൊല്ലാനുള്ള ഗൂഢാലോചനക്കേസിലാണ്‌ കേരള പൊലീസ്‌ സുധാകരനെ അറസ്‌റ്റ്‌ ചെയ്‌തത്‌. തിരുവനന്തപുരം മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവുപ്രകാരം സിറ്റി പൊലീസ്‌ കമീഷണർ രജിസ്‌റ്റർ ചെയ്‌ത കേസിലായിരുന്നു നടപടി. 1995 ഏപ്രിൽ 12നാണ്‌ ഇ പി ജയരാജനെ ആർഎസ്‌എസ്സുകാരായ വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ വെടിവച്ചുകൊല്ലാൻ ശ്രമിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top