06 February Monday
‘കത്ത്‌’വാർത്ത ചമച്ചത്‌ ഡൽഹിയിൽ

സുധാകരന്റെ രാജിവിവാദത്തിൽ ഉലഞ്ഞ്‌ കോൺഗ്രസ്‌ ; ആശയക്കുഴപ്പത്തിൽ ഹൈക്കമാൻഡ്‌

സ്വന്തം ലേഖകൻUpdated: Wednesday Nov 16, 2022


ന്യൂഡൽഹി
കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ രാജിവാർത്താ വിവാദത്തിൽ ഉലഞ്ഞ്‌ കോൺഗ്രസ്‌.  രാജിക്കത്ത്‌ വൻ വിവാദമായതിനെത്തുടർന്ന്‌ കത്തയച്ചിട്ടില്ലെന്ന നിഷേധക്കുറിപ്പുമായി സുധാകരൻ രംഗത്തെത്തിയെങ്കിലും രാജി സന്നദ്ധതയും വി ഡി സതീശനെതിരായ വിമർശവും തള്ളിയില്ല.

സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ചാണ്‌ സുധാകരൻ രാജി സന്നദ്ധത അറിയിച്ചതെന്ന്‌ കോൺഗ്രസ്‌ വൃത്തങ്ങൾ പറഞ്ഞു. ആർഎസ്‌എസ്‌ അനുകൂല നാക്കുപിഴയുടെ പേരിൽ കെ മുരളീധരൻ അടക്കം ഉയർത്തിയ വിമർശത്തോട്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ചേർന്നതാണ്‌ സുധാകരനെ പ്രകോപിപ്പിച്ചത്‌. രാജിവാർത്ത  വിവാദമായ ഉടൻ സുധാകരന്‌ പിന്തുണയുമായി രമേശ്‌ ചെന്നിത്തലയും എ ഗ്രൂപ്പും രംഗത്തെത്തി. ഇത്‌ കോൺഗ്രസിലെ പുതിയ ഗ്രൂപ്പുപോരിന്‌ ആക്കം കൂട്ടി.  എന്നാൽ, രാജിഭീഷണി വിമർശങ്ങളിൽനിന്ന്‌ രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന്‌ കോൺഗ്രസിലെ സതീശൻ അനുകൂലികൾ വിശ്വസിക്കുന്നു.

സുധാകരന്റെ തുടർച്ചയായുള്ള ആർഎസ്‌എസ്‌ അനുകൂല പ്രസ്‌താവനകൾക്കെതിരെ കോൺഗ്രസിൽ ഒരു വിഭാഗവും ലീഗ്‌ ഉൾപ്പെടെ ഘടകകക്ഷികളും രംഗത്തുവന്നിരുന്നു. സുധാകരനെ നീക്കണമെന്ന്‌ ഹൈക്കമാൻഡിന്‌ പരാതികളും പോയി. ഇതോടെയാണ്‌  രാജിഭീഷണിയെന്ന അറ്റകൈ പ്രയോഗം.

സുധാകരന്റെ രാജിഭീഷണി ഹൈക്കമാൻഡിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്‌. ലീഗിന്റെ സമ്മർദം കാരണം സുധാകരൻ തെറിച്ചെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത്‌  ഒരു വിഭാഗം താൽപ്പര്യപ്പെടുന്നില്ല. സംഘപരിവാർ ഇത്‌ മുതലെടുക്കുമെന്ന്‌ അവർ ഭയക്കുന്നു. സുധാകരനെ തൽക്കാലം അനുനയിപ്പിച്ച്‌ കൂടെ നിർത്താനാണ്‌  നീക്കം.  

സുധാകരന്റെ നെഹ്‌റുവിരുദ്ധ പരാമർശത്തിൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ സുധാകരനോട്‌ വിശദീകരണം തേടിയിരുന്നു. നാക്കുപിഴയെന്ന വിശദീകരണത്തോടെ സുധാകരൻ ഖേദപ്രകടനം നടത്തി. ഇത്‌ കണക്കിലെടുത്ത്‌ വിഷയം അവസാനിപ്പിക്കാമെന്ന നിലപാടാണ്‌ വേണുഗോപാൽ അടക്കമുള്ളവർക്ക്‌.

അതേസമയം, സുധാകരന്റെ നെഹ്‌റു വിമർശവും ആർഎസ്‌എസ്‌ പ്രീണനവും ദേശീയതലത്തിൽ കോൺഗ്രസിന്‌ നാണക്കേടായി. രാഹുൽ ഗാന്ധി ആർഎസ്‌എസിനെതിരായി ഭാരത്‌ ജോഡോ യാത്ര നടത്തുമ്പോൾ കെപിസിസി പ്രസിഡന്റ്‌ ആർഎസ്‌എസിനെ സ്‌തുതിച്ചെന്നാണ്‌ ദേശീയ മാധ്യമങ്ങളിലെ തലക്കെട്ട്‌.

‘കത്ത്‌’വാർത്ത ചമച്ചത്‌ ഡൽഹിയിൽ
മുസ്ലിംലീഗും വി  ഡി സതീശനും എതിർപ്പ്‌ തുടർന്നാൽ താനും ഇടയുമെന്നുകാണിക്കാൻ കെ സുധാകരൻ നടത്തിയ ‘രാജിസന്നദ്ധത’ കോൺഗ്രസിൽ അഴിയാക്കുരുക്കായി.  ആർഎസ്‌എസുമായുള്ള സന്ധി കേരളത്തിൽ ചൂടുപിടിച്ച ചർച്ചയായതും സതീശനും മുരളീധരനും പരസ്യമായി എതിർത്തതും സുധാകരനെ ചൊടിപ്പിച്ചിരുന്നു. ഇതെ തുടർന്ന്‌  കെ സി വേണുഗോപാലിനോട്‌ ഫോണിലാണ്‌ രാജിസന്നദ്ധത അറിയിച്ചത്‌ എന്നാണ്‌ കോൺഗ്രസ്‌ വൃത്തങ്ങൾ പറയുന്നത്‌. ഇതറിഞ്ഞ്‌ കെ സുധാകരനോട്‌ എതിർപ്പുള്ള എംപിമാർ ഉൾപ്പെടെ ചില മുതിർന്ന നേതാക്കളുടെ ബുദ്ധിയിൽ ഉദിച്ചതാണ്‌ കത്ത്‌ വാർത്ത.  

പ്രശ്നം വഷളാകുമെന്നും സുധാകരന്‌ കെപിസിസി പ്രസിഡന്റായി ‘ഈസി വാക്കോവർ’ സാധ്യമല്ലെന്നും തിരിച്ചറിഞ്ഞാണ്‌ രമേശ്‌ ചെന്നിത്തല ചാടിവീണ്‌ പ്രതിരോധം തീർക്കാൻ  ശ്രമിച്ചത്‌. വി ഡി സതീശന്റെയും കെ മുരളീധരന്റെയും വാക്കുകൾ പ്രശ്നം കൂടുതൽ രൂക്ഷമാക്കി എന്നാണ്‌ മുതിർന്ന നേതാക്കൾ കരുതുന്നത്‌. ചെന്നിത്തല പ്രകടിപ്പിച്ചതും ഇതേ വികാരമാണ്‌. കൊടിക്കുന്നിൽ സുരേഷ്‌ അടക്കമുള്ള നേതാക്കൾ സുധാകരനെ വെട്ടാൻ അവസരം പാർത്തുനിൽക്കുകയാണ്‌. സുധാകരൻ തുടരുന്നത്‌ പാർടിക്ക്‌ ഗുണകരമാകില്ലെന്ന നിലപാടാണ്‌ സതീശനുമുള്ളത്‌.

ഡൽഹി കേന്ദ്രീകരിച്ച്‌ ചില കേരള നേതാക്കളാണ്‌ സുധാകരന്റെ രാജിസന്നദ്ധയെ  കത്താക്കി വഴിമാറ്റിവിട്ട്‌ വാർത്തയാക്കിയത്‌. ഫലത്തിൽ രാജിസന്നദ്ധതയെ കുറിച്ചല്ല അങ്ങനെയൊരു കത്ത്‌ ഇല്ലെന്ന വാദമാണ്‌ സുധാകരനും മറ്റ്‌ കോൺഗ്രസ്‌ നേതാക്കളും ഉയർത്തുന്നത്‌. കത്ത്‌ നിഷേധിച്ച്‌ സുധാകരന്റെ പ്രസ്താവനയിൽ ഊന്നിയതും കത്ത്‌ വാർത്തയ്ക്കു പിന്നിലെ ഗൂഢലക്ഷ്യമാണ്‌.  പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിക്കുന്നുവെന്നാണ്‌ സുധാകരൻ പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top