29 March Friday

സുധാകരന്റെ ആർഎസ്‌എസ്‌ സന്ധി ; നീറിപ്പുകഞ്ഞ്‌ യുഡിഎഫ്‌ , ലീഗിൽ കട്ടക്കലിപ്പ്‌

പ്രത്യേക ലേഖകൻUpdated: Tuesday Nov 15, 2022


തിരുവനന്തപുരം
കെ സുധാകരന്റെ ബിജെപിയോടുള്ള കറകളഞ്ഞ ആഭിമുഖ്യ പ്രസ്താവനകൾ ‘വാക്ക്‌ പിഴ’ എന്നു പറഞ്ഞ്‌ ഒതുക്കിത്തീർക്കാനാകില്ലെന്ന്‌  യുഡിഎഫ്‌ ഘടക കക്ഷികളായ മുസ്ലിംലീഗും ആർഎസ്‌പിയും. നെഹ്റുവിനെ ഫാസിസവുമായി സന്ധിചെയ്‌ത നേതാവായി ചിത്രീകരിച്ചത്‌ കോൺഗ്രസിലും നീറുന്ന വിഷയമായി. പ്രധാന നേതാക്കൾ സുധാകരനെ തള്ളിപ്പറഞ്ഞു. പ്രതിസന്ധിയുടെ ആഴമറിഞ്ഞ്‌, പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന്‌ കെ സി വേണുഗോപാലും താരിഖ്‌ അൻവറും ധൃതിപ്പെട്ട്‌ പ്രസ്താവന നടത്തിയിട്ടും ഫലമുണ്ടായില്ല. കോൺഗ്രസിലെ അസ്വസ്ഥത വി ഡി സതീശന്റെയും കെ മുരളീധരന്റെയും അഭിപ്രായമായി പുറത്തുവന്നു.

സുധാകരന്റെ പ്രസ്‌താവന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്ന്‌ കെ മുരളീധരൻ  എംപി തുറന്നടിച്ചു. ലീഗിനെ പിണക്കി കെപിസിസി അധ്യക്ഷസ്ഥാനം തുടർന്നും സുധാകരന്‌ നൽകണോയെന്ന ചർച്ചയാണ്‌ ഇവർ സജീവമാക്കുന്നത്‌. ആലപ്പുഴയിലെ ഡിസിസിഅംഗത്തിന്റെ രാജി സാധാരണ പ്രവർത്തകരുടെ പ്രതിഷേധത്തിന്റെ പ്രതീകമാണെന്ന്‌ നേതാക്കൾത്തന്നെ അടക്കം പറയുന്നു. 

ആർഎസ്‌എസ്‌ ശാഖയ്ക്ക്‌  സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന സുധാകരന്റെ പ്രസ്താവന മുസ്ലിംലീഗ്‌ അണികളിൽ കനലായി  നിൽക്കുന്നുണ്ട്‌. ഈ ഘട്ടത്തിലാണ്‌ നെഹ്‌റുവും ആർഎസ്‌എസുമായി സന്ധി ചെയ്തുവെന്ന ന്യായീകരണ പ്രസ്താവന. അതൃപ്തി അറിയിച്ചുവെന്ന്‌ പറഞ്ഞ്‌ പ്രശ്നം ലളിതമാക്കാനുള്ള എം കെ മുനീറിന്റെ ശ്രമത്തിനെതിരെ ലീഗിൽനിന്നുതന്നെ ശബ്ദമുയർന്നു. സുധാകരന്റെ അനവസരത്തിലുള്ള ഇത്തരം പ്രസ്താവനകൾ മുന്നണിയെ ഗുരുതരമായി ബാധിച്ചുവെന്നാണ്‌ ലീഗ്‌ നേതാവ്‌ പി എം എ സലാം പറഞ്ഞത്‌.  കെ സുധാകരന്റെ മനസ്സ്‌ എന്നും തങ്ങൾക്കൊപ്പമായിരുന്നുവെന്ന്‌ കെ സുരേന്ദ്രൻ പറഞ്ഞതും തമാശയായി ലീഗ്‌ കാണുന്നില്ല. ആർഎസ്‌പി നേതാക്കളും കടുത്ത പ്രതിഷേധത്തിലാണ്‌.

സുധാകരനെതിരെ  വിട്ടുവീഴ്‌ച വേണ്ടെന്നാണ്‌ കെ മുരളീധരന്റെ നിലപാട്‌.  ഘടകകക്ഷികളിലെ പ്രതിഷേധം സുധാകരൻതന്നെ ഇടപെട്ട്‌ പരിഹരിക്കണം. 17ന്‌ രാഷ്‌ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.

യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു: മുസ്ലിംലീഗ്‌
കെ സുധാകരന്റെ പ്രസ്‌താവനകൾ അനവസരത്തിലുള്ളതും അനുചിതവുമാണെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം. യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതാണ്‌ പ്രസ്‌താവനകൾ. അബദ്ധമാണെന്നാണ്‌ ആദ്യം കരുതിയത്‌. എന്നാൽ, തെറ്റായ പ്രസ്‌താവനകൾ  ആവർത്തിക്കുന്നു.

അതൊന്നും പൊതുവേദിയിൽ പറയരുതായിരുന്നു. ശശി തരൂരിനെ കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ മുസ്ലിംലീഗിനോട്‌ അഭിപ്രായം ചോദിച്ചാൽ പറയുമെന്നും സലാം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

മുസ്ലിംലീഗ്‌ ഉന്നതാധികാര സമിതി ഇന്ന്‌
കെ സുധാകരൻ തുടരെത്തുടരെ ആർഎസ്‌എസ്‌ അനുകൂല പ്രസ്‌താവന നടത്തിക്കൊണ്ടിരിക്കെ പാർടി നിലപാട്‌ ചർച്ച ചെയ്യാൻ  മുസ്ലിം ലീഗ്‌ ഉന്നതാധികാരസമിതി ബുധനാഴ്‌ച ചേരും. പകൽ 11ന്‌ മലപ്പുറം ലീഗ്‌ ഹൗസിലാണ്‌ യോഗം. സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേരും.
ആർഎസ്എസിന്റെ രക്ഷകനായി അവതരിച്ച കെ സുധാകരനെതിരെ മുസ്ലിംലീഗ്‌ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെയുൾപ്പെടെ പ്രതികരിച്ചിരുന്നു. ആർഎസ്‌എസിനെ വെള്ളപൂശുന്ന  പ്രസ്‌താവനയെ അവഗണിച്ചാൽ കടുത്ത വില നൽകേണ്ടിവരുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്‌. ആർഎസ്‌എസിൽ പോകണമെന്ന്‌ തീരുമാനിച്ചാൽ പോകുമെന്ന്‌  സുധാകരൻ ആവർത്തിച്ചതും ലീഗിനെ കുഴക്കി.

വിഷയം പരിശോധിക്കുമെന്ന്‌ അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.  ‘ആർഎസ്‌എസ്‌ മനസ്സുള്ളവർക്ക്‌ പാർടിയിൽനിന്ന്‌ പോകാം എന്ന്‌ രാഹുൽഗാന്ധി ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ പറഞ്ഞിരുന്നു’ എന്ന്‌ സംസ്ഥാന സെക്രട്ടറി എം കെ മുനീർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ആലോചിച്ചാണ്‌ ഉന്നതാധികാരസമിതി വിളിച്ചത്‌.

സുധാകരന്റേത്‌ അപകടകരമായ 
രാഷ്‌ട്രീയം: സി കെ ശ്രീധരൻ
ആർഎസ്‌എസിനെ പിന്തുണച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ നടത്തുന്നത്‌ അത്യന്തം അപകടകരമായ രാഷ്‌ട്രീയമാണെന്ന്‌ മുൻ വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരൻ.  ആർഎസ്‌എസ്‌ അനുകൂല പ്രസ്‌താവന വാക്കുപിഴയെന്നുപറഞ്ഞ്‌ ഒഴിഞ്ഞുമാറാൻ പറ്റുന്നതല്ല. സുധാകരൻ എങ്ങോട്ടാണ്‌ നോക്കുന്നതെന്ന്‌ വിവേകമുള്ള ജനങ്ങൾക്ക്‌ അറിയാം. ആർഎസ്‌എസിന്‌ കാവലാളായി നിന്നുവെന്ന പരസ്യപ്രസ്‌താവന, അതായിമാത്രം ഒതുങ്ങില്ല. അതിന്‌ പ്രത്യാഘാതമുണ്ടാകും. അതായിരിക്കും അദ്ദേഹം ഉദ്ദേശിക്കുന്നതും.

നെഹ്‌റുവിനെപ്പോലെ ജനാധിപത്യ, മതേതരവാദിയായ ചരിത്രപുരുഷനെ ആർഎസ്‌എസ്‌ ഫാസിസവുമായി സന്ധിചെയ്‌തയാളാണെന്ന്‌ സ്ഥാപിക്കുകയാണ്‌ ചെയ്‌തത്‌. ഇതിന്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വം മറുപടി പറയണം. ഇടതു പാർടികളും മുസ്ലിംലീഗും പരസ്യ പ്രതികരണം നടത്തിയിട്ടും ദേശീയ നേതൃത്വം പ്രതികരിക്കാത്തതിൽ അണികൾ അസംതൃപ്‌തരാണെന്നും സി കെ ശ്രീധരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top