02 July Saturday

സുധാകരന് തെറിതന്നെ ശൈലി

റിസേർച്ച് ഡെ‍സ്‍ക്Updated: Tuesday May 17, 2022

കേരളം കാതോർക്കുന്ന, പ്രതീക്ഷയോടെ കേൾക്കുന്ന, നാട്‌ കാത്തിരിക്കുന്ന നേതാവാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയമായ വിരോധത്തിന്റെ പേരിൽ അദ്ദേഹത്തെ തുടർച്ചയായി അധിക്ഷേപിക്കുന്ന നിലപാടാണ്‌ ദൗർഭാഗ്യവശാൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനിൽനിന്നുണ്ടാകുന്നത്‌. തൃക്കാക്കരയിൽ അത്‌ വീണ്ടും ആവർത്തിച്ചിരിക്കുന്നു. ഗുണ്ടായിസം വാക്കിലും  നോക്കിലും നിറഞ്ഞുനിൽക്കുന്ന ആ വികൃതശബ്ദത്തിനെതിരെ നാടാകെ പ്രതിഷേധമുയരുന്നു..

● ധീരജിന്റേത്‌ 
ഇരന്നുവാങ്ങിയ 
രക്തസാക്ഷിത്വം
സിപിഐ എം ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്‌. അതിലവർക്ക് ദുഃഖമല്ല ആഹ്ലാദമാണ്. കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്ഐ–- ഡിവൈഎഫ്ഐ സംയുക്ത കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. പിടിച്ചു വാങ്ങിയ ഈ കൊലപാതകം സിപിഐ എം ആഘോഷിക്കുകയാണ്. ധീരജ് മരിച്ചു വീണയുടൻ സിപിഐ എം ആ വീടിന് അടുത്തുപോയി എട്ട്‌ സെന്റ് സ്ഥലം വാങ്ങി, അവിടെ രക്തസാക്ഷി സ്മാരകമുണ്ടാക്കാൻ തീരുമാനിച്ചു.  ദുഃഖിക്കേണ്ട സന്ദർഭത്തിൽ ഏതെങ്കിലും പാർടി രക്തസാക്ഷി മണ്ഡപത്തെക്കുറിച്ച് ചിന്തിക്കുമോ.

● തോറ്റാൽ
 ബിജെപിയിൽ പോകും
ഇന്നലെ രാഹുൽജി പറഞ്ഞില്ലേ,  രാഹുൽജി പറഞ്ഞതും ഞാൻ പറഞ്ഞതും ഒരേ കാര്യമാണ്. അഖിലേന്ത്യാതലത്തിൽ ബിജെപി ഇന്ന് വളർന്നെങ്കിൽ ബിജെപിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതിൽ ഏറെയും ജനാധിപത്യ മതേതര ശക്തികളിൽനിന്നുള്ളവർ തന്നെയാണ്. അത്‌ പക്ഷേ ഇതുവരെ കേരളത്തിൽ വന്നിട്ടില്ല. കേരളത്തിൽ കോൺഗ്രസ് ഇല്ലാതായാൽ അവരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപിയാണ്. കോൺഗ്രസ് പ്രവർത്തകന്മാരുടെ മനസ്സിൽ രാഷ്ട്രീയ എതിരാളിയെന്ന്‌ പറയുന്നത് സിപിഐ എമ്മാണ് എന്നും സുധാകരൻ പറഞ്ഞു.

● പിണറായിക്കെതിരെ
 ജാതി അധിക്ഷേപവും
എന്താ പിണറായിയുടെ കുടുംബം ? ചെത്തുകാരന്റെ കുടുംബം, ആ ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് തൊഴിലാളി വർഗത്തിന്റെ വിപ്ലവ ജ്വാലയായി. ചെങ്കൊടി പിടിച്ച് മുന്നിൽനിന്ന് നിങ്ങൾക്ക് നേതൃത്വം വഹിച്ച പിണറായി വിജയൻ എവിടെ ? പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ. ചെത്തുകാരന്റെ വീട്ടിൽനിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്ത ആളായി തൊഴിലാളിവർഗത്തിന്റെ അപ്പോസ്തലൻ പിണറായി മാറിയതായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നു.

പാറപ്രത്തെ പഴയ ക്രിമിനൽ രാഷ്ട്രീയക്കാരനിൽനിന്ന് തരിമ്പും മാറാൻ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ കണ്ണീരും നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല. ഇന്നേവരെ ജയ് വിളിച്ചു കൂടെ നടന്ന കമ്യൂണിസ്റ്റ് കുടുംബങ്ങൾപോലും താങ്കളെക്കുറിച്ച്‌ പറയുന്നതെന്താണെന്നറിയാൻ കഴിഞ്ഞ നാളുകളിലെ ദൃശ്യ മാധ്യമങ്ങൾ കണ്ടാൽമാത്രം മതിയാകും.

● യു കെ കുഞ്ഞിരാമൻ
വർഗീയതയുടെ വോട്ട് വാങ്ങി വിജയിച്ച പിണറായിക്ക് നന്ദി വേണ്ടേ ബിജെപിയോട്. ഇപ്പോഴും സിപിഐ എം സഖ്യകക്ഷിയായി ബിജെപിയുണ്ട്. കള്ളുകുടിച്ച്, തമ്മിലടിച്ച് മരിച്ച യു കെ കുഞ്ഞിരാമനെ രക്തസാക്ഷിയാക്കി ആ വർഗീയതയുടെ വോട്ട് വാങ്ങിയാണ് പിണറായി വിജയൻ നിയമസഭയിൽ പോയത്. ആ സിപിഐ എം ഞങ്ങളെ വർഗീയത പഠിപ്പിക്കേണ്ട.

● ജഡ്ജിമാർക്കും 
അധിക്ഷേപം
തലയും വാലും മൂക്കും ചെവിയും അടയ്‌ക്കപ്പെട്ട നീതി പീഠത്തിന്റെ മനസ്സിനകത്ത് ഒരു ജഡ്ജ്‌മെന്റ് പ്രഖ്യാപിക്കുമ്പോൾ ആ വിധി സമൂഹത്തിൽ എന്ത് പ്രതികരണമുണ്ടാക്കുമെന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്വം ജഡ്ജിമാർക്കുണ്ട്. തന്റെ ജഡ്ജിമെന്റ് സമൂഹത്തിലുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതമെന്താണെന്ന് ജഡ്ജി ആലോചിക്കണം. അതോർക്കേണ്ടേ. അതിനു മുമ്പ് രണ്ട് വിധി വന്നു. ഒന്ന് ദാമ്പത്യേതര ബന്ധം. രണ്ട് സ്വവർഗ കല്ല്യാണം. ഞാൻ ചോദിച്ചു, ഈ ജഡ്ജി ഈ ജഡ്ജ്‌മെന്റും പ്രഖ്യാപിച്ച് വീട്ടിൽ ചെല്ലുമ്പോൾ ഭാര്യ വേറൊരാളുടെ ഒപ്പം ഒരു കിടക്ക പങ്കിടുന്നത് കണ്ടാൽ ഇയാൾക്കെന്താ തോന്ന്വാ. ഇയാളവിടെ ഇയാള് പ്രഖ്യാപിച്ച വിധിയും പറഞ്ഞ് പോകുകയാണോ ചെയ്യുക. നിനക്ക് സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞിട്ട്

● ജോജു പെരുമാറിയത്‌ മദ്യപനെപ്പോലെ
നടൻ ജോജു മദ്യപിച്ചെന്ന് ആദ്യം പറഞ്ഞത് കോൺഗ്രസുകാരല്ല, പൊലീസുകാരാണ്. എൽഡിഎഫിന് ഭരണമുള്ളപ്പോൾ ജോജു മദ്യപിച്ചില്ലെന്ന് വരുത്താൻ അനായാസം കഴിയും. പരിശോധനാഫലം ശരിയായാൽപ്പോലും മദ്യപനെപ്പോലെയാണ് ജോജു പെരുമാറിയത്‌

● കൊലപാതകത്തിൽ ന്യായീകരണം
തന്നെ ആക്രമിക്കാൻ വന്നതിനാലാണ്‌ നാൽപാടി വാസുവിനെ വെടിവച്ചത്‌. ഗൺമാന് സർക്കാർ തോക്ക് നൽകിയത് ആക്രമിക്കുന്നവരിൽനിന്ന്‌ തന്നെ രക്ഷിക്കാനാണ്. അല്ലാതെ കാക്കയെ വെടിവയ്ക്കാനല്ല. ആക്രമിച്ചാൽ ഇനിയും വെടിവയ്ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top