28 March Thursday

ഉദ്‌ഘാടകനാക്കിയില്ല, പ്രചാരണത്തിലും ഒതുക്കി; സുധാകരന്‌ നീരസം

പ്രത്യേക ലേഖകൻUpdated: Monday May 22, 2023

തിരുവനന്തപുരം > ശനിയാഴ്‌ച യുഡിഎഫ്‌ നടത്തിയ സെക്രട്ടറിയറ്റ്‌ വളയൽ സമരത്തിൽ പങ്കാളിത്തം കുറഞ്ഞെന്നും സംഘാടനത്തിൽ പിഴവുണ്ടായെന്നും കോൺഗ്രസിൽ ആക്ഷേപം. സമരത്തിന്‌ കെപിസിസി അധ്യക്ഷൻ വൈകിയെത്തിയതും ചർച്ചയാണ്‌. വളയുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ധർണയ്ക്കുള്ള ആളുകളെ എത്തിയുള്ളു. രാവിലെ എല്ലാഗേറ്റിലും സമരക്കാർ എത്താത്തതുകൊണ്ട്‌ ജീവനക്കാർ ജോലിക്ക്‌ കയറി. ഒരു ഗേറ്റിലൂടെ ആളെ കടത്തിവിടാൻ തീരുമാനിച്ചുവെന്ന്‌ പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണ പരത്തിയത്‌ ആരാണെന്നതിലും സംശയമുയരുന്നുണ്ട്‌.

എറണാകുളം മുതലുള്ള പ്രവർത്തകരടക്കം കാൽലക്ഷം പേർ എത്തുമെന്നായിരുന്നു യുഡിഎഫ്‌ കൺവീനറുടെ പ്രഖ്യാപനം. ഉദ്ഘാടനച്ചടങ്ങിനെ കുറിച്ചും പ്രചാരണത്തെക്കുറിച്ചും തർക്കങ്ങളുണ്ട്‌. യുഡിഎഫ്‌ ചെയർമാൻകൂടിയായ വി ഡി സതീശനും  കൺവീനർ എം എം ഹസ്സനും ചേർന്നാണ്‌ പരിപാടി നിശ്ചയിച്ചത്‌. കർണാടകത്തിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട്‌ നിൽക്കുന്നതിനാൽ വരില്ലെന്ന്‌ അറിയാമായിരുന്നിട്ടും കെ സി വേണുഗോപാലിനെ ഉദ്ഘാടകനാക്കിയത്‌ മനപ്പൂർവമാണെന്ന്‌ ഒരുവിഭാഗം ആരോപിക്കുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ അധ്യക്ഷനാക്കി ഒതുക്കാനായിരുന്നു ഇത്‌.

തിരുവനന്തപുരത്ത്‌ സമരത്തിന്റെ ബോർഡുകളിൽ കെ സുധാകരന്റെ ചിത്രം ഒഴിവാക്കി. പരാതി ഉയർന്നതോടെ ചിലയിടത്ത്‌ ബോർഡ്‌വച്ചു. സമര കൺവൻഷനിലും സുധാകരനെ വിളിച്ചില്ല. സതീശൻ പക്ഷത്ത്‌ ഉറച്ചുനിൽക്കുന്ന തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട്‌ രവിയാണ്‌ ഇതിന്‌ പിന്നിലെന്നും പറയുന്നു. ഇതിൽ നീരസംപ്രകടിപ്പിച്ച സുധാകരൻ സമരപ്പന്തലിൽ എത്തിയത്‌ പത്തരയ്ക്കു ശേഷമാണ്‌. ഡിസിസി പുനഃസംഘടന ഉപസമിതിയുമായി ഞായറാഴ്ച ചർച്ച വച്ചിരുന്നെങ്കിലും അതിന്‌ നിൽക്കാതെ സുധാകരൻ കണ്ണൂരിലേക്ക്‌ മടങ്ങി. പട്ടിക തയ്യാറാക്കാൻ ഉപസമിതിയംഗങ്ങൾ തിങ്കളാഴ്‌ച യോഗം ചേർന്നേക്കും.

ജീവനക്കാരെ ഇനിയും തടയുമെന്ന്‌ വെല്ലുവിളി

യുഡിഎഫിന്റെ സെക്രട്ടറിയറ്റ്‌ വളയൽ സമരത്തിനിടെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും തടഞ്ഞതിനെ ന്യായീകരിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ജീവനക്കാർ മസിൽപവറുപയോഗിച്ച്‌ ജോലിക്കുപോകാൻ ശ്രമിച്ചതാണ്‌ പ്രശ്‌നത്തിന് ഇടയാക്കിയതെന്ന്‌ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരെയും സെക്രട്ടറിയറ്റിലേക്ക്‌ കടത്തിവിടില്ലെന്ന്‌ പറഞ്ഞിരുന്നു. അവിടേക്ക്‌ ജീവനക്കാർ വരാൻ പാടില്ലായിരുന്നു. പ്രവർത്തകർ ഒച്ചയെടുത്തതല്ലാതെ അസഭ്യം പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർക്കു പകരം മറ്റൊരാളുടെ പേര്‌ സർവകലാശാലയ്‌ക്ക്‌ നൽകിയ പ്രിൻസിപ്പൽ കോൺഗ്രസുകാരനാണെന്നതിൽ ലജ്ജിക്കുന്നു. കേസ്‌ ഇദ്ദേഹത്തിൽ ഒതുക്കാൻ അനുവദിക്കില്ല. കോടതിയെ സമീപിക്കും. പ്രിൻസിപ്പലിനെതിരെ പ്രതിഷേധം ഇല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ അത്‌ സംഘടനാ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു മറുപടി. കോൺഗ്രസ്‌ പുനഃസംഘടന ഉടൻ പൂർത്തിയാക്കും. 30 കഴിഞ്ഞ്‌ ബ്ലോക്ക്‌ ഭാരവാഹികളെയും തുടർന്ന്‌ മണ്ഡലം, ഡിസിസി ഭാരവാഹികളെയും നിശ്ചയിക്കും. തൃപ്പൂണിത്തുറ ആമചാടി ദ്വീപിൽ ആമചാടി തേവൻ സ്മാരകം അനാഛാദനം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top