23 April Tuesday

കണ്ണൂരിൽ സുധാകരൻ നടപ്പാക്കിയ ബോംബ്‌ രാഷ്ട്രീയം സംസ്ഥാനതലത്തിലേക്കും

സ്വന്തം ലേഖകൻUpdated: Saturday Jul 2, 2022

തിരുവനന്തപുരം> കണ്ണൂരിൽ നടപ്പാക്കിയ ബോംബ്‌ രാഷ്ട്രീയം കെപിസിസി പ്രസിഡന്റായതോടെ കെ സുധാകരൻ സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കുന്നു. ഡിസിസി ഓഫീസിൽ ബോംബ്‌ നിർമിച്ച്‌ പ്രദർശനം നടത്തിയ ചരിത്രമുള്ള സുധാകരൻ ബോംബെറിയാൻ തങ്ങൾക്കും അറിയാമെന്ന കൊലവിളി നടത്തിയതിനു പിന്നാലെയാണ്‌ എ കെ ജി സെന്ററിനുനേരെ ആക്രമണമുണ്ടായത്‌. സുധാകരൻ ഡിസിസി പ്രസിഡന്റായിരിക്കെയാണ്‌ കണ്ണൂർ ഓഫീസിൽ ബോംബ്‌ നിർമിച്ചത്‌. മൂന്നുതരം ബോംബാണുണ്ടാക്കുന്നതെന്ന്‌ മാധ്യമങ്ങളോടും പറഞ്ഞു.

ഇ പി ജയരാജനെ വധിക്കാൻ തോക്ക്‌ നൽകി അക്രമികളെ കൊടുത്തുവിട്ടെന്ന്‌ സന്തത സഹചാരിയായിരുന്ന പ്രശാന്ത്‌ ബാബു പത്ത്‌ വർഷംമുമ്പ്‌ വെളിപ്പെടുത്തിയതാണ്‌. കണ്ണൂർ സേവറി ഹോട്ടലിൽ ബോംബെറിഞ്ഞ്‌ സിപിഐ എം പ്രവർത്തകൻ നാണുവിനെ കൊന്നതും സിപിഐ എം പ്രവർത്തകർക്കുനേരെ ബോംബാക്രമണം നടത്തിയതും സുധാകരന്റെ ഗുണ്ടകളാണെന്നായിരുന്നു പ്രശാന്ത്‌ ബാബു വെളിപ്പെടുത്തിയത്‌. ഡിസിസി ഓഫീസിലും സുധാകരന്റെ വീട്ടിലും ഗൂഢാലോചന നടത്തിയശേഷമാണ്‌ ഇ പി ജയരാജനെ വധിക്കാൻ അക്രമികളുടെ കൈയിൽ തോക്കേൽപ്പിച്ചത്‌. സന്തതസഹചാരിയോടുപോലും പറയാത്ത രഹസ്യകേന്ദ്രത്തിൽനിന്നായിരുന്നു ആയുധങ്ങളെത്തിച്ചത്‌.

തിരുവനന്തപുരം, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽനിന്നുള്ള ക്വട്ടേഷൻ ടീമുകളെ എത്തിച്ചായിരുന്നു സുധാകരൻ പലപ്പോഴും ബോംബ്‌ രാഷ്ട്രീയം കൈകാര്യം ചെയ്‌തത്‌. തൊണ്ണൂറുകളുടെ ആദ്യം സുധാകരൻ ആരംഭിച്ച അക്രമരാഷ്ട്രീയം ഇനിയും കൈവിട്ടിട്ടില്ലെന്ന്‌ തെളിയിക്കുന്നതാണ്‌ പുതിയ സംഭവ വികാസങ്ങൾ. സ്വർണക്കടത്ത്‌ കേസിലെ പ്രതിയുടെ ആരോപണങ്ങൾ മുഖവിലയ്‌ക്കെടുത്ത്‌ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള പദ്ധതിയിട്ടത്‌ കോൺഗ്രസ്‌ നേതാക്കളുടെ അറിവോടെയാണെന്ന്‌ ആക്ഷേപമുണ്ട്‌. നേതാക്കളോട്‌ പറഞ്ഞശേഷമാണ്‌ വിമാനത്തിൽ കയറിയതെന്ന്‌ പ്രതികൾ പ്രാദേശിക ചാനലിന്‌ നൽകിയ അഭിമുഖത്തിലും പറയുന്നുണ്ട്‌.

ഇതിനു പിന്നാലെയാണ്‌ ബോംബെറിയാൻ തങ്ങൾക്ക്‌ അറിയാമെന്നും തിരിച്ചടിക്കുമെന്നുമുള്ള സുധാകരന്റെ തുടർച്ചയായ പ്രസ്താവനകൾ. എ കെ ജി സെന്ററിനുനേരെ ഉണ്ടായ അക്രമത്തെ അപലപിക്കാൻപോലും സുധാകരൻ തയ്യാറാകാതിരുന്നതും സുധാകരനെതിരായ സംശയങ്ങളെ വർധിപ്പിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top