29 March Friday

ചക്കിന‌് വച്ചത‌് കൊണ്ട‌ത‌് കൊക്കിന‌് ; മസാല ബോണ്ടിൽ കൈ പൊള്ളി ശബരീനാഥൻ

റഷീദ‌് ആനപ്പുറംUpdated: Wednesday May 29, 2019

തിരുവനന്തപുരം > വലിച്ചുകീറി ചുമരിൽ ഒട്ടിക്കുക എന്ന‌് കേട്ടിട്ടുണ്ട‌്. എസ‌്എൻസി  ലാവ‌്‌ലിൻ സഭയിൽ എടുത്തിട്ട ശബരീനാഥനെ ഒന്നൊന്നൊര ഒട്ടിക്കലായി മന്ത്രി തോമസ‌് ഐസക്കിന്റേത‌്. എസ‌്എൻസി ലാവ‌്‌ലിൻ കേസിനു പിന്നിലെ ഗൂഢാലോചനകൾ ഒന്നൊന്നായി തുറന്നുകാട്ടിയ ഐസക‌് അതിൽ മുൻ വൈദ്യുതിമന്ത്രി ജി കാർത്തികേയന്റെ പങ്കുകൂടി വിശദീകരിച്ചതോടെ ഒന്നും വേണ്ടായിരുന്നു എന്ന മനോഭാവത്തോടെ തലതാഴ‌്ത്തി ശബരീനാഥൻ. പത്തൊമ്പതിന്റെ  ആവേശംവച്ച‌്  എന്തും പറയല്ലേയെന്ന ഉപദേശവും നൽകി ഐസക‌് പ്രതിപക്ഷത്തിന‌്.

മസാലബോണ്ടിൽ ഒരു കൈനോക്കാമെന്ന‌് കരുതിയാണ‌് പ്രതിപക്ഷം എത്തിയത‌്. മസാല ബോണ്ടയെക്കുറിച്ച‌് മാത്രമേ ലീഗിനറിയൂ മസാല ബോണ്ട‌് അറിയില്ലെന്ന  എ എൻ ഷംസീറിന്റെ പരാമർശം ചിരിപടർത്തി.  പക്ഷേ കുറ്റം പറയരുത‌്, ഇടതുപക്ഷത്തെ മാർക‌്സിസം പഠിപ്പിക്കാനുള്ള ഉറച്ച തീരുമാനത്തോടെയാണ‌് ശബരീനാഥനും എം കെ മുനീറും എത്തിയത‌്. അവർ  പഠിപ്പിച്ചുകൊണ്ടിരിക്കെയാണ‌് എം സ്വരാജിന്റെ ചില സംശയങ്ങൾ. കാറൽ മാർക‌്സ‌് മൂലധനം എഴുതിയ വർഷം ശബരീനാഥൻ ‘മാഷിന‌്’ തെറ്റിയതും സ്വരാജ‌് തിരുത്തി.

ലോകത്തിനു മുമ്പിൽ കേരളത്തിന്റെ യശസ്സ‌് ഉയർത്തിയ കിഫ‌്ബി മസാലബോണ്ടിനെ ഇകഴ‌്ത്താനുള്ള നീക്കത്തോടെയാണ‌് പ്രതിപക്ഷം എത്തിയത‌്. അടിയന്തര പ്രമേയത്തിന‌് അനുമതിതേടി കെ എസ‌് ശബരീനാഥൻ നോട്ടീസ‌് നൽകി. എന്നാൽ, ചക്കിന‌് വച്ചത‌് കൊക്കിന‌് കൊണ്ടപോലെയായി പ്രതിപക്ഷത്തിന്റെ അവസ്ഥ. പ്രമേയം സഭ നിർത്തിവച്ച‌് ചർച്ച ചെയ്യാമെന്ന‌് സർക്കാർ അറിയിച്ചു. തുടർന്ന‌് ശൂന്യവേളയ‌്ക്ക‌ുശേഷം വിഷയം ചർച്ച ചെയ്യുകയായിരുന്നു. കുറേ ദുർബലമായ വാദങ്ങൾ അവതരിപ്പിച്ച‌് പ്രതിപക്ഷം തടിതപ്പി. 

മരണത്തിൽനിന്ന‌് കേരളത്തെ പുതിയ ജന്മത്തിലേക്ക‌് നയിക്കാനുള്ള വഴിയാണ‌് മുഖ്യമന്ത്രി നടത്തുന്നതെന്ന‌് ചർച്ചയിൽ പങ്കെടുത്ത മുല്ലക്കര രത‌്നാകരൻ പറഞ്ഞു. പിണറായി വിജയനോടുള്ള അസൂയയും കുശുമ്പുമാണ‌് പ്രതിപക്ഷത്തിനെന്ന‌് എം സ്വരാജ‌് പറഞ്ഞു. പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല,  പി സി ജോർജ‌്, മോൻസ‌് ജോസഫ‌്, അനൂപ‌് ജേക്കബ‌് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 

സോഷ്യൽ മീഡിയയിലൂടെ തെറി പറയുന്നവർക്കെതിരെ നടപടി എടുക്കണമെന്ന‌് ചോദ്യോത്തരവേളയിൽ പറഞ്ഞ പി സി ജോർജിന‌് മുഖ്യമന്ത്രി പിണറായി വിജയന്റെ വക മറുപടി ചിരിപടർത്തി. പരാതി പറഞ്ഞ അംഗത്തെ പോലുള്ളവർ ഒറ്റയ‌്ക്കിരുന്ന‌് ചീത്ത പറഞ്ഞാൽ നടപടിയെടുക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നർമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top