26 April Friday

'എടുത്തല്ലോ അല്ലേ..'; വിവാദമുയർന്നപ്പോൾ കമ്യൂണിറ്റി കിച്ചനിലെത്തി ശബരീനാഥിന്റെ ഫോട്ടോഷൂട്ട്

വെബ് ഡെസ്‌ക്‌Updated: Monday Apr 20, 2020

അരുവിക്കര > സ്വന്തം മണ്ഡലത്തിലെ കോവിഡ് ആശ്വാസപ്രവർത്തനങ്ങളിൽ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ മുഖംരക്ഷിക്കാൻ അരുവിക്കര എംഎൽഎയുടെ ഫോട്ടോഷൂട്ട്. മണ്ഡലത്തിലെ കമ്യൂണിറ്റി കിച്ചനുകളിൽ ഓടി നടന്ന് ഫോട്ടോ എടുപ്പിക്കുന്ന കെ എസ് ശബരീനാഥ് എംഎൽഎയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം മാത്രമാണ് ശബരീനാഥ് ഇവിടങ്ങളിൽ ചിലവഴിക്കുന്നത്. ഫോട്ടോ എടുത്തുവെന്ന് ഉറപ്പാക്കിയശേഷം മറ്റ് സ്ഥലത്തേക്ക് പോകും.



മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എംഎൽഎക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.  യുഡിഎഫ് അംഗങ്ങളായ ജനപ്രതിനിധികളടക്കം എംഎൽഎയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്യുന്നുണ്ട്.
 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎമാർ അതത് നിയോജക മണ്ഡലങ്ങളിൽ പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ കാര്യമായ ഇടപെടൽ നടത്തണമെന്നും സർക്കാർ നിർദേശമുണ്ട്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎൽഎമാരെല്ലാം സ്വന്തം മണ്ഡലങ്ങളിൽ ശ്രദ്ധിക്കുന്നുമുണ്ട്. കഴിഞ്ഞയാഴ്ച എല്ലാ എംഎൽഎമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. എന്നാൽ, അരുവിക്കരയിൽ ഒരു പ്രവർത്തനത്തിനും  എംഎൽഎയെ കിട്ടാനില്ലെന്നാണ് ജനങ്ങളുടെ പരാതി.
 
മണ്ഡലത്തിലെ കൂടുതൽ പഞ്ചായത്ത് പ്രസിഡന്റുമാർ എംഎൽഎക്കെതിരെ പരസ്യമായി  രംഗത്തെത്തി. തന്റെ ഗ്രാമത്തിലേക്കോ സമൂഹ അടുക്കളയിലേക്കോ തിരിഞ്ഞുനോക്കാത്ത എംഎൽഎ ഫോണിൽപോലും ബന്ധപ്പെട്ടിട്ടില്ലെന്ന് ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ റഹീം പറഞ്ഞു. അതിഥിത്തൊഴിലാളികളുടെയും പിഎച്ച്സികളുടെയും കണക്കെടുപ്പും വിവരശേഖരണവും നടത്തുമ്പോൾ എംഎൽഎയുടെ സഹായവും മേൽനോട്ടവും ഉണ്ടാകണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, സ്വന്തം മണ്ഡലത്തിൽ എത്രപേർ നിരീക്ഷണത്തിൽ ഉണ്ടെന്നുപോലും അദ്ദേഹത്തിനറിയില്ലെന്ന് റഹീം പറഞ്ഞു.
 
ഒരുകിലോ അരിയോ പച്ചക്കറിയോ വാങ്ങിനൽകാൻപോലും എംഎൽഎ തയ്യാറായില്ലെന്ന് അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ മിനിയും തുറന്നുപറഞ്ഞു. വിതുരയിലെ സമൂഹ അടുക്കളയ്ക്കോ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾക്കോ എംഎൽഎ ഒരു സഹായവും നൽകിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് എൽ കൃഷ്ണകുമാരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top