26 April Friday
നിക്ഷേപത്തിന്‌ റെയിൽവേ തയ്യാറല്ലെന്നത്‌ തെറ്റിദ്ധാരണ

റെയിൽവേഭൂമിക്ക്‌ വില നൽകേണ്ട ; ഭൂമിക്ക്‌ കണക്കാക്കിയത്‌ 975 കോടി രൂപ

ദിനേശ്‌ വർമUpdated: Sunday Jan 23, 2022


തിരുവനന്തപുരം
കെ റെയിലിന്റെ സിൽവർലൈനിന്‌ നൽകുന്ന ഭൂമിക്ക്‌ ഇന്ത്യൻ റെയിൽവേ വില ഈടാക്കില്ല. 975 കോടി രൂപയാണ്‌ ഭൂമിക്ക്‌ കണക്കാക്കിയിരുന്നത്‌. തിരൂർ മുതൽ കാസർകോട്‌ വരെ 60 കിലോമീറ്റർ പാത പാത കടന്നുപോകുന്നത്‌ റെയിൽവേ ഭൂമിയിലൂടെയാണ്‌. അതേസമയം, ധനനിക്ഷേപത്തിൽ പ്രധാനമന്ത്രി തലത്തിൽ തീരുമാനമെടുക്കും. അന്തിമ തീരുമാനമായാൽ ഔദ്യോഗികമായി അറിയിക്കും.

നിക്ഷേപത്തിന്‌ റെയിൽവേ തയ്യാറല്ലെന്ന വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന്‌ കെ റെയിൽ അധികൃതർ വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ട്‌ റെയിൽവേ വ്യക്തമാക്കിയിരുന്നു.

സിൽവർലൈനിന്‌ പണം  നിക്ഷേപിച്ചാൽ മറ്റു സംയുക്ത പദ്ധതികളിലും നിക്ഷേപം നടത്തണമെന്ന ആവശ്യമുയരും. അത്‌ സാധ്യമാണോ എന്ന്‌ പരിശോധിക്കേണ്ടി വരും.  വിട്ടുകൊടുക്കുന്ന 185 ഹെക്ടർ നേരത്തെ അളന്ന്‌ തിട്ടപ്പെടുത്തിയിരുന്നു. ഇപ്പോൾ റെയിൽവേയുടെ നിർദേശ പ്രകാരം സംയുക്ത പരിശോധന നടത്തുകയാണ്‌.

സിൽവർലൈനിന്‌ ധനനിക്ഷേപവും സ്ഥലത്തിന്റെ വിലയുമായി ആകെ ചെലവിന്റെ അഞ്ചു ശതമാനം റെയിൽവേ വഹിക്കണമെന്നാണ്‌ നിർദേശിക്കുന്നത്‌. റെയിൽവേ പിന്മാറിയാൽ ആ തുകകൂടി കേരളം വഹിക്കാമെന്നും അറിയിച്ചിരുന്നു.

യോഗം മാറ്റി
കെ റെയിൽ തിങ്കളാഴ്‌ച കോഴിക്കോട്ട്‌ നടത്താനിരുന്ന ‘ ജനസമക്ഷം സിൽവർലൈൻ ’ യോഗം കോവിഡ്‌ സാഹചര്യത്തിൽ  മാറ്റി.  27ന്‌ കാസർകോട്ട്‌ യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതും മാറ്റിവച്ചേക്കും. തിങ്കളാഴ്‌ചയേ തീരുമാനമുണ്ടാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top